Connect with us

Sports

കളിക്കാരുടെ വാതുവെപ്പ് ബന്ധത്തില്‍ ബി സി സി ഐയുടെ റോള്‍

Published

|

Last Updated

പണക്കൊഴുപ്പിന്റെ പവറില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ പോലും വകവെക്കാത്ത ബി സി സി ഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) മുന്നോട്ടു വെച്ച ക്രിക്കറ്റ് എന്റര്‍ടെയിന്‍മെന്റ് ഹംഗാമയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍). ഇതിന്റെ തുടക്കം പക്ഷേ, എന്റര്‍ടെയിന്‍മെന്റ് ഉദ്ദേശിച്ചല്ലായിരുന്നു. ബി സി സി ഐയുടെ ഭയത്തില്‍ നിന്ന് ഉടലെടുത്ത ഒരു ക്രിക്കറ്റ് രൂപമാണ് ഐ പി എല്‍. സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ആവീഷ്‌കരിച്ച സ്വകാര്യ ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐ സി എല്‍) ബി സി സി ഐയുടെ ക്രിക്കറ്റ് ആധിപത്യം തകര്‍ക്കുമോ എന്നതായിരുന്നു ഭയപ്പാട്. 2007-2009 കാലഘട്ടത്തിലായിരുന്നു ഐ സി എല്‍. യൂറോപ്പിലെ ഫുട്‌ബോള്‍ ലീഗിന് സമാനമായി വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഫ്രാഞ്ചൈസികള്‍ നല്‍കി മറ്റൊരു ലീഗിന് രൂപം നല്‍കാന്‍ ബി സി സി ഐ തീരുമാനിച്ചു. ഇതിന്റെ ബുദ്ധികേന്ദ്രം ലളിത് മോഡിയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പിറവിക്ക് കാരണക്കാരനായ മോഡി തന്നെ ഐ പി എല്ലിന്റെ പ്രഥമ ചെയര്‍മാനുമായി. പിന്നീടെല്ലാം ചരിത്രമായിരുന്നു. ഐ സി എല്ലിന് ഗ്ലാമര്‍ നഷ്ടമായി. കാഴ്ചയുടെ പുതുഅനുഭവം പ്രദാനം ചെയ്ത് ഐ പിഎല്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടവിഭവമായി. 2008 ലെ ആദ്യ സീസണില്‍ തന്നെ ഐ പി എല്ലിന്റെ സാധ്യതകള്‍ ബി സി സി ഐ മനസ്സിലാക്കി.

Gabriella-Pasqualottoഎന്നാല്‍, ആദ്യ സീസണ്‍ മുതല്‍ക്ക് വിവാദങ്ങളും ഐ പി എല്ലിന്റെ ഭാഗമായി. കളിക്കാരെ വിട്ടുനല്‍കുന്നത് സംബന്ധിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഉടക്കി നിന്നതായിരുന്നു ആദ്യം. ഒടുവില്‍ ദിമിത്രി മെസ്‌കരാനസ് എന്ന ഇംഗ്ലീഷ് താരത്തെ മാത്രമാണ് ആദ്യ സീസണില്‍ ഐ പി എല്ലിന് പരിചയപ്പെടുത്താന്‍ സാധിച്ചത്. ഐ പി എല്ലിനെ തകര്‍ക്കാന്‍ ഇംഗ്ലണ്ടില്‍ ട്വന്റി20 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് രൂപം നല്‍കാന്‍ ശ്രമം നടന്നു. പിന്നീടത് പല വിവാദങ്ങളില്‍ ചെന്ന് ചാടി ഉപേക്ഷിക്കുകയാണുണ്ടായത്.
മാധ്യമങ്ങള്‍ക്ക് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കാതെയും ഫോട്ടോ നല്‍കുന്നത് തടഞ്ഞും ഐ പി എല്‍ തുടക്കം മുതല്‍ മാധ്യമസൗഹൃദം നഷ്ടപ്പെടുത്തിയിരുന്നു. ആറാം സീസണിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മീഡിയ പ്രതിനിധികള്‍ക്ക് പ്രവേശനമുണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ നിഷേധിച്ചു. എന്നിട്ടും, മാധ്യമങ്ങള്‍ ഐ പി എല്ലിനെ കൊണ്ടുപിടിച്ചു നടന്ന് ആഘോഷിച്ചു ! സ്‌പെക്ടാടര്‍ ജേര്‍ണലിസത്തിന്റെ ദുരന്തമായിരുന്നു ഐ പി എല്‍ വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ പ്രേരിപ്പിച്ചതെന്ന് നിരീക്ഷിക്കാം.
ക്രിക്കറ്റ് കാഴ്ചക്കാരന് വേണ്ടതെല്ലാം ഐ പി എല്ലിലുണ്ട് – കൂറ്റന്‍ സിക്‌സറുകള്‍, രാജ്യാന്തര ക്രിക്കറ്റില്‍ കണ്ടിട്ടില്ലാത്ത പരീക്ഷണ ഷോട്ടുകള്‍, ബൗളര്‍മാരുടെ പുതു തന്ത്രങ്ങള്‍, ഫീല്‍ഡിലെ ഊര്‍ജസ്വലത. ഇത് ഗ്രൗണ്ടിലെ കാര്യം. ചിയര്‍ ലീഡേഴ്‌സ് നടത്തുന്ന ആനന്ദ നൃത്തം പോലും കാഴ്ചക്കാരനെ ഉദ്ദേശിച്ചുള്ളതാണ്. ഈ കാഴ്ചയുടെ ആനന്ദം ചോര്‍ന്നുപോകാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളും നിര്‍ബന്ധിതരാകുന്നു, ഐ പി എല്ലിന് തങ്ങളെ ആവശ്യമില്ലെങ്കില്‍ കൂടി.
കള്ളപ്പണം വെളുപ്പിക്കാനുള്ള വേദിയായി ഐ പി എല്‍ മാറുന്നുവെന്ന ആരോപണവും തെളിവുകളുമൊക്കെയായി മുന്‍ സീസണുകളില്‍ വാര്‍ത്തകള്‍ വന്നു. ലളിത് മോഡിയെ പോലുള്ളവര്‍ കളത്തിന് പുറത്തായെന്നല്ലാതെ ബി സി സി ഐയുടെ കണക്കില്ലാ കളിക്ക് ഇപ്പോഴും കുരുക്ക് വീണിട്ടില്ല. ഐ പി എല്ലിന് നേരെ ഉയരുന്ന ഒരു തരത്തിലുള്ള ആരോപണവും അധികകാലം നിലനില്‍ക്കില്ല എന്ന പ്രത്യേകതയും കാണാം. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചിയര്‍ ലീഡര്‍ ഗബ്രിയേല പാസക്യുലോട്ടോ ഐ പി എല്ലില്‍ നടക്കുന്ന വൃത്തികേടുകളെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുപത്തിരണ്ടുകാരിയെ നാലാം സീസണിന്റെ പാതിയില്‍വെച്ച് പുറത്താക്കുകയും ചെയ്തു. അംസബന്ധങ്ങള്‍ വിളിച്ചുകൂവുന്നു എന്നതായിരുന്നു ഐ പി എല്‍ അധികൃതര്‍ കണ്ടെത്തിയ കുറ്റം. മത്സരത്തിന് ശേഷമുള്ള നിശാപാര്‍ട്ടിയില്‍ ചിയര്‍ലീഡേഴ്‌സിന് പ്രത്യേക റോളുണ്ടെന്നും കളിക്കാരും വാണിജ്യപ്രമുഖരും മറ്റ് ഉന്നതരും ഉള്‍പ്പെടുന്ന പാര്‍ട്ടിയില്‍ അധാര്‍മികമായി പലതും നടക്കുന്നുവെന്ന് ഗബ്രിയേല ആരോപിച്ചു. ഇത് ശരിവെക്കും വിധമായിരുന്നു പിന്നീട് നടന്ന പല സംഭവങ്ങളും.
നിശാപാര്‍ട്ടികളില്‍ ലഹരിയുടെ ഉന്മാദത്തിലമരാന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് യാതൊരു വിലക്കുമില്ലെങ്കില്‍ വാതുവെപ്പിന് തല ഉയര്‍ത്താന്‍ എവിടെയാണ് തടസ്സം. ഇത്തരം പാര്‍ട്ടികളിലൂടെയാണ് വാതുവെപ്പുകാര്‍ കളിക്കാരെ സമീപിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവിടെ ബി സി സി ഐയുടെ പങ്കെന്ത് എന്ന ചോദ്യം ഉയരേണ്ടതുണ്ട്.
കഴിഞ്ഞ സീസണില്‍, അഞ്ച് കളിക്കാര്‍ തത്‌സമയ വാതുവെപ്പിലുള്‍പ്പെട്ടത് തെളിഞ്ഞിരുന്നു. ഡെക്കാന്റെ ടി പി സുധീന്ദ്ര, പൂനെ വാരിയേഴ്‌സിന്റെ മോഹ്നിഷ് മശ്ര, കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ അമിത് യാദവ്, ശലബ് ശ്രീവാസ്തവ, ഡല്‍ഹി താരം അഭിനവ് ബാലി എന്നിവരെല്ലാം വാതുവെപ്പിലുള്‍പ്പെട്ടതായി സ്റ്റിംഗ് ഓപറേഷനില്‍ വ്യക്തമായി.
ശിക്ഷാനടപടികളുമായി ബി സി സി ഐ കൈ കഴുകാറാണ് പതിവ്. ചിയര്‍ലീഡറുടെ വെളിപ്പെടുത്തലിന് അര്‍ഹിച്ച ഗൗരവം ബി സി സി ഐ നല്‍കിയില്ല. അതോടെ മാധ്യമങ്ങളും ഗബ്രിയേലയെ കൈവിട്ടു. മനുഷ്യമാംസത്തിന് വില പറയുന്ന താരലേലത്തിന്റെ മറ്റൊരു വകഭേദമായി ചിയര്‍ലീഡര്‍മാരുടെ ജീവിതവും ഐ പി എല്‍ പാര്‍ട്ടികളില്‍ മാറുന്നുവെന്ന ഗബ്രിയേലയുടെ വെളിപ്പെടുത്തലിന്റെ ഉള്‍പ്പൊരുളിലേക്ക് പ്രവേശിക്കുന്നതിന് ശ്രീശാന്തിന് പിറകെ പോയ ഡല്‍ഹി പോലീസിനും താത്പര്യമുണ്ടായില്ല.
കൈയ്യും കണക്കുമില്ലാതെ പണവും പത്രാസും നടമാടുന്ന ഐ പി എല്ലില്‍ തത്‌സമയ വാതുവെപ്പ് നടക്കുന്നുവെന്നത് എങ്ങനെയാണ് ഞെട്ടിക്കുന്ന വാര്‍ത്തയാകുന്നത് ! കളിക്കാര്‍ക്ക് കോടികളാണ് ഒരു മാസകാലത്തെ ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്നത്. അവര്‍ ലക്ഷങ്ങള്‍ക്ക് വേണ്ടി വാതുവെക്കുന്നുവെങ്കില്‍ ഐ പി എല്ലില്‍ ധാര്‍മികതയില്ലെന്ന് ഓരോ കളിക്കാരനും വിശ്വസിക്കുന്നുണ്ടാകണം.
മാത്രമല്ല, ഐ പി എല്‍ കേന്ദ്രീകരിച്ച് നിരവധി ബെറ്റിംഗ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വായിച്ചു മടുത്ത ബി സി സി ഐ എത്ര ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്തതെന്ന് ബോധ്യപ്പെടുകയാണ്. കളിക്കാര്‍ക്ക് വഴിപിഴയ്ക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കി ബി സി സി ഐ മാറിനില്‍ക്കുകയാണോ എന്ന് തോന്നിപ്പോകും ഓരോ വിവാദവും പൊട്ടിപ്പുറപ്പെടുമ്പോള്‍. അധോലോകം വാതുവെപ്പ് നടത്തുന്ന ഐ പി എല്ലില്‍ നിന്ന് ബി സി സി ഐക്ക് ലഭിക്കുന്ന പങ്കിനെ കുറിച്ച് അന്വേഷണം ആരംഭിക്കേണ്ട കാലമായിരിക്കുന്നു. ഏതാനും കളിക്കാര്‍ മാത്രം ബലിയാടായി മാറുന്ന കാഴ്ചക്കപ്പുറത്തേക്ക് ഡല്‍ഹി പോലീസിന് യാത്ര ചെയ്യാന്‍ സാധിക്കേണ്ടതുണ്ട്

ഫൈനല്‍ ഓവര്‍: കിംഗ് കമ്മീഷന് മുന്നില്‍ വാതുവെപ്പ് മാഫിയകളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മൊഴിഞ്ഞ ഹാന്‍സി ക്രോണിയ വിമാനപകടത്തില്‍ മരിച്ചു. ഇന്നുമത് ദുരൂഹമായി തുടരുന്നു. ബോബ് വൂമര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡിന് പോലും കണ്ടെത്താനായിട്ടില്ല..ബെറ്റിംഗ് മാഫിയ വാഴുകയാണ്.