Connect with us

International

സിറിയക്ക് റഷ്യ ആധുനിക ആയുധങ്ങള്‍ നല്‍കുന്നു

Published

|

Last Updated

ദമസ്‌കസ്/മോസ്‌കോ: വിമത പ്രക്ഷോഭം രൂക്ഷമായ സിറയയിലേക്ക് റഷ്യയില്‍ നിന്ന് വ്യാപകമായി ആധുനിക ആയുധങ്ങളെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ പ്രശ്‌നപരിഹാരത്തിനായി യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ റഷ്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. സിറിയയിലെ പ്രക്ഷോഭ നഗരങ്ങളില്‍ സൈന്യം രാസായുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവാദം നിലനില്‍ക്കുമ്പോഴാണ് പുതിയ റിപ്പോര്‍ട്ട്. പ്രക്ഷോഭകര്‍ക്കെതിരെ ആക്രമണം നടത്താന്‍ റഷ്യ മാരകായുധങ്ങള്‍ സിറിയയിലേക്ക് എത്തിക്കുന്നുണ്ടെന്ന് യു എസ് വിദേശകാര്യ വക്താക്കളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, അന്താരാഷ്ട്ര നിയമം ലംഘിച്ച് യാതൊരുവിധത്തിലുള്ള ആയുധ വിതരണവും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് റഷ്യന്‍ വദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വ്യക്തമാക്കി. ആയുധ വിതരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ കുറിച്ച് വിശദീകരണം നല്‍കാന്‍ ലവ്‌റോവ് തയ്യാറായിട്ടില്ല.
സിറിയയുടെ പ്രധാന സഖ്യ രാഷ്ട്രമായ റഷ്യ, സിറിയയുടെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞ കുറെ വര്‍ഷമായി അസദ് ഭരണകൂടത്തെ സഹായിക്കുന്നുണ്ട്. എന്നാല്‍ പ്രക്ഷോഭം ശക്തമാകുകയും സിറിയക്കെതിരെ അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ രംഗത്തെത്തുകയും ചെയ്തതോടെ, സിറിയക്ക് ആയുധങ്ങളെത്തിക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. സിറിയയിലേക്ക് ആധുനിക സജ്ജീകരണങ്ങളടങ്ങിയ മിസൈലുകളും മറ്റ് യുദ്ധ സാമഗ്രികളും റഷ്യ എത്തിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമതര്‍ക്കെതിരെ ആക്രമണം ശക്തമാകുകയും വിമത സൈന്യത്തിന് തുര്‍ക്കി വഴി അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആയുധ സഹായം എത്തുകയും ചെയ്തതോടെ സിറിയക്ക് റഷ്യ നല്‍കുന്ന ആയുധ സഹായം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിറിയയുമായി നടത്തുന്ന ആയുധ വിതരണം തികച്ചും നിയമാനുസൃതമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് വ്യക്തമാക്കി. സിറിയന്‍ വിഷയത്തില്‍ സമാധാനപരമായ ഒരു പരിഹാരമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സിറിയന്‍ സര്‍ക്കാറിനെയും പ്രക്ഷോഭം നടത്തുന്ന വിമത, പ്രതിപക്ഷ സഖ്യങ്ങളുടെ നേതാക്കളെയും ഉള്‍ക്കൊള്ളിച്ച് വിശാലമായ സമാധാന ശ്രമമാണ് നടക്കേണ്ടതെന്നും ലവ്‌റോവ് ആവശ്യപ്പെട്ടു. ബാന്‍ കി മൂണുമായി നടന്ന ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.