ബീമാപ്പള്ളി വെടിവെപ്പ്: ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് തടഞ്ഞുവെച്ചത് നടപടിക്രമങ്ങള്‍ ലംഘിച്ച്

Posted on: May 17, 2013 6:00 am | Last updated: May 16, 2013 at 11:36 pm
SHARE

തിരുവനന്തപുരം:ആറ് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും കാരണമായ ബീമാപള്ളി പോലീസ് വെടിവെപ്പ് സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരുന്ന കെ രാമകൃഷ്ണന്‍ സമര്‍പ്പിച്ച ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും തടഞ്ഞു വെച്ചിരിക്കുന്നത് നടപടിക്രമങ്ങള്‍ ലംഘിച്ച്. റിപ്പോര്‍ട്ട് നിയമ വിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്നത് ആഭ്യന്തര വകുപ്പിലെ രഹസ്യ വിഭാഗമാണ്. എന്നാല്‍ വിവരാവകാശ കമ്മീഷനും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്.

1952ലെ അന്വേഷണ കമ്മീഷന്‍ നിയമത്തിലെ വകുപ്പ് മൂന്ന്(നാല്) അനുസരിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ച് ആറ് മാസത്തിനുള്ളില്‍ ടേക്കണ്‍ മെമ്മോറാണ്ടം സഹിതം നിയമസഭയുടെ മുന്നില്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നിരിക്കെ നിയമസഭയുടെ മുന്നില്‍ സമര്‍പ്പിക്കാത്ത റിപ്പോര്‍ട്ട് പൗരസമൂഹത്തിന് നല്‍കുന്നത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത് തടഞ്ഞുവെച്ചിരിക്കുന്നത്. വിവരാവകാശ നിയമത്തിലെ എട്ട് (ഒന്ന്) സി വകുപ്പുപ്രകാരം നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാകുമെന്നാണ് ഇതിന് കാരണമായി പറയുന്നത്.
അതേസമയം നിയമസഭ നിയമിച്ച കമ്മീഷനുമേല്‍ മാത്രമേ നിയമസഭക്ക് അധികാരമുള്ളൂവെന്ന യാഥാര്‍ഥ്യം മറച്ചുവെച്ചാണ് ആഭ്യന്തര വകുപ്പ് ഈ വാദമുന്നയിക്കുന്നത്. ബീമാപ്പളളി വെടിവെപ്പില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് മന്ത്രിസഭാ യോഗമാണ്. അതിനാല്‍ നിയമപരമായി നിയമസഭക്കു മുന്നില്‍ വെക്കണമെന്ന് പറഞ്ഞ് റിപ്പോര്‍ട്ട്് തടഞ്ഞുവെക്കാന്‍ ആഭ്യന്തര വകുപ്പിന് നിയമപരമായി അധികാരമില്ല. 1952 അന്വേഷണകമ്മീഷന്‍ നിയമം വിവരവകാശ നിയമത്തിന് ബാധകവുമല്ല. ഇത് ഒഴിവാക്കിയാല്‍ പോലും റിപ്പോര്‍ട്ട് നിയമസഭക്കുള്ളില്‍ ആറ് മാസത്തിനകം വെക്കേണ്ടത് നടപടിക്രമമാണ്. ഇത് ലംഘിച്ചാണ് കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ബീമാപ്പള്ളിയില്‍ വെടിവെപ്പ് നടത്തിയത് പോലിസ് സേനയായതിനാല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പോലിസുകാരായിരിക്കും. ഇതുകൊണ്ടാണ് ആഭ്യന്തരവകൂപ്പ് റിപ്പോര്‍ട്ട്് പുറത്തുവിടാന്‍ വിസമ്മതിക്കുന്നതിന്റെ പ്രധാന കാരണം.
മാറാട് കലാപത്തിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും ആഭ്യന്തരവകുപ്പ് ഇതേ സമീപനമാണ് സ്വീകരിച്ചിരുന്നത്. പിന്നീട് കോടതി ഇടപെട്ടാണ് മാറാട് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് നിയമവിരുദ്ധമായി തടഞ്ഞുവെച്ച പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പിഴയും അടക്കേണ്ടി വന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബീമാപ്പള്ളി റിപ്പോര്‍ട്ട് നിയമവിരുദ്ധമായി ആഭ്യന്തരവകുപ്പ് തടഞ്ഞുവെച്ചിട്ടും വിവരാവകാശ കമ്മീഷന്‍ ഇടപെടുന്നില്ല. 2012 മെയ് ഏഴിന് അപ്പീല്‍ സ്വീകരിച്ചുവെങ്കിലും ഇതുവരെ ഹിയറിംഗിനുപോലും കമ്മീഷന്‍ വിളിച്ചിട്ടില്ല.
റിപ്പോര്‍ട്ട് നിയമസഭയില്‍
വെച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതായി ആഭ്യന്തരമന്ത്രി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ബീമാപ്പള്ളിയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പ് 2009 മെയ് 17നാണ് നടന്നത്. തുടര്‍ന്ന് മന്ത്രിസഭാ തീരുമാനപ്രകാരം അന്നത്തെ ജില്ലാ ജഡ്ജിയായിരുന്ന കെ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 2012 ജനുവരി നാലിനാണ് മന്ത്രിസഭ മുമ്പാകെ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഒരു വര്‍ഷവും നാല് മാസവും പിന്നിട്ടിട്ടും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here