ശ്രീശാന്ത് പിടിയിലായത് പോലീസിന്റെ ഓപ്പറേഷന്‍ യൂടേണില്‍

Posted on: May 18, 2013 10:43 am | Last updated: May 19, 2013 at 7:41 pm
SHARE

Sreesanth-crying

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ മലയാളി താരം എസ്.ശ്രീശാന്ത് അടക്കമുള്ള രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയും ഇടനിലക്കാരെയും കുടുക്കിയത് ഡല്‍ഹി പോലീസിന്റെ ‘യൂടേണ്‍’ ഓപ്പറേഷന്‍. അടുത്ത കാലത്തായി മോശം പ്രതിച്ഛായ മൂലം കഷ്ടപ്പെടുകയായിരുന്നു ഡല്‍ഹി പോലീസ്. ഇതേതുടര്‍ന്ന് പ്രതിച്ഛായ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി തീവ്രവാദ സ്വഭാവമുള്ള ഫോണ്‍കോളുകള്‍ പരിശോധിച്ചു വരികയായിരുന്നു. യാദൃശ്ചികമായാണ് ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ടുള്ള ഫോണ്‍കോളുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നാണ് യുടേണ്‍ ഓപ്പറേഷന്‍ ആരംഭിച്ചത്.

കഴിഞ്ഞ ഒന്നരമാസമായി ഡല്‍ഹി പോലീസ് വാതുവെപ്പിന് പിന്നാലെയായിരുന്നു. തുടര്‍ന്ന് അന്വേഷണം തുടങ്ങിയതിന് പിന്നാലെ രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് പോലീസിന് കൂടുതല്‍ വിവരങ്ങളും ലഭിച്ചു. തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതോടെയാണ് വാതുവെപ്പ് വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

ഡല്‍ഹിയിലെ സുരക്ഷയും മാനഭംഗക്കേസുകളും കാരണം അടുത്തിയ ഡല്‍ഹി പോലീസ് നിരവധി പഴികേട്ടിരുന്നു. ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിന്റെ സ്ഥാനം നഷ്ടമാകുമെന്ന് വരെ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പ്രതിച്ഛായ വീണ്ടെടുക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് വാതുവെപ്പ് വിവാദം വീണ് കിട്ടിയത്. വിരമിക്കല്‍ ഒരുമാസം മാത്രം അകലെയുള്ള നീരജ് കുമാര്‍ സ്ഥാനം ഒഴിയുന്നതിന് മുന്‍പ് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ വാതുവെപ്പിന്റെ അന്വേഷണത്തിലൂടെ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.