മുസ്‌ലിംകളുടെ കേസുകള്‍ക്ക് അതിവേഗ കോടതികള്‍: സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

Posted on: May 16, 2013 12:15 am | Last updated: May 16, 2013 at 12:38 am
SHARE

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ ഉള്‍പ്പെട്ട തീവ്രവാദ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തതായി ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. തീവ്രവാദ കുറ്റം ചുമത്തി എത്ര മുസ്‌ലിംകളെ ഏതെല്ലാം ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും അവര്‍ എത്ര കാലം ജയിലില്‍ കഴിഞ്ഞുവെന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഷിന്‍ഡെ വ്യക്തമാക്കി.
വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. അത് പൂര്‍ത്തിയാകാന്‍ സമയമെടുക്കും. ഈ വിവരശേഖരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാനായി എന്‍ ഐ എ ആക്ട് പ്രകാരം 39 പ്രത്യേക കോടതികള്‍ സ്ഥാപിച്ചതായി ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗ് കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു.
രാജ്യത്താകമാനം മുസ്‌ലിം യുവാക്കള്‍ തെറ്റായ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ ന്യൂനപക്ഷകാര്യ മന്ത്രി കെ റഹ്മാന്‍ ഖാന്‍, ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിറകേയാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള നീക്കം ഊര്‍ജിതമായിരിക്കുന്നത്.
നിയമവിരുദ്ധ പ്രവൃത്തി തടയല്‍ നിയമം (അണ്‍ ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്- യു എ പി എ) ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണെന്നും ഇതിന്റെ മറവില്‍ നിരവധി നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും റഹ്മാന്‍ ഖാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക കോടതികള്‍ സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.