Connect with us

Ongoing News

തോട്ടം മേഖലയില്‍ വി എന്‍ എസിന്റെ സാന്നിധ്യം തൊഴിലാളികളുടെ കരുത്തായിരുന്നു: പന്ന്യന്‍

Published

|

Last Updated

മേപ്പാടി: ഒരുകാലത്ത് കൊടിയ ചൂഷണത്തിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും മുഖ്യ മേഖലയായിരുന്ന വന്‍കിട തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് അവകാശബോധവും സ്വത്വബോധവും ഉണ്ടാക്കുന്നതില്‍ വി എന്‍ ശിവരാമന്‍ നയന്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

വി എന്‍ എസിന്റെ സാന്നിധ്യം തന്നെ തൊഴിലാളികളുടെ കരുത്തായിരുന്നു. ആ നിലയില്‍ തന്നെയാണ് വയനാട് തോട്ടം തൊഴിലാളി യൂണിയന്‍(എ ഐ ടി യു സി)യും വി എന്‍ എസും ചരിത്രത്തില്‍ ഇടംനേടിയിട്ടുള്ളത്. മേപ്പാടിയില്‍ വി എന്‍ എസ് അമുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍. ആഗോളീകരണത്തിന്റെ ഇരകളായി വീണ്ടും തൊഴിലാളികള്‍ മാറിക്കൊണ്ടിരിക്കുന്നു. കരാര്‍ നിയമനം അടക്കമുള്ള സംവിധാനത്തിലൂടെ തൊഴില്‍ ചൂഷണത്തിനും ആനുകൂല്യ നിഷേധത്തിനും അരങ്ങൊരുങ്ങി. അവകാശ സംരക്ഷണത്തിന് നിയമപരമായും അല്ലാതെയും ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ്. എല്ലാ മേഖയിലും ഇത് പ്രകടമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതുന്നതും പൊതുഇടങ്ങള്‍ ഇല്ലാതാക്കുന്നതും പൊതുജനത്തിന് അവകാശപ്പെട്ട വെള്ളം പോലും വില്‍പനച്ചരക്കാക്കുന്നതുമെല്ലാം നവലിബറല്‍ നയങ്ങളുടെ ഭാഗമാണ്.
ഇതിനെതിരായ ശക്തമായ ചെറുത്തുനില്‍പ്പ് ഉയരേണ്ട കാലമാണിത്. അത്തരത്തില്‍ ഉയരുന്ന ചെറുത്തുനില്‍പ്പുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വി എന്‍ എസിന്റെ ദീപ്തമായ സ്മരണ ആവേശമാവുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ മൂര്‍ത്തി അധ്യക്ഷനായിരുന്നു. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറി പി എസ് വിശ്വംഭരന്‍, വിവിധ ബഹുജന സംഘടനാ ഭാരവാഹികളായ എ എ സുധാകരന്‍, എസ് ജി സുകുമാരന്‍, കെ കെ തോമസ്, ടി മണി, ഡോ അമ്പിചിറയില്‍, സുലേഖ സലിംജാന്‍, സി പി ഐ മണ്ഡലം സെക്രട്ടറിമാരായ ഇ ജെ ബാബു, സി എസ് സ്റ്റാന്‍ലിന്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ ബാലചന്ദ്രന്‍ സ്വാഗതവും കണ്‍വീനര്‍ വി യൂസഫ് നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി നൂറ് കണക്കില്‍ പാര്‍ട്ടി-ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും നടത്തി.