Connect with us

Gulf

ശമ്പള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

ഷാര്‍ജ: താമസ സ്ഥലങ്ങളുടെ കരാര്‍ പുതുക്കുന്നതിന് ശമ്പള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ഷാര്‍ജ മുന്‍സിപ്പാലിറ്റിയാണ് കരാര്‍ പുതുക്കുന്നതിന് താമസ സ്ഥല ഉടമകളുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.
കഴിഞ്ഞ ദിവസം കരാര്‍ പുതുക്കാന്‍ മുനിസിപ്പാലിറ്റിയിലെത്തിയ ഒരു താമസ ഉടമയോട് ശമ്പള സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ ആവശ്യപ്പെട്ടു. ഹാജറാക്കിയതിന്നു ശേഷമാണ് കരാര്‍ പുതുക്കി നല്‍കിയതെന്ന് ഉടമ പറഞ്ഞു. കരാര്‍ പുതുക്കുന്നതിന് ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. ഓരോ മുറിയിലെയും താമസക്കാരുടെ എണ്ണവും അവരുടെ പാസ്‌പോര്‍ട്ട് കോപ്പിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരു മുറിയില്‍ മൂന്നില്‍ അധികം പേര്‍ താമസിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
കുടുംബമായി താമസിക്കുന്നിടത്ത് ബാച്ചിലറുമാരുടെ താമസം വിലക്കിയിരുന്നു. എന്നാല്‍ ഈ നടപടികളില്‍ അയവ് വന്നിരുന്നത് താമസക്കാരില്‍ ആശ്വാസം പകര്‍ന്നിരുന്നു. അതിനിടെ താമസ സ്ഥലങ്ങളുടെ വാടക അനുദിനം ഉയരുകയാണ്. ജനവാസ കേന്ദ്രങ്ങളിലെല്ലാം വാടക വര്‍ധന ഉണ്ടെന്ന് പറയുന്നു. കരാര്‍ പുതുക്കുമ്പോഴാണ് വാടക വര്‍ധിപ്പച്ച വിവരം താമസക്കാര്‍ അറിയുന്നത്.
കൂടിയ വാടക നല്‍കാന്‍ തയ്യാറാവാത്തവരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നതായും ആക്ഷേപമുണ്ട്. ആയിരം ദിര്‍ഹം മുതല്‍ മേല്‍പ്പോട്ടാണ് വാടക കൂട്ടുന്നത്. കെട്ടിട ഉടമകള്‍ നേരിട്ടും റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ മുഖേന വാടകക്ക് എടുക്കുന്നവക്കും വാടക ഒരു പോലെയാണ് വര്‍ധിപ്പിക്കുന്നത്. റോളയിലെ മിക്ക കെട്ടിടങ്ങള്‍ക്കും അടുത്തിടെ വാടക വര്‍ധിപ്പിച്ചിരുന്നു.
പ്രധാന ഷോപ്പിംഗ് കേന്ദ്രത്തിലെ ഓരോ മുറികള്‍ക്കും കൗണ്ടറുകള്‍ക്കും വന്‍തോതിലാണ് വാടക വര്‍ധിപ്പിച്ചത്. വാടക വര്‍ധനവ് തുഛവരുമാനക്കാരായ പ്രവാസികള്‍ക്ക് ഏറെ വിഷമം സൃഷ്ടിക്കുന്നു. അതേ സമയം എമിറേറ്റിലെ നിര്‍മാണ മേഖലയില്‍ വന്‍ കുതിപ്പാണ്. ഒട്ടേറെ ബഹുനില കെട്ടിട സമുച്ചയങ്ങളാണ് ഷാര്‍ജയുടെ പലഭാഗത്തും ഉയര്‍ന്നു വരുന്നത്. പ്രധാന ജനവാസ കേന്ദ്രങ്ങളിലെല്ലാം പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. റോള നഗരത്തില്‍ വ്യാപാര കേന്ദ്രങ്ങളടക്കമുള്ള കെട്ടിട സമുച്ചയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. നിര്‍മാണ മേഖല സജീവമായതോടെ റിയല്‍ എസ്റ്റേറ്റ് രംഗവും സജീവമായിട്ടുണ്ട്.
അതേസമയം വാടക വര്‍ധനവ് ഉണ്ടായിട്ടും ആവശ്യത്തിന് താമസ സ്ഥലങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥ നേരിടുന്നു റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി പറഞ്ഞു. ആവശ്യക്കാര്‍ക്ക് വാടക പ്രശ്‌നമല്ലെന്നും അനുയോജ്യമായവയാണ് അവരാഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് എമിറേറ്റ്‌സ് വന്‍ പുരോഗതിയിലേക്കാണ് നീങ്ങുന്നത്.