വാഹനാപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഷാര്‍ജയില്‍ സാഇദ് സംഘവും

Posted on: May 18, 2013 8:38 pm | Last updated: May 18, 2013 at 8:38 pm
SHARE

ഷാര്‍ജ: നഗരത്തിലുണ്ടാകുന്ന ചെറിയ വാഹനാപകടങ്ങള്‍ ഇനി കൈകാര്യം ചെയ്യുക സാഇദ് വളണ്ടിയര്‍മാര്‍. ഷാര്‍ജ പോലീസും സാഇദ് ട്രാഫിക് സിസ്റ്റം കമ്പനിയും ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടതായി ഷാര്‍ജ പോലീസ് ചീഫ് കേണല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹദീദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രത്യേക യൂനിഫോം ധരിച്ച സാഇദ് വളണ്ടിയര്‍മാര്‍ ബൈക്കില്‍ പോലീസ് പട്രോള്‍ സംഘത്തിന്റെ സഹയാത്രികരായി രണ്ടാഴ്ചക്കാലം ഉണ്ടാകും. പദ്ധതിയുടെ ആദ്യഘട്ടമാണിത്. പൊതുജനങ്ങള്‍ക്ക് ഈ വളണ്ടിയര്‍ സംഘത്തെ പരിചയപ്പെടുത്താനാണിത്.
ശേഷം സംഘം സ്വന്തമായി നഗരത്തില്‍ പട്രോള്‍ നടത്തുകയും അപകടം സംഭവിക്കുന്നിടത്ത് കുതിച്ചെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ചെറിയ പരുക്കുകള്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ മാത്രമേ ഇവര്‍ ഇടപെടുകയുള്ളൂ.
അപകടം ഗുരുതരമാണെങ്കില്‍ പോലീസ് തന്നെ എത്തണം. അപകടങ്ങള്‍ക്ക് കാരണമാകുന്നവരില്‍ നിന്നും 300 ദിര്‍ഹം പിഴ ഈടാക്കാന്‍ സംഘത്തിന് അധികാരമുണ്ടാകും. ആദ്യഘട്ട സേവനരംഗത്തുണ്ടാവുക 20 അംഗ സംഘമായിരിക്കും. അപകട വിവരം ലഭിച്ച് പരമാവധി 15 മിനിറ്റിനകം ഈ സംഘം സ്ഥലത്തെത്തുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here