ശ്രീശാന്തിനെതിരെ ശക്തമായ തെളിവെന്ന് പോലീസ്

Posted on: May 18, 2013 6:13 pm | Last updated: May 18, 2013 at 6:48 pm
SHARE

IPL-betting-in-Jaipurന്യൂഡല്‍ഹി/മുംബൈ: ഐ പി എല്‍ വാതുവെപ്പ് കേസില്‍ പിടിയാലായ ക്രിക്കറ്റ് താരങ്ങളുടെ താമസസ്ഥലങ്ങളില്‍ വ്യാപക റെയ്ഡ്. മുംബൈ, അഹമ്മദാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്.

ശ്രീശാന്ത് താമസിച്ചിരുന്ന മുംബൈയിലെ ബാന്ദ്രയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പ്, ഐ പാഡ്, മൊബൈല്‍ ഫോണ്‍, ഡയറി എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഡയറിയിലെ കുറിപ്പുകള്‍ ഇംഗ്ലീഷിലും മലയാളത്തിലുമാണ്. വാതുവെപ്പുകാരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പോലീസ് കരുതുന്നത്. ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

മുംബൈയിലെ ഹോട്ടലില്‍ ശ്രീശാന്ത് ഒറ്റക്കാണ് മുറിയെടുത്തത്. ഇത് ക്രിക്കറ്റ് ടീമിന്റെ ഹോട്ടലായിരുന്നില്ല. ജിജു ജനാര്‍ദനനും ഇതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഈ മാസം 13നാണ് ജിജുവും ശ്രീയും ഹോട്ടലിലെത്തിയത്. ഇരുവരും ഒരു മുറിയിലാണ് താമസിച്ചതെന്നും പോലീസ് പറയുന്നു. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് മുംബൈ പോലീസ് ജോയിന്റ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

40 ലക്ഷം രൂപയാണ് ശ്രീശാന്തിന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ പത്ത് ലക്ഷം രൂപ മാത്രമാണ് ശ്രീശാന്തിന് ലഭിച്ചത്. വാതുവെപ്പുകാരുമായി ശ്രീ നേരിട്ട് സംസാരിച്ചിരുന്നില്ല. ജിജു വഴിയായിരുന്നു എല്ലാ ഇടപാടുകളുമെന്നും പോലീസ് വിശദീകരിച്ചു.

അജിത് ചാന്ദിലയുടെ ഫരീദാബാദിലെ വസതിയിലും പോലീസ് റെയ്ഡ് നടത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അഹമ്മദാബാദ്, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയയിടങ്ങളിലേക്കും പോലീസ് സംഘം പരിശോധനകള്‍ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here