Connect with us

Kozhikode

അതിവേഗ റെയില്‍: ഉപരോധ സമരത്തില്‍ കലക്ടറേറ്റ് നിശ്ചലമായി

Published

|

Last Updated

കോഴിക്കോട്: നിര്‍ദിഷ്ട കാസര്‍കോഡ്-തിരുവനന്തപുരം അതിവേഗ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് ഉപരോധം പ്രതിഷേധക്കടലായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അതിവേഗ റെയില്‍ പാത കടന്നു പോകുന്ന പ്രദേശങ്ങളിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളാണ് ഉപരോധ സമരത്തില്‍ പങ്കെടുത്തത്. ജീവനക്കാര്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ രാവിലെ എട്ട് മുതല്‍ കലക്ടറേറ്റിന്റെ എല്ലാ ഗേറ്റുകളും ഉപരോധക്കാര്‍ വളഞ്ഞിരുന്നു. ഉച്ചക്ക് ഉപരോധം അവസാനിച്ചതോടെയാണ് കലക്ടറേറ്റ് പ്രവര്‍ത്തനം സാധാരണ നിലയിലായത്.

സാധാരണക്കാര്‍ക്ക് വേണ്ടിയല്ല റിയല്‍ എസ്‌റ്റേറ്റ് മാഫിയക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രതിരോധ സമിതി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റ പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നിര്‍മിക്കാനുദ്ദേശിക്കുന്ന അതിവേഗ റെയില്‍പാത വന്‍ സാമ്പത്തിക നഷ്ടം വരുത്തുന്നതോടൊപ്പം അരലക്ഷത്തോളം ജനങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും. പരിസ്ഥിതിക്കും സമൂഹത്തിനും ഒരുപോലെ നാശം വിതക്കുന്ന പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.അതിവേഗ റെയില്‍ പ്രതിരോധസമിതി സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ നീലകണ്ഠന്‍, കണ്‍വീനര്‍ എം ടി പ്രസാദ് സമരത്തിന് നേതൃത്വം നല്‍കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി, ആം ആദ്മി പാര്‍ട്ടി വക്താവ് കെ പി രതീഷ്, പി കെ പാറക്കടവ്, സി പി എം ജില്ലാ കമ്മറ്റിയംഗം കെ ടി കുഞ്ഞിക്കണ്ണന്‍, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് എം ആലിക്കോയ, എസ് യു സി ഐ പ്രതിനിധി എ ശേഖര്‍ പ്രസംഗിച്ചു.

Latest