Connect with us

National

മരുമകള്‍ വേലക്കാരിയല്ല; കുടുംബാംഗം: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മരുമകളെ കുടുംബാംഗമായി തന്നെ കണക്കാക്കണമെന്നും വേലക്കാരിയായി കാണരുതെന്നും സുപ്രീം കോടതി. ഭര്‍ത്താവിന്റെ വീട്ടില്‍ യുവതികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിലും പൊള്ളലേല്‍പ്പിക്കല്‍ അടക്കമുള്ള ആക്രമണങ്ങള്‍ക്കിരയാകുന്നതിലും പരമോന്നത കോടതി കനത്ത ആശങ്ക രേഖപ്പെടുത്തി. വധു പീഡനം സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങിയ ബഞ്ച്.
ഭര്‍ത്തൃഗൃഹത്തില്‍ മരുമക്കള്‍ ബഹുമാനിക്കപ്പെടണം. അത് സംസ്‌കാരസമ്പന്നമായ സമൂഹത്തിന്റെ അടയാളമാണ്. മരുമകളെ കുടുംബാംഗമായി പരിഗണിച്ച് സ്‌നേഹവും ബഹുമാനവും നല്‍കി കുടുംബാന്തരീക്ഷം സൗഹൃദപരമാക്കണം. അവരെ അവഗണിക്കുന്നതും അപരിതിതയോടെന്ന പോലെ പെരുമാറുന്നതും ക്രൂരതയാണ്. ഏത് നേരത്തും ഭര്‍തൃഗൃഹത്തില്‍ നിന്ന് പുറത്തെറിയപ്പെടാമെന്ന പ്രതീതിയുണ്ടാക്കരുതെന്നും ബഞ്ച് നിരീക്ഷിച്ചു.
പലപ്പോഴും ഭര്‍ത്താക്കന്‍മാരും അവരുടെ മാതാക്കളും വധുക്കളെ വേലക്കാരെപ്പോലെയാണ് കാണുന്നത്. ഇത് സമൂഹത്തിന്റെ രോഗാതുരമായ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഭര്‍തൃ പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്ത കേസില്‍ യുവാവിന് വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവെച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.
ശാരീരികമായും മാനസികമായും ഏല്‍പ്പിക്കുന്ന പീഡനങ്ങള്‍ അതിക്രൂരമാണ്. ചിലര്‍ പൊള്ളിക്കുന്നു. നിരന്തരം മര്‍ദിക്കുന്നു. ഇത് യുവതികളില്‍ ജീവിക്കാനുള്ള ആഗ്രഹം പോലും ഇല്ലാതാക്കുന്നു. ഈ അവസ്ഥയിലാണ് അവര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നതെന്ന് ബഞ്ച് നിരീക്ഷിച്ചു.

Latest