മനുഷ്യക്കടത്തിനെതിരെ കര്‍ശന നടപടി: ദാഹി ഖല്‍ഫാന്‍

Posted on: May 18, 2013 8:20 pm | Last updated: May 18, 2013 at 8:21 pm
SHARE

ദുബൈ: മനുഷ്യക്കടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബൈ പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു. ഈ വര്‍ഷം ആദ്യപാദത്തില്‍ ഒമ്പത് മനുഷ്യക്കടത്ത് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 37 കേസുകള്‍ ഉണ്ടായിരുന്നു. മനുഷ്യക്കടത്തിനിരയായവരോട് അനുഭാവ പൂര്‍ണമായ സമീപനം കൈക്കൊള്ളും. അതേസമയം മനുഷ്യക്കടത്ത് സംഘങ്ങളോട് വിട്ടുവീഴ്ചയില്ല-ദാഹി ഖല്‍ഫാന്‍ പറഞ്ഞു.

മനുഷ്യക്കടത്തിന് ഇരയായവരെ സഹായിക്കാന്‍ ദുബൈ പോലീസും മക്തൂം ചാരിറ്റി ഫൗണ്ടേഷനും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം നല്‍കാനും മറ്റുമാണിത്. ഇവര്‍ക്ക് ഒന്നരലക്ഷം ദിര്‍ഹം സാമ്പത്തിക സഹായം നല്‍കും. നിയമപരമായ സഹായം ഉള്‍പ്പെടെ ഇരകള്‍ക്കു ലഭ്യമാക്കും.
അവശരും ആലംബഹീനരുമായ ആളുകളെ സഹായിക്കാന്‍ സമൂഹം മുന്നോട്ടുവരണം. ഈയിടെ ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട ഒരു സ്വദേശി സ്ത്രീയെ പോലീസ് സഹായിച്ചു. ഇവര്‍ക്ക് കുട്ടികളുണ്ട്. ഇവരും കുട്ടികളും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുകയായിരുന്നു. ഇവര്‍ക്ക് അഭയം നല്‍കാന്‍ ഒരു സര്‍ക്കാര്‍ സ്ഥാപനവും മുന്നോട്ടുവന്നു-ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
മനുഷ്യക്കടത്തിന്റെ ഇരകളെ സഹായിക്കാന്‍ ഒരുക്കമാണെന്ന് മക്തൂം ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗം മിര്‍സാ ഹുസൈന്‍ അല്‍സായെഗ് പറഞ്ഞു.
ഇരകള്‍ക്ക് അഭയം നല്‍കാന്‍ സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here