ചോദ്യം ചെയ്യലിനിടെ പോലീസ് ആസിഡ് കുത്തിവെച്ചു: യുവാവ് മരിച്ചു

Posted on: May 18, 2013 11:22 pm | Last updated: May 18, 2013 at 11:22 pm
SHARE

jailലക്‌നോ: ചോദ്യം ചെയ്യലിനിടെ പോലീസ് ആസിഡ് കുത്തിവെച്ചതിനെ തുടര്‍ന്ന് അവശ നിലയിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഇത്താഹ് ജില്ലയിലെ അവഗഢ് പോലീസ് സ്‌റ്റേഷനിലാണ് മൂന്നാം മുറയെ പോലും വെല്ലുന്ന ക്രൂരത അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് എസ് ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തു.
വ്യാഴാഴ്ചയാണ് കൊലപാതകക്കേസില്‍ സംശയിച്ച് ബല്‍വീര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ചുട്ടുപൊള്ളുന്ന പ്ലെയിറ്റില്‍ ഇരുത്തിയ ശേഷം ആസിഡും മണ്ണെണ്ണയും സിറിഞ്ചിലാക്കി ഇയാളുടെ ദേഹത്ത് കുത്തിവെക്കുകയായിരുന്നു. അവശനിലയിലായ ബല്‍വീറിനെ പിന്നീട് ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് ബല്‍വീര്‍ മരിക്കുകയായിരുന്നു.
പോലീസ് പീഡനമാണ് ബല്‍വീറിന്റെ മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അലിഗഢ് ഡി ജി പി തയ്യാറായത്. പോലീസുകാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.