Connect with us

Editorial

ക്രിക്കറ്റെന്നാല്‍ ഇതൊക്കെയാണ്

Published

|

Last Updated

സ്‌പോര്‍ട്‌സ് പ്രേമികളെയും കാണികളെയും വിഡ്ഢികളാക്കുന്ന തനി ചൂതാട്ടമായി മാറിയിരിക്കുന്നു ക്രിക്കറ്റെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ഡല്‍ഹി പോലീസ് പുറത്ത് കൊണ്ടുവന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ പി എല്‍) ഒത്തുകളി വിവാദവും അതുമായി ബന്ധപ്പെട്ട അറസ്റ്റും. ഐ പി എല്ലിന്റെ ആറാം സീസണില്‍ നടന്ന ഒത്തുകളിയാണ് ഡല്‍ഹി പോലീസ് ഇപ്പോള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മലയാളി പേസ് ബൗളര്‍ ശ്രീശാന്തുള്‍പ്പെടെ രാജസ്ഥാന്‍ റോയല്‍സിലെ മൂന്ന് കളിക്കാരും ഏഴ് ഇടനിലക്കാരും അറസ്റ്റിലായിട്ടുണ്ട്.
മെയ് അഞ്ചിന് പൂനെ വാരിയേഴ്‌സിനും, ഒമ്പതിന് കിംഗ്‌സ് ഇലവന്‍സ് പഞ്ചാബിനും 15ന് മുംബൈക്കും എതിരെ നടന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങളിലാണ് വാതുവെയ്പുകാര്‍ക്ക് വേണ്ടി ശ്രീശാന്തും സഹകളിക്കാരും ഒത്തുകളിച്ചത്. ഒരു ഓവറില്‍ എത്ര റണ്‍സ് വഴങ്ങും എന്നത് സംബന്ധിച്ചായിരുന്നു വാതുവെയ്പുകാരുമായി ധാരണ. ഒത്തുകളിയില്‍ ശ്രീശാന്തിന് 40 ലക്ഷം രൂപയും അങ്കിത് ചവാന് 60 ലക്ഷവും കിട്ടിയപ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ 20 ലക്ഷം, വാക്ക് തെറ്റിച്ചതിന് അജിത് ചാന്ദില തിരിച്ചു കൊടുക്കേണ്ടി വന്നതായും പോലീസ് വെളിപ്പെടുത്തുന്നു. വാതുവെയ്പുകാരും കളിക്കാരും തമ്മിലുള്ള ഫോണ്‍ സംഭാഷണം, ശ്രീശാന്ത് ഒത്തുകളിക്കുന്നതിന്റെ വീഡിയോ ദൃശ്യം തുടങ്ങി വ്യക്തമായ തെളിവുകളോടെയാണ് ഡല്‍ഹി പോലീസിന്റെ നടപടി.
പൗരാണിക കാലം തൊട്ടേ നടപ്പുള്ളതാണ് വാതുവെയ്പ്. അന്നൊക്കെ അതൊരു ഭാഗ്യപരീക്ഷണമായിരുന്നു. വാതുവെയ്പുകാരില്‍ ഒരാളുടെ പ്രവചനം ഭാഗ്യവശാല്‍ ശരിയായി വരുമ്പോള്‍ അയാള്‍ക്ക് വാതുവെയ്പ് തുക കിട്ടും. അല്ലെങ്കില്‍ നഷ്ടപ്പെടും. തട്ടിപ്പിനും വെട്ടിപ്പിനും പുതിയ മാനങ്ങള്‍ കൈവന്ന ആധുനിക യുഗത്തിലാണ് വാതുവെയ്പ് ചൂതാട്ടമായി മാറിയത്. വാതുവെയ്പുകാര്‍ കളിക്കാരെ വിലക്കെടുത്ത് ഒരു കളിയുടെ മൊത്തം ജയാപജയത്തെ മുന്‍കൂട്ടി നിര്‍ണയിക്കുന്ന പ്രവണതയായിരുന്നു ഇവിടെ തുടക്കത്തില്‍. ചില താരങ്ങള്‍ കളിയില്‍ മനഃപൂര്‍വം വീഴ്ചയും പിഴവുകളും വരുത്തി തന്റെ ടീമിനെ തോല്‍പ്പിക്കുന്ന കൊടിയ വഞ്ചന. ഇത്തരമൊരു വാതുവെയ്പ് കേസിലാണ് 2000-ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനായിരുന്ന അസ്ഹറുദ്ദീന്‍ പ്രതിയായതും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അദ്ദേഹത്തിന് ആജീവാനന്ത വിലക്കേര്‍പ്പെടുത്തിയതും. അജയ് ജഡേജ, നയന്‍ മോംഗിയ എന്നിവരുമുള്‍പ്പെട്ടിരുന്നു ഈ വാതുവെയ്പ് കേസില്‍. ഓരോ ഓവറിന്റെയും ഗതിവിഗതി നിര്‍ണയിക്കുന്ന, തത്സമയ വാതുവെയ്പിലേക്ക് ഈ ഏര്‍പ്പാട് വളര്‍ന്നിരിക്കുകയാണിന്ന്. ഒരു ഓവറില്‍ വഴങ്ങുന്ന റണ്‍സിന്റെ കാര്യത്തില്‍ കളിക്കാരും വാതുവെയ്പുകാരുമായി മുന്‍ധാരണ ഉണ്ടാക്കുകയാണിതിന്റെ രൂപം. ഉദാഹരണമായി ഒരു ഓവറിലെ ഒന്നാമത്തെ പന്ത് വൈഡാക്കുമെന്ന് കളിക്കാരന്‍ വാതുവെയ്പുകാരന് വാക്ക് കൊടുക്കുകയും അതിന് പ്രതിഫലമായി ലക്ഷങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ഇതടിസ്ഥാനത്തില്‍ കരാറുകാരന് മറ്റുള്ളവരുമായി വാതുവെയ്പ് നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ അവസരം ലഭിക്കുന്നു.
ഐ പി എല്ലിനെക്കുറിച്ച് ഇതിനകം പല പരാതികളും ഉയര്‍ന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമായാണ് സംഘാടകര്‍ മുഖ്യമായും ഈ മേളയെ ഉപയോഗപ്പെടുത്തുന്നതെന്ന പരാതിയില്‍ ഐ പി എല്ലിന്റെ മുഖ്യ സംഘാടകനും മുന്‍ ചെയര്‍മാനുമായിരുന്ന ലളിത് മോഡിക്കെതിരെ സി ബി ഐയും, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും, ആദായ നികുതി വകുപ്പും അന്വേഷണം നടത്തുകയും ആരോപണത്തിന് ബലമേകുന്ന ഒട്ടറെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അധികാര കേന്ദ്രങ്ങളിലുണ്ടായിരുന്ന സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ലളിത് മോഡിക്ക് കഴിഞ്ഞു. ഉന്നത കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ മിക്ക രാഷ്ട്രീയ പാര്‍ട്ടിയിലെയും പ്രമുഖര്‍ ഉള്‍ക്കൊള്ളുന്ന ഐ പി എല്ലില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്കാവില്ല. ഒത്തുകളിക്കേസില്‍ പിടിക്കപ്പെടുന്ന കളിക്കാര്‍, ഐ പി എല്‍ സാരഥികളെപ്പോലെ ഉന്നതങ്ങളില്‍ പിടിപാടില്ലാത്തവരായതിനാല്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് മാത്രം.
നീണ്ട ക്യൂവിലൂടെ നീങ്ങി ടിക്കറ്റെടുത്ത് സ്റ്റേഡിയത്തില്‍ സ്ഥലം പിടിച്ച് മണിക്കൂറുകളോളം വെയില്‍ കൊണ്ട് ആരവം മുഴക്കുകയും ടി വിക്ക് മുമ്പില്‍ ചടഞ്ഞിരിക്കുകയും ചെയ്യുന്ന സ്‌പോര്‍സ് പ്രേമികളായ ലക്ഷങ്ങളെ വിഡ്ഢികളാക്കുന്ന ഏര്‍പ്പാടായി മാറിയിരിക്കുന്നു ക്രിക്കറ്റെന്നാണ് അടിക്കടി ഉയരുന്ന വാതുവെയ്പ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. വല്ലപ്പോഴും പിടിക്കപ്പെടുകയും കളിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത് കൊണ്ട് വാതുവെയ്പ് ചൂതാട്ടം ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. ഉന്നതങ്ങളില്‍ പിടിപാടുള്ള വന്‍തോക്കുകളാണ് തിരശ്ശീലക്കപ്പുറം ഇത്തരം വാതുവെയ്പ് സംഘങ്ങളെ നിയന്ത്രിക്കുന്നത്.