സ്വന്തം തട്ടകത്തിലെ ഡി വൈ എഫ് ഐ സമ്മേളനത്തിന് വി എസിന് ക്ഷണമില്ല

Posted on: May 16, 2013 12:46 am | Last updated: May 16, 2013 at 12:46 am
SHARE

ആലപ്പുഴ: സ്വന്തം തട്ടകത്തില്‍ ആദ്യമായെത്തിയ ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിലേക്ക് സി പി എമ്മിന്റെ സമുന്നത നേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായ വി എസ് അച്യുതാനന്ദന് ക്ഷണമില്ല. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം പ്രധാനപ്പെട്ട നേതാക്കള്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തുമ്പോള്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിലെ ഒരു ചടങ്ങില്‍ പോലും വി എസിനെ ക്ഷണിച്ചിട്ടില്ല.

സമ്മേളനത്തിന്റെ മുഖ്യ രക്ഷാധികാരിയായ വി എസിനെ പൂര്‍ണമായും ഒഴിവാക്കിയതില്‍ സ്വാഗതസംഘം ഭാരവാഹികള്‍ക്ക് അമര്‍ഷമുണ്ട്. സമ്മേളനത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന് തീരുമാനിച്ചത് ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വമാണെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ജി സുധാകരന്‍ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയെന്ന് തോന്നുന്നെങ്കില്‍ അതേ കുറിച്ച് ഡി വൈ എഫ് ഐ സംസ്ഥാന നേതാക്കളോട് ചോദിക്കണമെന്ന് സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി എസിനെ സമ്മേളനത്തില്‍ നിന്നൊഴിവാക്കിയത് ബോധപൂര്‍വമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങളാരും മദ്യപിച്ചു ലക്കു കെടുന്നവരല്ലെന്നും ബോധത്തോടെ തന്നെയാണ് ഓരോ തീരുമാനവുമെടുക്കുന്നതെന്നുമായിരുന്നു ജി സുധാകരന്റെ ഹാസ്യ രൂപേണയുള്ള മറുപടി.
സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് കവി ഒ എന്‍ വി കുറുപ്പാണ്. സമാപന സമ്മേളനം ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിനമായ 21ന് നടക്കുന്ന പ്രധാന സെമിനാറിന്റെ ഉദ്ഘാടകന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.
സി പി ഐ, ആര്‍ എസ് പി, ജനതാദള്‍(എസ്) നേതാക്കളും സെമിനാറില്‍ സംബന്ധിക്കുന്നുണ്ട്. സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവരുള്‍പ്പെടെയുള്ളവര്‍ മൂന്ന് ദിവസത്തെ സമ്മേളനത്തിലെ വിവിധ പരിപാടികളിലായി സംബന്ധിക്കുമ്പോഴും വി എസിന് മാത്രം സമ്മേളനത്തില്‍ വിലക്കേര്‍പ്പെടുത്തിയതില്‍ അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here