Connect with us

Kerala

നീതി ലഭ്യമാക്കണം; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മഅദനിയുടെ കത്ത്

Published

|

Last Updated

ബംഗളൂരു: ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനി നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയും രാഷ്ട്രപതിക്കും കത്തയച്ചു. പതിറ്റാണ്ടുകളായി അകാരണമായി പീഡിപ്പിക്കപ്പെടുന്ന തനിക്ക് നീതി ലഭ്യമാക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആത്മാര്‍ഥമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

രാഷ്ട്രീയ പക പോക്കാന്‍ ബംഗളൂരു പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്ന് 39 പേജ് വരുന്ന കത്തില്‍ മഅദനി പറയുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനം മുതല്‍ ബംഗളൂരു സ്‌ഫോടനം വരെയുള്ള കാര്യങ്ങള്‍ വിശദമായി മഅദനി കത്തില്‍ നിരത്തുന്നുണ്ട്. ശാരീരികമായി വളരെ അവശതയിലാണ്. ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. തന്നെ തീവ്രവാദിയും ഭീകരവാദിയുമാക്കി മുദ്രകുത്താനാണ് ശ്രമം. മുമ്പ് താന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി അത്തരം പ്രസംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതാണ്. ആ ഉറപ്പ് ഇപ്പോഴും നല്‍കുന്നു. ഇനി തനിക്ക് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നും മഅദനി കത്തില്‍ വ്യക്തമാക്കി.

2008 ജൂലൈ 25ലെ ബംഗലൂരു സ്‌ഫോടനപരമ്പര കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മഅ്ദനി വിചാരണ തടവുകാരനായി കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്. 2011 ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളപ്പെട്ടു. ജയില്‍വാസത്തിനിടെ രോഗബാധിതനായ മഅദനിയുടെ ആരോഗ്യനില നാള്‍ക്കുനാള്‍ മോശമായി വരികയാണ്. ഹൃദ്രോഗവും നട്ടെല്ലിന്റെ തേയ്മാനവും കാഴ്ചക്കുറവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആവശ്യമായ ചികിത്സ നല്‍കണമെന്ന് മഅ്ദനി നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചികിത്സാകാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.