Connect with us

Editors Pick

രമേശിന്റെ ലക്ഷ്യം ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും

Published

|

Last Updated

തിരുവനന്തപുരം:മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ സജീവമായതോടെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതിയുള്ള മന്ത്രിമാരില്‍ ചിലര്‍ സമ്മര്‍ധ ശ്രമങ്ങളിലാണ്. സാമുദായിക സംഘടനകളുടെ പിന്‍ബലത്തില്‍ മന്ത്രിമാരില്‍ ചിലര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചതായാണ് വിവരം. വകുപ്പുകളിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

കേരളയാത്ര പകുതി പിന്നിട്ടതോടെ തന്നെ രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ശരിവെക്കും വിധമാണ് രമേശ് ഇപ്പോള്‍ ഇതിനോട് പ്രതികരിക്കുന്നതും. മുമ്പ് രമേശിന്റെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം താന്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു അന്നത്തെ പ്രതികരണങ്ങള്‍. എന്നാല്‍, ഈ നിലപാട് മയപ്പെടുത്തി ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ മന്ത്രിയാകുമെന്നാണ് ഇപ്പോഴത്തെ പ്രതികരണം. ഈ നിലപാട് മാറ്റത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്ന പ്രതികരണത്തില്‍ ഒതുക്കി.
മന്ത്രിസഭയിലേക്ക് വരാന്‍ രമേശ് മാനസികമായി ഒരുങ്ങിയെന്ന സൂചനകളാണ് അദ്ദേഹവുമായി അടുപ്പമുള്ളവരും നല്‍കുന്നത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്ന വികാരം ഹൈക്കമാന്‍ഡിനുമുണ്ട്. ഇതെല്ലാം ചേര്‍ത്തുവെച്ചാണ് ഭാഗികമായെങ്കിലും മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന ധാരണ രൂപപ്പെടുത്തുന്നതും. ഗണേഷിന്റെ ഒഴിവില്‍ രമേശിനെ മന്ത്രിയാക്കി വകുപ്പ് മാറ്റം മതിയെന്ന നിലപാടാണ് ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍, ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നതിനാല്‍ ഈ നീക്കം നടക്കാനിടയില്ല. മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് മുഖ്യമന്ത്രിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും സമീപിച്ച് കഴിഞ്ഞു.
ഗണേഷിനെ മന്ത്രിയാക്കണമെന്ന ആവശ്യം എന്‍ എസ് എസും ഉന്നയിച്ചിട്ടുണ്ട്. ആര്‍ ബാലകൃഷ്ണ പിള്ളയുമായുള്ള തര്‍ക്കം മാത്രമാണ് ഗണേഷിന് മുന്നിലുള്ള തടസ്സം. എന്‍ എസ് എസ് ഇടപെട്ടാല്‍ ഇത് തീരുമെന്ന് കോണ്‍ഗ്രസിനും മുഖ്യമന്ത്രിക്കും അറിയാം. എന്നാല്‍, അവരുമായി ഇപ്പോള്‍ നല്ല ബന്ധമില്ലാത്തതിനാല്‍ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നില്ലെന്ന് മാത്രം.
ഗണേഷിന്റെ തിരിച്ച് വരവിന് കളമൊരുങ്ങിയാല്‍ രമേശിന് വേണ്ടി നിലവിലുള്ള മന്ത്രിമാരില്‍ ആരെയെങ്കിലും മാറ്റേണ്ടി വരും. അങ്ങനെ വരികയാണെങ്കില്‍ ഒരാളെ മാറ്റുന്നതിന് പകരം മറ്റു ചിലരെ കൂടി ഒഴിവാക്കിയുള്ള പുനഃസംഘടനക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് വിവരം.
ആഭ്യന്തരവകുപ്പിനൊപ്പം ഉപമുഖ്യമന്ത്രി പദമാണ് രമേശിന്റെ മനസിലുള്ളത്. മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന പദവി ആഗ്രഹിക്കുന്നുവെന്ന് ചുരുക്കം. എന്‍ എസ് എസും എസ് എന്‍ ഡി പിയും താത്പര്യപ്പെടുന്നതും ഇത് തന്നെ. എന്നാല്‍, ഉപമുഖ്യമന്ത്രി പദവി നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാലും ആഭ്യന്തരം വിട്ട് നല്‍കുന്നതിനോട് എ ഗ്രൂപ്പിന് താത്പര്യമില്ല. ഇതൊരു തര്‍ക്ക വിഷയമായാല്‍, കോണ്‍ഗ്രസ് മന്ത്രിമാരില്‍ രണ്ടാമന്‍ എന്ന പദവി തിരുവഞ്ചൂരിന് ലഭിക്കുന്നത് ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കാം എന്ന നിര്‍ദേശം എ ഗ്രൂപ്പ് മുന്നോട്ടുവെക്കും. തിരുവഞ്ചൂരിന് മറ്റേതെങ്കിലും വകുപ്പ് നല്‍കും. അങ്ങനെ വന്നാല്‍, റവന്യൂവകുപ്പ് കൊണ്ട് രമേശ് തൃപ്തിപ്പെടേണ്ടി വരും.
രമേശ് മന്ത്രിയായാല്‍ പാര്‍ട്ടി തലപ്പത്തുണ്ടാകുന്ന മാറ്റത്തെക്കുറിച്ചാണ് മറ്റൊരു ചര്‍ച്ച. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെ പി സി സി പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍, സ്പീക്കര്‍ പദവിയിലേക്കും പുതിയൊരാളെ കണ്ടത്തേണ്ടി വരും. എ കെ ആന്റണിയുടെ നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകം. ശനിയാഴ്ച ആന്റണി തലസ്ഥാനത്തെത്തുന്നതോടെ ചര്‍ച്ചകള്‍ ചൂടുപിടിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

 

Latest