ചൈനീസ് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയില്‍

Posted on: May 18, 2013 11:41 pm | Last updated: May 19, 2013 at 7:31 am
SHARE

ന്യൂഡല്‍ഹി: ചൈനീസ് പ്രധാനമന്ത്രി ലീ കേഖ്യാംഗിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഈയടുത്ത് ലഡാക്കില്‍ ചൈനീസ് സൈന്യം കടന്നുകയറിയ പ്രശ്‌നമടക്കം അതിര്‍ത്തി പ്രശ്‌നവും വ്യാപാര ബന്ധവും ചര്‍ച്ചയാകും. വ്യാപാര ബന്ധം മെച്ചപ്പെടുത്തുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം. കേഖ്യാംഗിന്റെ കൂടെ ചൈനീസ് വ്യവസായികളുടെ വന്‍പട തന്നെയുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ലീയുടെ ആദ്യ വിദേശ പര്യടനം ഇന്ത്യയിലേക്കായതിനാല്‍ വന്‍ പ്രാധാന്യമാണ് വിദേശ മാധ്യമങ്ങളടക്കം ഇതിന് നല്‍കുന്നത്.
അതേസമയം, അതിര്‍ത്തി തര്‍ക്കങ്ങളില്‍ ആയിരിക്കില്ല ചൈന ഊന്നുക. ഇന്ത്യ ഇക്കാര്യമായിരിക്കും പ്രധാനമായും ഉന്നയിക്കുക. ‘റഷ്യയടക്കം 14ല്‍ 13 അയല്‍ രാഷ്ട്രങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുമായി മാത്രമേ അത്തരമൊരു പ്രശ്‌നമുള്ളൂ. ബ്രിട്ടീഷ് സാമ്രാജ്യം വരുത്തിവെച്ച ആ പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുരാഷ്ട്രങ്ങളും മുന്നോട്ടുവരേണ്ടതുണ്ടെന്ന് ചൈനീസ് കറണ്ട് അഫയേഴ്‌സ് കമന്റേറ്ററും ചൈനാ നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് ഡയറക്ടറുമായ വിക്ടര്‍ ഗാവോ ഴികായ് പറഞ്ഞു. സൗത്ത് ചൈനാ സമുദ്രത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും വിയറ്റ്‌നാമുമായുള്ള അതിര്‍ത്തി തര്‍ക്കം പോലും ചൈന പരിഹരിച്ചതായി ചൈനീസ് മിതവാദി നേതാവായി അറിയപ്പെടുന്ന ദേംഗ് ക്‌സ്യാഓപിംഗിന്റെ തര്‍ജമക്കാരന്‍ കൂടിയായ ഗാവോ ചൂണ്ടിക്കാട്ടി.
അതിര്‍ത്തി തര്‍ക്കങ്ങളുടെ പഴി ഇന്ത്യയുടെ മേല്‍ ചാരുന്ന നിലപാടാണ് ചൈനയുടെതെന്നാണ് ഗാവോയുടെ പ്രസ്താവന തെളിയിക്കുന്നത്. എന്നാല്‍, ലഡാക്കില്‍ കഴിഞ്ഞ മാസം നടത്തിയ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ സംബന്ധിച്ച് ചൈന മൗനം പാലിക്കുകയുമാണ്.
വ്യവസായികളുടെ വന്‍ പടയുമായി എത്തുന്ന ലീ കേഖ്യാംഗ് ഡല്‍ഹിക്ക് പുറമെ മുംബൈയിലും സന്ദര്‍ശനം നടത്തും. രണ്ട് രാഷ്ട്രങ്ങളിലെയും ആദ്യ സി ഇ ഒ ഫോറത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. രണ്ട് രാഷ്ട്രങ്ങളിലെയും വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുന്ന തരത്തിലും ഇന്ത്യന്‍ ചരക്കുകള്‍ക്ക് ചൈനീസ് കമ്പോളത്തില്‍ മെച്ചപ്പെട്ട സ്വീകാര്യത ലഭിക്കാനുമുള്ള പദ്ധതികള്‍ ചൈനീസ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി എന്നിവരുമായി ലീ ചര്‍ച്ച നടത്തും. ഇന്ത്യ- ചൈന ബന്ധത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തുകയും നിരവധി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്യും.