Connect with us

Gulf

വാതുവെപ്പും ഒത്തുകളിയും ഗള്‍ഫ് ഇന്ത്യക്കാരുടെ വീക്ഷണത്തില്‍

Published

|

Last Updated

1991 ഒക്ടോബര്‍ 25ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് “യുദ്ധ”മായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെലിവിഷനുകള്‍ക്ക് മുന്നിലും റേഡിയോകള്‍ക്ക് മുന്നിലും ഇന്ത്യക്കാരും പാക്കിസ്ഥാനികളും തടിച്ചുകൂടി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ഫൈനല്‍ മത്സരം മൂന്നാം ലോക മഹായുദ്ധമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ഇരുരാജ്യങ്ങളിലെയും തീവ്രദേശീയവാദികള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ടെലിവിഷന്‍ സെറ്റുകള്‍ ഇരു രാജ്യങ്ങളിലും ഇന്നത്തെപ്പോലെ വ്യാപകമായിരുന്നില്ല. അതുകൊണ്ട്, പലരും കാശ് കൊടുത്താണ് ടെലിവിഷനിലും കളി കണ്ടിരുന്നത്.
പാക്കിസ്ഥാന്റെ കരുത്ത് ബൗളിംഗിലായിരുന്നു. നാല് ലോകോത്തര ഫാസ്റ്റ് ബൗളര്‍മാര്‍ അവരുടെ നിരയില്‍ മിസൈലുകള്‍ പോലെ പന്തെറിയാന്‍ ഉണ്ടായിരുന്നു. വസീം അക്രം, വഖാര്‍ യൂനുസ്, ആക്വിബ് ജാവിദ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍.
ഇന്ത്യക്കാണെങ്കില്‍ മികച്ച ബാറ്റിംഗ് നിരയാണ്. രവി ശാസ്ത്രി, സിധു, മഞ്ച്‌രേക്കര്‍, അസ്ഹറുദ്ദീന്‍, ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ അപാര ഫോമിലായിരുന്നു. പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യ 60 റണ്‍സിന് വിജയിച്ചതുമാണ്.
ഫൈനലില്‍ ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 262 റണ്‍സെടുത്തു. ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ പിച്ചായിരുന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് 262 റണ്‍സ് എളുപ്പമായിരുന്നില്ല. പോരാത്തതിന് പാക്കിസ്ഥാന് അതിവേഗ ബൗളര്‍മാരുടെ കരുത്തുമുണ്ട്. എന്നാലും ഇന്ത്യ ഭേദപ്പെട്ട നിലയില്‍ തുടങ്ങി. എന്നാല്‍, ഓപ്പണര്‍മാരായ ശാസ്ത്രിയും സിധുവും പിന്നാലെ അസ്ഹറുദ്ദീനും ആഖിബ് ജാവിദിന്റെ പന്തില്‍ പുറത്തായി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്ന് ചെറുപ്പമാണ്. പ്രഥമ മത്സരത്തില്‍ അര സെഞ്ച്വറി നേടിയിട്ടുണ്ട്. സച്ചിന്‍, അസ്ഹറുദ്ദീനെപ്പോലെ, സ്‌കോര്‍ ചെയ്യുന്നതിനു മുമ്പ് എല്‍ ഡി ഡബ്ല്യുവില്‍ കുടുങ്ങി പുറത്തായി. അത് അവിശ്വസനീയമായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഒന്നിനു പിന്നാലെ പവലിയനിലേക്ക് മടങ്ങുന്നത് ഇന്ത്യക്കാര്‍ക്ക് ഹൃദയഭേദകമായിരുന്നു. ശ്രീലങ്കക്കാരായിരുന്നു അമ്പയര്‍മാര്‍.
അസ്ഹറുദ്ദീന്റെയും സച്ചിന്റെയും എല്‍ ബി പുറത്താകല്‍ ന്യായീകരിക്കന്‍ കഴിയുന്നതായിരുന്നില്ല. ആഖിബ് ജാവിദ് അന്ന് ഹാട്രിക് അടക്കം ഏഴ് വിക്കറ്റ് നേടി. അന്നാണ് ഇന്ത്യക്കാരുടെ മനസില്‍ വാതുവെപ്പിന്റെയും ഒത്തുകളിയുടെയും സംശയം ഉയിര്‍കൊണ്ടത്. അന്നത്തെ നിരാശക്ക് ഇന്ത്യന്‍ കളിക്കാരെ കുറ്റപ്പെടുത്താന്‍ ആരും ഒരുക്കമായിരുന്നില്ല. കുറഞ്ഞപക്ഷം, സച്ചിന്‍ എങ്കിലും അതിന് കൂട്ടുനില്‍ക്കില്ല. അന്ന് ക്യാപ്റ്റനായിരുന്ന അസ്ഹറുദ്ദീന്‍, മികച്ച നിരയെ അണിനിരത്താന്‍ ഉത്സാഹിച്ചിരുന്നു. പക്ഷേ, അന്നത്തെ മത്സരഫലം മുന്‍കൂട്ടി തീരുമാനിച്ച ഒന്നായിരുന്നുവെന്ന് പലരും ഇന്നും വിശ്വസിക്കുന്നു. ഷാര്‍ജയില്‍ ഏതെങ്കിലും കാലത്ത് ഒത്തുകളി നടന്നിട്ടുണ്ടോയെന്ന് രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം നടത്തിയിട്ടുണ്ട്. സര്‍ പോള്‍ കോണ്‍സോന്‍സിനെയാണ് ഇതിനു വേണ്ടി നിയോഗിച്ചിരുന്നത്. ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്.
വാതുവെപ്പുകാരായിരുന്നു ക്രിക്കറ്റിനെ മലിനമാക്കുന്നതിന് ചരടുവലിച്ചത്. 2001ല്‍ ബി ബി സി ലേഖകന്‍ ജോനാഥന്‍ ആഗ്നു ഇത് സ്ഥിരീകരിച്ചു. അതേസമയം അത്തരം നീക്കുപോക്കുകള്‍ മൈതാനത്ത് പ്രകടമായിട്ടില്ലെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റനും ഷാര്‍ജ സ്റ്റേഡിയത്തിലെ ടൂര്‍ണമെന്റുകളുടെ നടത്തിപ്പുകാരനുമായ ആസിഫ് ഇഖ്ബാല്‍ പറഞ്ഞു. ഒരിക്കല്‍ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ ആസിഫ് ഇഖ്ബാലിനെ കണ്ടപ്പോള്‍ ഈ ലേഖകന്‍ ഇതേകുറിച്ച് സംസാരിച്ചു. വാതുവെപ്പില്‍ കളിക്കാരെ പഴിക്കുന്നതില്‍ അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞൊഴിഞ്ഞു.
1996ല്‍ ഏഷ്യാ കപ്പ് ഷാര്‍ജ സ്റ്റേഡിയത്തിലാണ് നടന്നത്. അസ്ഹറുദ്ദീനായിരുന്നു ക്യാപ്റ്റന്‍. പഴയ മുറിവുണക്കണമെന്ന നിശ്ചയദാര്‍ഢ്യം ഓരോ കളിക്കാരിലും ഉണ്ടായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ അസ്ഹറുദ്ദീന്‍ തുറന്നു സംസാരിച്ചു. ഒത്തുകളി ഉണ്ടാകുമോയെന്ന് ചില ലേഖകര്‍ ചോദിച്ചിരുന്നു. സ്വതേ അന്തര്‍മുഖിയായ അസ്ഹറുദ്ദീന്‍ ക്ഷോഭിക്കുന്നത് കണ്ടു. പാക്കിസ്ഥാനെതിരെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു വേണ്ടി സച്ചിന്‍ സെഞ്ച്വറി നേടി. ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു.
അസ്ഹറുദ്ദീനെതിരെ ഒത്തുകളി കേസ് ഉടലെടുത്തപ്പോള്‍ ഷാര്‍ജയിലെ മത്സരങ്ങള്‍ ഓര്‍മയിലെത്തി. കളിക്കളത്തിലും പുറത്തും ഏറ്റവും മാന്യനായിരുന്നു അദ്ദേഹം. നിശാപാര്‍ട്ടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. മദ്യപിക്കാറില്ലായിരുന്നു. അതേസമയം, ഇന്ത്യന്‍ ടീമിലെ ഒരു കളിക്കാരന്‍ ദുബൈയിലെ നിശാപാര്‍ട്ടികളില്‍ സജീവമായിരുന്നുവെന്ന് മാധ്യമ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. ഇന്ന്, ശ്രീശാന്ത് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ഇതൊക്കെ സ്മരിക്കാതെ വയ്യ.
കഴിഞ്ഞ വര്‍ഷം ശ്രീശാന്ത് ദുബൈയിലെത്തിയപ്പോള്‍, ഏറെ നേരം സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. കെ പി എല്‍ ചെയര്‍മാന്‍ പോള്‍, ശ്രീശാന്ത് താമസിയാതെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞപ്പോള്‍ ശ്രീശാന്ത്, ആത്മവിശ്വാസത്തോടെ ചിരിച്ചുകൊണ്ട് പ്രതിവചിച്ചു: നിങ്ങളുടെയൊക്കെ പ്രാര്‍ഥനയുണ്ടെങ്കില്‍, തീര്‍ച്ചയായും.
ശ്രീശാന്തില്‍ ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടായിരുന്നു. വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ മാനസികമായ കെല്‍പുണ്ടായിരുന്നു. “പരുക്ക് ഭേദമായാല്‍, കേരളത്തിനു കളിക്കും. പിന്നാലെ കെ പി എല്‍ വരുന്നുണ്ട്. അതിലൊക്കെ ശോഭിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ പ്രയാസമുണ്ടാകില്ല”-ശ്രീശാന്ത് പറഞ്ഞു. “പണമോ പ്രശസ്തിയോ അല്ല, വലിയ കാര്യമെന്നും ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നതുമാത്രമാണ് അഭിമാനകര”മെന്നും ശ്രീശാന്ത് പറഞ്ഞു.
40 ലക്ഷം രൂപക്കു വേണ്ടി ശ്രീശാന്ത് കരിയര്‍ തുലച്ചു, എന്ന് കേള്‍ക്കുമ്പോള്‍, ഗള്‍ഫിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരും വിശ്വസിക്കുന്നില്ല. കാരണം, പണത്തിനുവേണ്ടി കടുംപിടുത്തം കാണിക്കുന്ന ഒരാളായിരുന്നില്ല, അവര്‍ക്ക് ശ്രീശാന്ത്. മറ്റെന്തോ അടിയൊഴുക്കുകള്‍ നടന്നിട്ടുണ്ടെന്ന് ഏവരും കരുതുന്നു.
അതേസമയം, വാതുവെപ്പുകാരുടെ ഏജന്റുമാര്‍ ഗള്‍ഫ് നഗരങ്ങളിലും സജീവം. ഹോട്ടലുകളും നിശാക്ലബ്ബുകളും കേന്ദ്രീകരിച്ച് അവര്‍ ക്രിക്കറ്റ് മൈതാനങ്ങളെ നിയന്ത്രിക്കുന്നു. കളിക്കാരെ കരുവാക്കുന്നു. ഓരോ ടീമിനും വേണ്ടി ആര്‍ത്തലക്കുന്ന കാണികള്‍ ഇതൊന്നും അറിയുന്നില്ല.

---- facebook comment plugin here -----

Latest