Connect with us

Kerala

സംസ്ഥാനത്ത് അഞ്ച് പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ കൂടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അഞ്ച് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഉന്നതതലയോഗം തീരുമാനിച്ചു. മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ സൈബര്‍ കുറ്റങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സൈബര്‍ പോലീസ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

സംസ്ഥാനത്തെ ഓരോ റേഞ്ച് ഐ ജിമാരുടെ പരിധിയിലും ഓരോന്നും ക്രൈംബ്രാഞ്ചിന് കീഴില്‍ ഒന്നുമുള്‍പ്പെടെയാണ് അഞ്ച് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. ഓരോ സ്റ്റേഷനില്‍ 35 തസ്തിക വീതം സൃഷ്ടിക്കും. നിലവില്‍ ഒരു സൈബര്‍ സ്റ്റേഷന്‍ മാത്രമാണ് നിലവിലുള്ളത്. സൈബര്‍ കുറ്റങ്ങളുടെ പരിധിയില്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കുന്നതിന് അധികാരം നല്‍കും. ഇതിനായി പൊതുജനങ്ങളില്‍ നിന്ന് പ്രാവീണ്യമുള്ളവരുടെ സേവനം തേടും.
പോലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതികളില്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും കേസെടുക്കാനുള്ള അധികാരം നല്‍കാനും യോഗം തീരുമാനിച്ചു. മുന്‍ തീരുമാനപ്രകാരം തിരുവനന്തപുരത്തും കൊച്ചിയിലും പോലീസ് കമ്മീഷണറേറ്റ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഇതിന്റെ നടപടികള്‍ക്കായി സംസ്ഥാന പോലീസ് മേധാവിയെയും ആഭ്യന്തര സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ഡി ഐ ജി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനായിരിക്കും കമ്മീഷണറേറ്റിന്റെ ചുമതല.
വനിതാ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ക്രിയാത്മകമായ പരിപാടികള്‍ നടപ്പിലാക്കും. ബീറ്റ് പോലീസുകാര്‍ക്ക് ഇലക്‌ട്രോണിക് ഇ-പട്ട സംവിധാനം ഏര്‍പ്പെടുത്തും. ഈ സംവിധാനം സര്‍ക്കാറിന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി കോട്ടയത്ത് ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ വാഹന വകുപ്പിലെ അഴിമതി അവസാനിപ്പിക്കുന്നതിന് വകുപ്പുമായി ആലോചിച്ച് ഇ-ചെലാന്‍ പദ്ധതി നടപ്പാക്കും. പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളില്‍ കേസില്‍ പെടാത്ത വാഹനങ്ങളെ പിഴ ഈടാക്കി വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കും.
പീരുമേട് കുട്ടിക്കാനത്ത് ആഭ്യന്തര വകുപ്പിന്റെ പരിധിയിലുള്ള സ്ഥലത്ത് വൈദ്യുതി വകുപ്പിന് കീഴിലെ 230 ഏക്കറില്‍ അനര്‍ട്ടുമായി സഹകരിച്ച് കാറ്റാടി വൈദ്യുതി പദ്ധതി ആരംഭിക്കും. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഘട്ടം ഘട്ടമായി സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. പോലീസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം, ആഭ്യന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, പോലീസ് ഹെഡ് ക്വാട്ടേഴ്‌സ് ഐ ജി. മനോജ് എബ്രഹാം പങ്കെടുത്തു.