വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് അഴിമതിക്കുവേണ്ടി: പ്രശാന്ത് ഭൂഷണ്‍

Posted on: May 17, 2013 6:00 am | Last updated: May 16, 2013 at 11:40 pm
SHARE

കോഴിക്കോട്: അഴിമതി നടത്താന്‍ വേണ്ടിയാണ് ഇന്ത്യയില്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍.

കോര്‍പറേറ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടിയാണ് വികസനം കൊണ്ടുവരുന്നത്. രാജ്യത്ത് വിവിധ വികസന പദ്ധതികളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. സ്ഥലമേറ്റെടുക്കലും കുടിയൊഴിപ്പിക്കലും നടക്കുന്നത് തുഛമായ തുക നല്‍കിക്കൊണ്ടാണ്. നിര്‍ദിഷ്ട കാസര്‍കോട്-തിരുവനന്തപുരം അതിവേഗ റെയില്‍ പാതക്കെതിരെ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.
അതിവേഗ റെയില്‍ നിര്‍മിക്കുന്നതിന് പണം എവിടെ നിന്ന് വരുന്നു എന്ന് ചിന്തിക്കണം. ജപ്പാനില്‍ നിന്ന് രണ്ട് ശതമാനം പലിശക്ക് 30 വര്‍ഷത്തെ കാലാവധിയില്‍ വായ്പ എടുക്കുന്നു എന്നാണ് പറയുന്നത്. ഇപ്പോഴത്തെ ഡോളറിന്റെ മൂല്യം വച്ച് ഇത് ഒന്നര ലക്ഷം കോടി രൂപയാണ്. 25,000 പേര്‍ ദിവസവും 10,000 രൂപ ചെലവാക്കി തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെ യാത്ര ചെയ്താല്‍ വായ്പ തിരിച്ചടക്കാനുള്ള പണം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് പ്രാവര്‍ത്തികമാകുമെന്ന് കരുതാനാകില്ല. ഇതിന് സര്‍ക്കാര്‍ കണ്ടുപിടിക്കുന്ന ന്യായം വ്യാപാരാവശ്യങ്ങള്‍ക്ക് സ്ഥലം വിട്ടുകൊടുത്തുകൊണ്ട് ലാഭം ഉണ്ടാക്കാമെന്നാണ്. ഇതിന് വന്‍തോതില്‍ ഭൂമി നല്‍കേണ്ടിവരുമ്പോള്‍ കേരളത്തെ വില്‍ക്കുന്നതിന് തുല്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി വികസനം എന്നുപറയുന്നത് ആരുടെ വികസനമായിട്ടാണെന്ന് വ്യക്തമാക്കണം. ഇത്തരം അഴിമതിക്കുവേണ്ടി നടത്തുന്ന വികസനങ്ങള്‍ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദരാണ്. ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടെങ്കിലും ജനങ്ങളുടെ അഭിപ്രായം ആരും അന്വേഷിക്കുന്നില്ല. അവര്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പിന്നീട് അഞ്ച് വര്‍ഷം ഭരിക്കുന്നത് ഭൂമാഫിയകളും കോര്‍പറേറ്റുകളുമാണ്.
ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപയുടെ നിര്‍ദേശിക്കപ്പെട്ട അതിവേഗ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ ബജറ്റിനേക്കാള്‍ അധികമാണ്. മറ്റ് വന്‍കിട പദ്ധതികളെപ്പോലെ ഇതും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുകയോ അനിശ്ചിതമായി നീളുകയോ ചെയ്യാം. അതിവേഗ റെയില്‍ വരുന്നതോടെ 50,000 പേര്‍ക്ക് വീടുകള്‍ നഷ്ടമാകും. പദ്ധതിയുടെ ഭാഗമായുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആരും പഠിക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.