Connect with us

Articles

അപ്പോള്‍ അതാണ് കളി

Published

|

Last Updated

കള്ളപ്പണത്താല്‍ സംഘടിപ്പിക്കപ്പെട്ട്, നികുതിയൊടുക്കാത്ത പണത്താല്‍ വളര്‍ന്ന അടിമുടി വ്യാജമായ ഒരു കളി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന, ഇരുപതോവര്‍ ക്രിക്കറ്റിനെ ഇതില്‍ ചുരുക്കി വിശേഷിപ്പിക്കുക അബദ്ധമാകും. ആ വ്യാജ നിര്‍മിതിയിലുള്ള വഞ്ചനയുടെ മുഖം കുറേക്കൂടി വ്യക്തമാകുന്നു എന്നത് മാത്രമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സ്റ്റേഡിയത്തിലിരച്ചു കയറുന്ന കാണികളെയും ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കുന്ന പ്രേക്ഷകരെയും വിഡ്ഢികളാക്കുന്ന, മുന്‍കൂട്ടി വിലപറഞ്ഞുറപ്പിച്ച് നടത്തുന്ന നാടകം മാത്രമാണ് കളിക്കളത്തില്‍ അരങ്ങേറുന്നതെന്ന ആരോപണത്തെ കൂടുതല്‍ ശരിവെച്ചിരിക്കുന്നു ഇപ്പോള്‍ പുറത്ത് വന്ന വാതുവെപ്പ്/ഒത്തുകളി വിവരങ്ങള്‍. ശ്രീശാന്തെന്ന, പല കാരണങ്ങളാല്‍ നേരത്തെ തന്നെ ക്രിക്കറ്റിനകത്തും പുറത്തും പ്രശസ്തനും കുപ്രശസ്തനുമായ താരം അതിലകപ്പെട്ടുവെന്നതാണ് മലയാളികളെ സംബന്ധിച്ച് ഇതിലൊരു പ്രത്യേകത. നേരത്തെ അര്‍ധ മലയാളിയായ അജയ് ജഡേജ, ഒത്തുകളിയില്‍ ആരോപണവിധേയനായപ്പോള്‍ തന്നെ, ഒന്നിലും പിന്നാക്കമാകില്ലെന്ന് നാം തെളിയിച്ചതുമാണ്.

മത്സര ഫലം സംബന്ധിച്ച വാതുവെപ്പ് സാധാരണമാണ്. നമ്മുടെ നാട്ടിന്‍പുറങ്ങളിലൊക്കെ കൗതുകത്തിനും തമാശക്കും അരങ്ങേറുന്നതുള്‍പ്പെടെ സംഘടിതമായുള്ള വലിയ വാതുവെപ്പുകള്‍ വരെ. അങ്ങനെ സംഘടിതമായി വാതുവെക്കുന്നവര്‍ തങ്ങളുടെ ഭാഗം ജയിക്കാനും ലാഭമുറപ്പാക്കാനും ചില കളിക്കാരെ പണം നല്‍കി വശത്താക്കുന്ന രീതിയായിരുന്നു മുമ്പ്. അത് ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലുമൊക്കെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ രീതിയില്‍ നിന്ന് മാറി ഓരോ പന്തിലും വാതുവെപ്പ് സാധ്യത സൃഷ്ടിച്ച് ചൂതാട്ടത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തിയെന്നതാണ് ക്രിക്കറ്റിനെയും വിശിഷ്യാ ഐ പി എല്ലിനെയും സംബന്ധിച്ച പ്രാധാന്യം. ക്രിക്കറ്റിനെ ഏറെ ജനപ്രിയമാക്കിയ തത്സമയ സംപ്രേഷണത്തിന്റെ മാതൃകയില്‍ തത്സമയം വാതുവെപ്പുകള്‍ സംഘടിപ്പിക്കുക കൂടിയാണ് ചൂതാട്ട ശൃംഖല.
ഒരു മത്സരം തുടങ്ങുമ്പോള്‍ ആദ്യമായി എറിയാനെത്തുന്ന കളിക്കാരന്‍ വൈഡ് എറിയുമോ എന്നത് വാതുവെപ്പിന് ഇനമാണ്. കളി തുടങ്ങുമ്പോഴാണ് വാതുവെപ്പും നടക്കുക. വാതുവെപ്പുകാരുമായി നേരത്തെ ധാരണയുണ്ടാക്കിയ ഏറുകാരന്‍, എന്തെങ്കിലുമൊരു സിഗ്നല്‍ ഏറിന് മുമ്പ് നല്‍കും. ലോക്കറ്റ് കടിക്കുക, മുഖം തുടക്കാനെടുത്ത തൂവാല കൈയില്‍ കെട്ടുക അങ്ങനെ എന്തെങ്കിലും. വൈഡ് എറിയുമെന്ന സൂചനയാണിത്. ആദ്യ പന്ത് വൈഡാകുമോ ഇല്ലയോ എന്ന വാതുവെപ്പ് ഓണ്‍ലൈനോ മൊബൈല്‍ ഫോണോ ഒക്കെ ഉപയോഗിച്ച് ഉടന്‍ നിലവില്‍ വരും. ബാറ്റ്‌സ്മാന്റെ കാര്യമെടുത്താല്‍ ആദ്യ പന്തില്‍ പുറത്താകുമോ ഇല്ലയോ എന്നതാകാം പന്തയ ഇനം. കളിക്കളത്തിലേക്ക് ഇറങ്ങി നടക്കുമ്പോഴാകും ബാറ്റ്‌സ്മാന്‍ സൂചന നല്‍കുക. ഒരോവറില്‍ വിട്ടു നല്‍കുന്ന റണ്‍സ്, അവസാന ഓവറിലെ അവസാന പന്ത് നൊ ബോളോ വൈഡോ ആകല്‍, ക്യാച്ചുകള്‍ വിട്ടുകളയല്‍ എന്നിങ്ങനെ കളിക്കളത്തിലെ ഓരോ നീക്കവും വാതുവെപ്പിന് കാരണമാകും. ഇതെല്ലാം പണം നല്‍കി, മുന്‍കൂട്ടി നിശ്ചയിക്കപ്പെടുമെന്ന് മാത്രം. യഥാര്‍ഥത്തില്‍ ഇതാണ് ഇപ്പോള്‍ നടക്കുന്ന യഥാര്‍ഥ കളി. ഈ കളിക്ക് കൂട്ടുനില്‍ക്കാത്തവരുണ്ടാകാം. പക്ഷേ, ഭൂരിഭാഗവും അങ്ങനയല്ലെന്ന് തന്നെ മനസ്സിലാക്കേണ്ടിവരും. കളിക്കളത്തിലെ പ്രകടനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല.
ഇത്തരത്തിലൊരു കളിയുടെ ആവശ്യമെന്ത്? അത് ഒരു പന്ത് പോലും വിടാതെ സംപ്രേഷണം ചെയ്ത് കാണികളെ വഞ്ചിക്കുന്നതിന്റെ ആവശ്യമെന്ത്? ഈ കളിയും അതിന്റെ തത്സമയ സംപ്രേഷണവും അനുവദിച്ച്, കളിക്ക് വിനോദ നികുതി ഇളവ് ചെയ്ത് കൊടുത്ത് കാണികളെക്കൂട്ടി ഭരണ സംവിധാനം കൂടെ നില്‍ക്കുന്നത് എന്തുകൊണ്ട്? കളിക്കാനിറങ്ങുന്നവര്‍ കാട്ടുന്ന തട്ടിപ്പിനേക്കാള്‍ അധികം ഐ പി എല്ലെന്ന മഹാമഹത്തിന്റെ സംഘാടനത്തിലുണ്ടാകുകയും അതിന് നേതൃത്വം നല്‍കാന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയുണ്ടാകുകയും ചെയ്യുന്നുവെന്ന ഉത്തരത്തിലേക്കാണ് എത്തുക. ആ തട്ടിപ്പിന്റെ വലുപ്പം നേരത്തെ പുറത്തുവന്നതാണ്. ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) എന്നിവ അന്വേഷണം ആരംഭിച്ചതുമാണ്. പക്ഷേ, എവിടെയും എത്തിയില്ലെന്ന് മാത്രം.
ഐ പി എല്ലെന്ന മാമാങ്കത്തെ നിയന്ത്രിക്കുന്നത് ബോര്‍ഡ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി സി സി ഐ) യാണ്. ശരത് പവാര്‍, അരുണ്‍ ജെയ്റ്റ്‌ലി, സി പി ജോഷി (കേന്ദ്ര മന്ത്രി), നരേന്ദ്ര മോഡി, രാജീവ് ശുക്ല (കേന്ദ്ര മന്ത്രി) തുടങ്ങി കൊടിയുടെ നിറമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ നേരിട്ടും അല്ലാതെയും ബന്ധമുള്ള ബി സി സി ഐ. ഒരു നിയമത്തിനും വഴങ്ങാന്‍ കൂട്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് നില്‍ക്കുന്ന ബി സി സി ഐ, നടത്തുന്ന മാമാങ്കത്തിന് ഈ നേതാക്കള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ, ഭരണ സംവിധാനങ്ങള്‍ മൂക്കുകയറിടുമെന്ന് കരുതാനാകുമോ?
ഐ പി എല്ലിന്റെ ഇതുവരെയുള്ള ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം. അഴിമതി, അതിന്റെ ഉപോത്പന്നമായ കള്ളപ്പണം, പണമൊഴുക്കി നേടിയെടുത്ത ക്രമരഹിതമായ സൗകര്യങ്ങള്‍ എന്ന് വേണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ (ഐ പി എല്‍) ക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അതിരുകളില്ല. ഇതിലുള്‍ക്കൊണ്ട എല്ലാ ടീമുകളുടെയും ഉടസ്ഥരെക്കുറിച്ച് സംശയങ്ങളുയര്‍ന്നു. മേളയുടെ മുഖ്യ നടത്തിപ്പുകാരനായിരുന്ന ലളിത് മോഡിയുടെ (ഐ പി എല്ലിന്റെ മുന്‍ ചെയര്‍മാന്‍) എല്ലാ പ്രവര്‍ത്തനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ലളിത് മോഡിയുടെ ദുരൂഹ ഇടപാടുകള്‍ അന്വേഷിക്കാന്‍ ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുകളും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സി ബി ഐ) കച്ചകെട്ടിയിറങ്ങി. ബി സി സി ഐ നടത്തിയ ആഭ്യന്തര അന്വേഷണം വേറെയും. കേള്‍വിപ്പെട്ട എല്ലാ അഴിമതിക്കേസുകളുടെയും കാര്യത്തിലെന്ന പോലെ പലേടത്തും റെയ്ഡുകളുണ്ടായി. വിലപ്പെട്ട രേഖകള്‍ കണ്ടെടുത്തതായി വാര്‍ത്തകള്‍ വന്നു. ലളിത് മോഡിയും കൂട്ടരും ഇതാ കുടുങ്ങാന്‍ പോകുന്നു. മൗറീഷ്യസിലും മറ്റും രജിസ്റ്റര്‍ ചെയ്ത കമ്പനികളിലൂടെ ഐ പി എല്‍ ടീമുകളിലേക്ക് ഒഴുകിയെത്തിയ കോടികളുടെ കണക്ക് പുറത്തുവരും, അങ്ങനെ ഒഴുകിയ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടാന്‍ പോകുന്നു എന്നിങ്ങനെ പല പ്രതീക്ഷകള്‍. ഒന്നും സംഭവിച്ചില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് ലളിത് മോഡിയെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും സാധിച്ചില്ല. റെയ്ഡുകള്‍ കൊടുമ്പിരിക്കൊണ്ട കാലത്ത് ലളിത് മോഡിയുടെ ഓഫീസില്‍ നിന്ന് ലാപ്‌ടോപ്പും സ്യൂട്‌കേസുമായി കടന്ന് കളഞ്ഞ മദ്യ രാജാവിന്റെ വളര്‍ത്തുപുത്രിയെ നാട്ടിലുണ്ടായിട്ട് പോലും ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് ആര്‍ക്കും അറിയില്ല. ക്രമക്കേട് പുറത്തുവരുവോളം ലളിത് മോഡിയുടെ തലതൊട്ടപ്പനായിരുന്നു എന്‍ സി പി നേതാവും ക്രിക്കറ്റ് രാഷ്ട്രീയത്തിലെ കരുത്തനുമായ ശരത് പവാര്‍. കോടികളുടെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളുയര്‍ന്നതോടെ മോഡിയെ കൈവിട്ട് പവാര്‍ സംശുദ്ധനായി. അതുവരെ മോഡി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പവാറുമായുള്ള ബന്ധം ഏതളവില്‍ ഉപയോഗിക്കപ്പെട്ടുവെന്ന് ആരും ചോദിച്ചതേയില്ല. രാജീവ് ശുക്ല മുതല്‍ സി പി ജോഷി വരെ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായവര്‍ ക്രിക്കറ്റ് അസോസിയേഷന്‍ രാഷ്ട്രീയത്തിലും ഐ പി എല്‍ പോലുള്ള മേളകളുടെ സംഘാടനത്തിലും അന്നോളം നടത്തിയിരുന്ന ഇടപെടലുകളില്‍ ആര്‍ക്കും സംശയവുമുണ്ടായില്ല. ക്രിക്കറ്റ് രാഷ്ട്രീയത്തില്‍ അടവും തൊഴിലും ശീലിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയും നരേന്ദ്ര മോഡിയും നേതൃസ്ഥാനത്തുള്ള ബി ജെ പിക്കും ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടായില്ല, ഇനിയൊട്ട് ഉണ്ടാകുകയുമില്ല.
അഴിമതിയുടെയും സ്വജന സംരക്ഷണത്തിന്റെയും ഈ കഥകള്‍ക്ക് മുകളില്‍ നിന്നുകൊണ്ടാണ് വാതുവെപ്പിലുള്‍പ്പെട്ട കളിക്കാരെക്കുറിച്ച് നാം സംസാരിക്കേണ്ടത്. കള്ളപ്പണം വെളുപ്പിക്കാന്‍ സംഘാടകര്‍ ഐ പി എല്ലിനെ ഉപയോഗിച്ചപ്പോള്‍ എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗം കളിക്കാര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചുവെന്ന് മാത്രമേയുള്ളൂ. വലിയ കള്ളന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ച നിയമ നിര്‍ഹവണ സംവിധാനം, കളിക്കാരുടെ ഫോണ്‍ ചോര്‍ത്തി അറസ്റ്റ് ചെയ്ത്, അതിനെ ആഘോഷമാക്കുമ്പോള്‍ പുച്ഛിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. എല്ലാവരുടെയും പൊന്‍മുട്ടയിടുന്ന താറാവാണ് ഐ പി എല്‍. വാതുവെപ്പ് തെളിഞ്ഞത് കൊണ്ട് മാത്രം കളി നിര്‍ത്തില്ല. ഒത്തുകളിച്ചവരെ പുറത്താക്കി മാമാങ്കം പൂര്‍വാധികം ഭംഗിയായി തുടരുമെന്ന് ബി സി സി ഐ അധ്യക്ഷന്‍ ശ്രീനിവാസന്‍ (ഇദ്ദേഹത്തിനുമുണ്ട് ഐ പി എല്‍ ടീം) പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. സമ്പത്തും അധികാരവും മാത്രമായിരുന്നില്ല കോടികളുടെ ഈ വിനോദത്തിന് ചൂഷണം ചെയ്യപ്പെടുന്നത്. അത്തരം ചൂഷണങ്ങളുടെ ചില ദുര്‍ഗന്ധപൂരിതമായ കഥകള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ പുറത്ത് വരികയും ചെയ്തിരുന്നു.
മാഫിയക്ക് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്. കള്ളപ്പണം, ലഹരി, ലൈംഗിക വാണിജ്യം അങ്ങനെയെല്ലാം. കളിക്കളത്തിന് പുറത്തെ പ്രതികാരത്തിന്റെ ലോകത്തേക്ക് കൂടി കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെന്ന് വേണം ശ്രീശാന്തിന്റെയും മറ്റ് രണ്ട് പേരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍. ഒറ്റുകാരില്ലാതെ ഈയൊരു വിവരം പുറത്തുപോകില്ലല്ലോ. വാതുവെപ്പില്‍ 10 ലക്ഷം നഷ്ടപ്പെട്ടപ്പോള്‍ ബന്ധുവിന്റെ മകനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം മോചന ദ്രവ്യമാവശ്യപ്പെടുകയും പോലീസിലറിയിച്ചുവെന്ന് മനസ്സിലായപ്പോള്‍ ആ 13കാരനെ കൊന്ന് കത്തിക്കുകയും ചെയ്ത എം ബി എക്കാരന്‍ ഏതളവിലുള്ള കുറ്റകൃത്യത്തിനും ഇത് പ്രേരകമാകുന്നുവെന്നതിന് തെളിവാണ്.
കള്ളപ്പണത്തിന്റെ ലഭ്യമായ കണക്കുകള്‍ പോലും മൂടിവെച്ചും ഗത്യന്തരമില്ലാത്തഘട്ടത്തില്‍ പിടിയിലാകുന്നവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പോലും മറച്ചുവെച്ചും കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഭരണകൂടമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഈ കളി അനുസ്യൂതം തുടരും. അടിമുടി വ്യാജമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ നാമതിനെ ആസ്വദിക്കും. ഏറുകാരനും അടിക്കാരനും വേണ്ടി ഘോരഘോരം വാദിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest