ജെറ്റ് കൊച്ചി സര്‍വീസ് ആരംഭിച്ചു

Posted on: May 18, 2013 8:31 pm | Last updated: May 18, 2013 at 8:31 pm
SHARE

അബുദാബി: ജെറ്റ് എയര്‍വേയ്‌സ് അബുദാബി-കൊച്ചി സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേക്കും ഈ വിമാനം സര്‍വീസ് നടത്തും. വൈകുന്നേരം 5.55ന് കൊച്ചിയില്‍ നിന്നു പുറപ്പെടുന്ന വിമാനം അബുദാബിയില്‍ പ്രാദേശിക സമയം 8.30ന് എത്തും. 9.20ന് പുറപ്പെട്ട് പ്രാദേശിക സമയം 10.05ന് കുവൈത്തിലെത്തും. തിരിച്ച് 11.05ന് പുറപ്പെട്ട് പുലര്‍ച്ചെ 1.50ന് അബുദാബിയിലെത്തി 2.40ന് പുറപ്പെട്ട് രാവിലെ 8.10ന് കൊച്ചിയിലെത്തും. ഇതോടെ മുംബൈ, ഡല്‍ഹി, കൊച്ചി, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്കുള്ള ജെറ്റ് സര്‍വീസിന്റെ കേന്ദ്രമാകും അബുദാബിയെന്ന് ജെറ്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബ്രാം സ്‌റ്റെല്ലര്‍, ഗള്‍ഫ് മിഡില്‍ഈസ്റ്റ് ജനറല്‍ മാനേജര്‍ ഷാക്കിര്‍ കാന്താവാല, അബുദാബി ജനറല്‍മാനേജര്‍ ജലീല്‍ ഖാലിദ് എന്നിവര്‍ പറഞ്ഞു. ബഹ്‌റൈന്‍, ദുബൈ, ദോഹ, കുവൈത്ത്, മസ്‌കറ്റ് എന്നിവിടങ്ങളിലേയ്ക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു ജെറ്റ് സര്‍വീസുകളുണ്ട്.
ഉദ്ഘാടന ഓഫര്‍ വണ്‍വേ 670 ദിര്‍ഹവും റിട്ടേണ്‍ 1280 ദിര്‍ഹവും(നികുതികള്‍ പുറമേ)യാണ്. കൊച്ചിയിലേക്ക് പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യം എന്നതിലുപരി ഇന്ത്യയുടെ ടൂറിസം കവാടമായി കൊച്ചിയെ മാറ്റുക എന്നതു കൂടിയാണ് ജെറ്റ് ലക്ഷ്യമിടുന്നതെന്ന് ബ്രാം സ്‌റ്റെല്ലര്‍ പറഞ്ഞു.