Connect with us

Sports

ഡെല്‍ഹിക്കെതിരെ പഞ്ചാബിന് ഏഴു റണ്‍സ് വിജയം

Published

|

Last Updated

ധര്‍മശാല:ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കിംഗ് ഇലവന്‍ പഞ്ചാബിന് ഏഴു റണ്‍സ്്് വിജയം. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡെല്‍ഹിയുടെ 20 ഓവറില്‍ 164 റണ്‍സില്‍ അവസാനിച്ചു. 49 റണ്‍സെടുത്ത റോററും 39 റണ്‍സെടുത്ത ജയവര്‍ധനെയും 30 റണ്‍സെടുത്ത സേവാഗുമാണ് ഡെല്‍ഹി നിരയില്‍ തിളങ്ങിയത്. മികച്ച ഫോമിലുള്ള ഡേവിഡ് വാര്‍ണറിന് ഇത്തവണ അക്കൗണ്ട് തുറക്കാനായില്ല. പഞ്ചാബിനുവേണ്ടി സന്ദീപ് ശര്‍മ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ക്യാപ്റ്റന്‍ ആഡം ഗില്‍ക്രിസ്റ്റും ഷോണ്‍ മാര്‍ഷും മികച്ച തുടക്കമാണ് നല്‍കിയത്. 26 പന്തില്‍ നിന്ന് അഞ്ചു ഫോറുകളും രണ്ടു സിക്‌സറും പറത്തി ഗില്‍ക്രിസ്റ്റ് 42 റണ്‍സെടുത്തു. 44 പന്തില്‍ നിന്ന് 45 റണ്‍സാണ് ഷോണ്‍ മാര്‍ഷിന്റെ സമ്പാദ്യം. അവസാന ഓവറുകളില്‍ കത്തിക്കയറിയ ഡേവിഡ് മില്ലറും പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. 24 പന്തില്‍ നിന്ന് മൂന്നു ഫോറുകളും നാലു സിക്‌സറുകളുമടക്കം 44 റണ്‍സാണ് ഈ ദക്ഷിണാഫ്രിക്കന്‍ താരം അടിച്ചുകൂട്ടിയത്. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 171 റണ്‍സെന്ന നിലയിലെത്തി. ഡല്‍ഹിക്കു വേണ്ടി ആശിഷ് നെഹ്‌റ രണ്ട് വിക്കറ്റ് വീഴ്ത്തി.

 

Latest