Connect with us

Articles

കാലത്തിനൊപ്പം നീങ്ങുന്ന കേരളം

Published

|

Last Updated

പാലക്കാട് ജില്ലയിലെ ചമ്പ്രകുളം അക്ഷയ സെന്ററില്‍ കെ സുജിത നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കി തിരിച്ചുപോകാനായി പത്തടി മുന്നോട്ടു നീങ്ങിയതേയുള്ളൂ. അപ്പോഴേക്കും “നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യുകയാണെ”ന്ന് എസ് എം എസ് വന്നു. അക്ഷയ സെന്ററില്‍ നിന്ന് കോട്ടായി ഒന്നാം നമ്പര്‍ വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ ലഭിച്ചല്ലോ എന്ന ആശ്വാസത്തോടെ അടുത്ത പത്തടി വെച്ചപ്പോള്‍ വീണ്ടും എസ് എം എസ്- “നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് തയാര്‍.” വെറും 23 സെക്കന്‍ഡില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സുജിത മടങ്ങി. സാധാരണ ഗതിയില്‍ ആഴ്ചകളും മാസങ്ങളും എടുക്കാവുന്ന സര്‍ട്ടിഫിക്കറ്റാണ് കണ്ണടച്ചുതുറക്കും മുമ്പേ കൈയില്‍ കിട്ടിയത്!
രാവിലെ അഞ്ചിനും രാത്രി 12നും ഇടക്ക് 11,733 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കിയ കണ്ണൂര്‍ തഹസീല്‍ദാരുടെയും രാത്രി 12നും രാവിലെ പത്തിനും ഇടയില്‍ 4,426 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ തളിപ്പറമ്പ് തഹസീല്‍ദാറുടെയും മറ്റും അനുഭവങ്ങള്‍ കഴിഞ്ഞ മാസം തിരുവനന്തപുരം ജില്ലാ ഇ ഡിസ്ട്രിക്ട് ഉദ്ഘാടനച്ചടങ്ങില്‍ കേട്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നി. നാല് മാസം കൊണ്ടാണ് 12 ജില്ലകളില്‍ പദ്ധതി പൂര്‍ത്തിയായത്. ഇതോടെ ഇ ഡിസ്ട്രിക് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കിയ പ്രഥമ സംസ്ഥാനം കേരളമായി. ഓണ്‍ലൈനില്‍ 17 ലക്ഷം സര്‍ട്ടിഫിക്കറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം. കാലത്തിനൊപ്പം നീങ്ങുന്ന കേരളം. ദശകങ്ങള്‍ക്കപ്പുറത്തേക്കു തയാറെടുക്കുന്ന കേരളം. എല്ലാവര്‍ക്കും സാമൂഹിക നീതി. രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചതിനെ ഇങ്ങനെ സംഗ്രഹിക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ലഭിക്കേണ്ട സേവനങ്ങള്‍ താമസംവിനാ ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. സാങ്കേതിക വിദ്യയോടൊപ്പം സേവനാവകാശ നിയമം കൂടിയായപ്പോള്‍, ഈ രംഗത്ത് സമൂലമായ മാറ്റം ഉണ്ടാകും. ചില വകുപ്പുകളില്‍ സേവനാവകാശ നിയമം നടപ്പാക്കിക്കഴിഞ്ഞു.
ആരോഗ്യം ജനങ്ങളുടെ അവകാശമാണ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭാവസ്ഥ മുതല്‍ വാര്‍ധക്യം വരെയുള്ള ആരോഗ്യസംരക്ഷണ ചികിത്സാ പദ്ധതികളാണ് സംസ്ഥാനത്തു നടപ്പാക്കുത്. 2001ല്‍ എ കെ ആന്റണി അധികാരമേറ്റപ്പോള്‍ സംസ്ഥാനത്ത് അഞ്ച് മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചതോടെ പുതിയ നിരവധി മെഡിക്കല്‍ കോളജുകളുണ്ടായി. ഈ സര്‍ക്കാര്‍ പുതുതായി എട്ട് മെഡിക്കല്‍ കോളജുകള്‍കൂടി തുടങ്ങുകയാണ്. അഞ്ച് മെഡിക്കല്‍ കോളജുകളിലും മൂന്ന് ജനറല്‍ ആശുപത്രികളിലും എ പി എല്‍ ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാ രോഗികള്‍ക്കും 939 ഇനം ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നു. കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന 35 കാരുണ്യ ഫാര്‍മസികളാണ് തുടങ്ങുന്നത്. പ്രസവ ചികിത്സയും നവജാതശിശുവിന്റെ ആരോഗ്യ പരിരക്ഷയും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാക്കി.
10,300 പേര്‍ക്കു പ്രയോജനം ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 133 കോടി രൂപ വിതരണം ചെയ്തു. എന്‍ഡോസള്‍ഫാന്‍ പാക്കേജ്, അട്ടപ്പാടി പാക്കേജ് തുടങ്ങിയവ പ്രത്യേക വിഭാഗത്തിനുവേണ്ടിയുള്ള കരുതലാണ്. സാമൂഹികക്ഷേമ പെന്‍ഷനുകള്‍ 75 ശതമാനം വര്‍ധിപ്പിച്ചു.
പദ്ധതി വിഹിതമായ 597 കോടി രൂപയുടെ സ്ഥാനത്ത് 1620 കോടി രൂപ പൊതുമരാമത്തു വകുപ്പ് ചെലവ് ചെയ്തപ്പോള്‍ നമ്മുടെ റോഡുകളെല്ലാം ഉന്നത നിലവാരത്തിലെത്തി. പൊതുമരാമത്തില്‍ ഇ- ടെന്‍ഡര്‍ ആക്കിയതോടെ കാര്യങ്ങള്‍ സുതാര്യമായി. സ്റ്റാര്‍ട്ട് അപ് പദ്ധതി, വിദ്യാര്‍ഥി സംരംഭകര്‍ക്കുള്ള ഇളവ് തുടങ്ങിയവ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നൂതന സംരംഭങ്ങളായി. യുവ സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യം നല്‍കുന്ന കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ 750 സംരംഭങ്ങള്‍ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. ഒരു ലക്ഷം ചതുരശ്രയടി സ്ഥലം നല്‍കാനുള്ള നിര്‍മാണം നടന്നുവരുന്നു. വിദ്യാര്‍ഥി സംരംഭകര്‍ക്ക് ഗ്രേസ് മാര്‍ക്കും ഹാജറില്‍ ഇളവും നല്‍കുന്നുണ്ട്. “നിങ്ങള്‍ക്കൊരാശയം ഉണ്ടെങ്കില്‍ ഞങ്ങളതു വ്യവസായമാക്കി തരാം” എന്നതാണ് യുവാക്കളോടുള്ള സര്‍ക്കാരിന്റെ സന്ദേശം.
ഉതനിലവാരമുള്ള കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെത് എത്രയോ കാലമായുള്ള മുറവിളിയാണ്. ഈ സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്കു വിധേയമായി അത് സാക്ഷാത്കരിച്ചു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി അരികെ നില്‍ക്കുമ്പോള്‍, മലയാളം സര്‍വകലാശാല യാഥാര്‍ഥ്യമായതില്‍ കേരളത്തിന് എക്കാലവും അഭിമാനിക്കാം. മണല്‍ക്ഷാമം പരിഹരിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കി. ചെക്ക് ഡാമുകള്‍ നിര്‍മിച്ചും കുളങ്ങള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ സംരക്ഷിച്ചും മഴവെള്ളം പാഴാക്കാതെയും ജലസുരക്ഷക്ക് പദ്ധതി നടപ്പാക്കി. ഭൂരഹിതര്‍ക്കു മൂന്ന് സെന്റ് വീതം നല്‍കാനുള്ള പദ്ധതി അവസാനഘട്ടത്തിലാണ്. ഹൈടെക് ഫാമിംഗ്, തരിശുഭൂമിയിലെ കൃഷി, കര്‍ഷക പെന്‍ഷന്‍ തുടങ്ങിയവ കാര്‍ഷിക മേഖല ക്കു പുത്തന്‍ ഉണര്‍വ് പകര്‍ന്നു.
കേരളം ഏറെ നാളായി സ്വപ്‌നം കാണുന്ന പദ്ധതികള്‍ക്ക് ഗതിവേഗം നല്‍കാന്‍ സാധിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ഏഴിന് ആരംഭിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ അവലോകന സമിതിയുടെ അംഗീകാരം ലഭിക്കുകയും അടിസ്ഥാന സൗകര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 700 കോടിയുടെ ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി പഠനവും ഇ പി സി ടെന്‍ഡറിനു മാസ്റ്റര്‍ പ്ലാനും സാങ്കേതിക പഠനവും പൂര്‍ത്തിയായി. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിലുകള്‍ക്ക് ഭരണാനുമതി നല്‍കി, പണി നടത്താന്‍ ഡി എം ആര്‍ സിയെ ചുമതലപ്പെടുത്തി. സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിച്ച് 50 ഏക്കറിലെ നിര്‍മാണം 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും. കൊല്ലം- കോട്ടപ്പുറം ദേശീയ പാത നവംബറില്‍ കമ്മീഷന്‍ ചെയ്യും. ജലമാര്‍ഗമുള്ള ഗതാഗത ചരക്കുനീക്കത്തിന് ഒരു ടണ്ണിന് ഒരു കിലോമീറ്ററിന് ഒരു രൂപ െവച്ച് സബ്‌സിഡി നല്‍കിയത് നൂതനമായ കാല്‍വെപ്പായി. എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍ സമര്‍പ്പിക്കപ്പെട്ട 176 സംരംഭങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിക്ക് പരിഗണനയില്‍.
കേരളത്തിനു വലിയ നേട്ടം കൊണ്ടുവരുന്ന രണ്ട് വന്‍കിട പദ്ധതികള്‍ക്ക് ഇതിനിടെ തുടക്കമായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെയിലും കെ എം എം എല്ലുമായി ചേര്‍ന്നുള്ള 2,500 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു. വര്‍ഷം പതിനായിരം ടണ്‍ ടൈറ്റാനിയം സ്‌പോഞ്ച് ആന്‍ഡ് മെറ്റല്‍ ഉത്പാദിപ്പിക്കുന്ന പദ്ധതി വ്യവസായ കേരളത്തിന് വന്‍ നേട്ടമാകും. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ കൊച്ചിയില്‍ നടത്തുന്ന 20,000 കോടി രൂപയുടെ വിപുലീകരണ പ്രവൃത്തികള്‍ക്ക് 3750 കോടിയുടെ നികുതിയിളവ് നല്‍കിയത് പാചകവാതക വിതരണം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പെട്രോളിയം ഉത്പങ്ങളുടെ വിതരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
പെട്രോളിന്റെ വില ഏഴ് തവണയും ഡീസലിന്റെ വില അഞ്ച് തവണയും എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനങ്ങളുടെ മേല്‍ ചുമത്തുന്ന നികുതിയില്‍ 900 കോടിയുടെ ഇളവനുവദിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുവിതരണ രംഗം ഇനിയും മെച്ചപ്പെടും. ക്രമസമാധാന പാലനത്തില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു.
ത്രിതല പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സര പദ്ധതി തയാറാക്കുകയും പദ്ധതി നിര്‍വഹണം നിരീക്ഷിക്കാന്‍ സോഫ്റ്റ്‌വെയര്‍ നല്‍കുകയും ചെയ്തതോടെ പദ്ധതി നിര്‍വഹണം കാര്യക്ഷമമായി. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പ്രവാസികള്‍ക്ക് അനുകൂലമായി സഊദി ഭരണകൂടം നടപടികളെടുത്തു. ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം ലക്ഷക്കണക്കിന് ഭക്തര്‍ക്കു തിരക്കില്‍ പെടാതെ ദര്‍ശനത്തിനു വഴിയൊരുക്കി.
കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്നതില്‍ കേരളം ഒരിക്കല്‍ മുമ്പന്തിയിലായിരുന്നു. എന്നാല്‍, കൂടുതല്‍ കേന്ദ്ര സഹായം നേടുന്നതിനോ, കേന്ദ്രം നല്‍കിയ സഹായം യഥാസമയം ചെലവഴിക്കുന്നതിനോ കഴിഞ്ഞ ഭരണകാലത്ത് സാധിച്ചില്ല. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയില്‍ 2008ല്‍ ആരംഭിക്കേണ്ടിയിരുന്ന 202 പ്രവൃത്തികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ തുടങ്ങിയിരുന്നില്ല. അധിക തുക വഹിച്ചുകൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ 151 പ്രവൃത്തികള്‍ ആരംഭിച്ചു. പുതുതായി 746 കിലോമീറ്റര്‍ റോഡ് ടെന്‍ഡര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഒരു വീടിന് 75,000 രൂപ മാത്രം നല്‍കിയിരുന്ന ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ പട്ടികജാതി വിഭാഗത്തിന് രണ്ട് ലക്ഷം രൂപയും പട്ടിക വര്‍ഗവിഭാഗത്തിന് 2.50 ലക്ഷം രൂപയുമായി ഉയര്‍ത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ 2010-11ല്‍ 710 കോടി ചെലവഴിച്ച സ്ഥാനത്ത് 2012-13 ല്‍ 1415 കോടി ചെലവഴിച്ചു.
വികസിത രാജ്യങ്ങള്‍ക്കുപോലും മാതൃകയായിരു കേരള മോഡല്‍ ഇന്നു പ്രതിസന്ധിയിലാണ്. മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നേറുന്നു. ഇനി പാഴാക്കാന്‍ നമുക്കു സമയമില്ല. ഇന്ന് ചെയ്യേണ്ടവ മാത്രമല്ല, നാളേക്കു ചെയ്യേണ്ടവയും ഇന്നു തന്നെ ചെയ്‌തേ പറ്റൂ. വിഷന്‍ 2030 ഭാവിയുടെ പദ്ധതിയാണ്. പൊതുധാരണയുടെ അടിസ്ഥാനത്തില്‍ നമുക്കിതു നടപ്പാക്കണം. കാലത്തിനൊപ്പം നീങ്ങാന്‍ കാലം നമ്മെ വിളിക്കുന്നു.