കെ എസ് ടി പി റോഡ് നിര്‍മാണം ജൂണ്‍ ഒന്നിന് തുടങ്ങും

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 10:16 pm
SHARE

കാഞ്ഞങ്ങാട്: ജില്ലയുടെ റോഡ് വികസനത്തിന് പൊന്‍തൂവല്‍ ചാര്‍ത്തി കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് അനുസരിച്ച് 134 കോടി രൂപ ചിലവിട്ട് നിര്‍മിക്കുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരിപാതയുടെ നിര്‍മാണം തുടങ്ങുക കാസര്‍കോട്ട് നിന്ന്.

കാസര്‍കോട്ട് നിന്ന് കാഞ്ഞങ്ങാട് സൗത്ത് വരെ 27.780 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത് ആന്ധ്രപ്രദേശിലെ വന്‍കിട കരാറുകാരായ ആര്‍ ഡി എസ് കമ്പനിയാണ്. രണ്ടുവര്‍ഷത്തിനകം റോഡ് വികസനം പൂര്‍ത്തിയാക്കാനാണ് ധാരണ. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കെ എസ് ടി പി ഏറ്റെടുത്തിരുന്നു. ചിലയിടങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ പരിഹരിച്ചിട്ടുണ്ട്.
റോഡ് വികസനത്തിന് തടസമാകുന്ന ഇലക്ട്രിക് തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും തണല്‍മരങ്ങളും ബസ്‌വെയിറ്റിങ്ങ് ഷെല്‍ട്ടറുകളും ഉടന്‍ പൊളിച്ചു നീക്കും. റോഡ് വികസന പ്രവര്‍ത്തിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൊതുമരാമത്ത് വകുപ്പ് തുടങ്ങിക്കഴിഞ്ഞു.
ജൂണ്‍ ഒന്നിന് രാവിലെ ഒമ്പതുമണിക്ക് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് സംബന്ധിക്കും.
സംസ്ഥാനത്ത് കെ എസ് ടി പിയുടെ കീഴിലുള്ള രണ്ടാംഘട്ട റോഡ് വികസനത്തിന്റെ സംസ്ഥാനതല ചടങ്ങ് കൂടിയാണ് കാസര്‍കോട് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here