Connect with us

Kerala

രമേശിന് മന്ത്രി സ്ഥാനം; പിള്ളക്ക് കാബിനറ്റ് റാങ്ക്: എന്‍ എസ് എസുമായി രഹസ്യ ധാരണ

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് എന്‍ എസ് എസും രമേശ് ചെന്നിത്തലയും തമ്മില്‍ രഹസ്യ ധാരണ. എന്‍ എസ് എസിന്റെ അക്കൗണ്ടില്‍ മന്ത്രിയായാലുണ്ടാകുന്ന പ്രതിച്ഛായനഷ്ടം ഒഴിവാക്കാന്‍ ചെന്നിത്തലയും സമ്മര്‍ദ ശക്തിയായി തുടരുകയെന്ന എന്‍ എസ് എസ് ലക്ഷ്യവും ഒരേസമയം പ്രാവര്‍ത്തികമാക്കാനുള്ള ധാരണകളാണ് രൂപപ്പെട്ടിരിക്കുന്നത്. രമേശ് മന്ത്രിയാകുന്നതും മന്ത്രിസഭാ പുനഃസംഘടനയും തങ്ങള്‍ക്ക് വേണ്ടിയല്ലെന്ന ജി സുകുമാരന്‍ നായരുടെ പ്രസ്താവന രമേശിന്റെ പ്രതിച്ഛായ സംരക്ഷണം ലക്ഷ്യമിട്ടാണ്. മാത്രമല്ല, രമേശ് മന്ത്രിയാകുന്നതോടെ പ്രശ്‌നങ്ങള്‍ തീരുമെന്ന് വന്നാല്‍ ഉന്നത പദവികള്‍ക്ക് വേണ്ടി സമ്മര്‍ദം തുടരാന്‍ കഴിയില്ലെന്ന ബോധ്യവും എന്‍ എസ് എസിനുണ്ട്.
അതേസമയം, സര്‍ക്കാറിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തി ഉന്നത പദവികള്‍ ഒന്നൊന്നായി എന്‍ എസ് എസും എസ് എന്‍ ഡി പിയും സ്വന്തമാക്കുകയാണ്. മുന്നാക്ക വിഭാഗ കോര്‍പറേഷന്‍ ചെയര്‍മാനായി ആര്‍ ബാലകൃഷ്ണ പിള്ളയെ കാബിനറ്റ് റാങ്ക് നല്‍കി നിയമിക്കാനുള്ള നിര്‍ദേശം ഒടുവിലത്തെ ഉദാഹരണം. മന്ത്രിസഭാ പുനഃസംഘടനയോടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നാല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെടാന്‍ കഴിയില്ലെന്ന ആശങ്ക എന്‍ എസ് എസിനുണ്ട്.
ചെന്നിത്തലയെ മന്ത്രിസഭയുടെ താക്കോല്‍ സ്ഥാനത്ത് നിയോഗിക്കണമെന്നാണ് എന്‍ എസ് എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. രമേശ് മന്ത്രിയാകണമെന്ന ആവശ്യം വെള്ളാപ്പള്ളി നടേശനും ഉന്നയിച്ചു. സര്‍ക്കാറിനെതിരെ നിശിത വിമര്‍ശം ഉന്നയിച്ചു കൊണ്ടായിരുന്നു ഇരുവരുടെയും രംഗപ്രവേശം. എന്നാല്‍, എന്‍ എസ് എസിന്റെ ഈ ആവശ്യം കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഇതോടെ മന്ത്രിയാകാനില്ലെന്ന് ചെന്നിത്തല പരസ്യ നിലപാടെടുത്തു.
ഭൂരിപക്ഷ സമുദായങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാന്‍ എന്‍ എസ് എസ് നിരന്തരം പ്രസ്താവനകളിറക്കി. മുഖ്യമന്ത്രിയെ ഭൂരിപക്ഷവിരുദ്ധനും ന്യൂനപക്ഷ പ്രതിനിധിയുമാക്കി. രമേശിന്റെ മന്ത്രിസഭാ പ്രവേശത്തിന് കളമൊരുക്കുന്നതിനൊപ്പം കൂടുതല്‍ ഉന്നത പദവികള്‍ സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ച് യു ഡി എഫ് ഈ സമ്മര്‍ദ ശക്തിക്ക് മുന്നില്‍ കീഴടങ്ങുകയാണ്. മന്ത്രിസഭയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരു പ്രതിനിധി കൂടിയെന്ന പേരില്‍ നിര്‍ണായക പദവികളെല്ലാം ഭൂരിപക്ഷ വിഭാഗത്തിന് നല്‍കുകയാണ്.
പല കോര്‍പറേഷനുകളും സംസ്ഥാനത്തുണ്ടെന്നിരിക്കെ പുതുതായി രൂപവത്കരിക്കുന്ന മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവിക്ക് മാത്രം കാബിനറ്റ് റാങ്ക് നല്‍കുന്നത് എന്‍ എസ് എസിന്റെ സമ്മര്‍ദം മൂലമാണ്. മുന്നാക്ക വിഭാഗ കോര്‍പറേഷന്‍ രൂപവത്കരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ പരിഗണിച്ചിരുന്നില്ല. ഒടുവില്‍ എന്‍ എസ് എസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് കോര്‍പറേഷന്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

Latest