Connect with us

Articles

കര്‍ണാടകയല്ല ഇന്ത്യ

Published

|

Last Updated

കര്‍ണാടക നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കി. സിദ്ധാരാമയ്യ മുഖ്യമന്ത്രിയുമായി. ഭാരതീയ ജനതാ പാര്‍ട്ടിയും ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നയിക്കുന്ന ജനതാദളും കനത്ത പരാജയം ഏറ്റുവാങ്ങി. യഡിയൂരപ്പയുടെ കെ ജെ പി ചെറിയ തോതില്‍ അതിന്റെ സാന്നിധ്യം ഉറപ്പാക്കി. ബി ജെ പിയെ തോല്‍പ്പിക്കുന്നതില്‍ അവരും ബി എസ് ആര്‍ കോണ്‍ഗ്രസും കാര്യമായ പങ്ക് വഹിച്ചു. ഈ വിജയം രാഹുലിന്റെ വിജയമോ മോഡിയുടെ പരാജയമോ ആയി കരുതാന്‍ വേണ്ടത്ര ന്യായമില്ല.
കര്‍ണാടകയുടെ ഗതി സുനിശ്ചിതമായിരുന്നു. ബി ജെ പിയുടെ കൊള്ളരുതായ്മയും അഴിമതിയും ഭരണപരാജയവുമാണ് പ്രധാന ഘടകം. കോണ്‍ഗ്രസല്ലാതെ പകരം വെക്കാന്‍ മറ്റൊരു ശക്തിയില്ലാത്തതും അവരെ തുണച്ചു. യഡിയൂരപ്പയുടെ സ്വന്തക്കാരി ശോഭ കരന്തലജെയുള്‍പ്പെടെ പലരും പരാജയപ്പെട്ടു. റെഡ്ഢിസഹോദരന്മാരുടെ അഴിമതിയും കുംഭകോണവും ബി ജെ പി ഭരണത്തിന്റെ മാറ്റ് കുറച്ചെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ് ടിക്കറ്റിലും അത്തരക്കാര്‍ ജയിച്ചു കയറിയിട്ടുണ്ട്. സാമ്പത്തിക ലാഭം ലക്ഷ്യമാക്കി രാഷ്ട്രീയ രംഗവും ഭരണവും കൈയടക്കാനുള്ള വ്യവസായികളുടെ പരിശ്രമവും ഈയിടെയായി സര്‍വസാധാരണമാണ്. അത്തരക്കാര്‍ക്ക് പാര്‍ട്ടി ഏതായാലും പ്രശ്‌നമല്ല.
ഇതൊക്കെയാണെങ്കിലും ദക്ഷിണേന്ത്യയിലെ ബി ജെപി ഭരണം നിഷ്‌കാസനം ചെയ്യപ്പെട്ടത് ആശ്വാസകരമാണ്. മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കര്‍ണാടകയിലും ഇറക്കുമതി ചെയ്തിരുന്നു. അദ്ദേഹം കാര്യങ്ങളുടെ കിടപ്പ് മുന്‍കൂട്ടിക്കണ്ടതിനാല്‍ അധികം സ്ഥലങ്ങളില്‍ പ്രചാരണത്തിനു പോകാതെ തടിയൂരി. അല്ലെങ്കിലും മോഡി ഒരു കാര്യമായ ഘടകമല്ല. ഊതിപ്പെരുപ്പിച്ച പ്രതിച്ഛായക്ക് ദീര്‍ഘകാലം നിലനില്‍ക്കാനാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ കര്‍ണാടക വിജയം മതിയാകുകയില്ല. പ്രാദേശിക രാഷ്ട്രീയം മേധാവിത്വം പുലര്‍ത്തുന്ന കാലമാണിത്. യു പി എ സര്‍ക്കാര്‍ അനേകം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവയൊന്നും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസും ഘടക കക്ഷികളും വിജയിച്ചിട്ടില്ല. പ്രാദേശിക സ്വഭാവമുള്ള ചെറു കക്ഷികള്‍ കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അവരുടെതായി ചിത്രീകരിക്കുകയാണ് പതിവ്. കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടെ വളരെ കാലമായി അത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളിലൊന്നും വിശ്വസിക്കുന്നില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളും ന്യൂനപക്ഷക്ഷേമ പദ്ധതികളും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും വിദ്യാഭ്യാസ അവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയവയുമൊക്കെ യു പി എ സര്‍ക്കാറിന്റെ തൊപ്പിയിലെ പൊന്‍ തൂവലുകളാണ്. അത്തരം നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കളഞ്ഞ അഴിമതിക്കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അശ്വനികുമാറും പവന്‍കുമാര്‍ ബന്‍സലുമൊക്കെ രാജി വെക്കേണ്ടിവന്ന സാഹചര്യവും വന്‍ തിരിച്ചടി തന്നെ. സി ബി ഐ കൂട്ടിലിട്ട തത്തയാണെന്ന സുപ്രീം കോടതി പരാമര്‍ശവും കോണ്‍ഗ്രസിനു ക്ഷീണമായി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ടു ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം, റെയില്‍വേ ബോര്‍ഡ്, പ്രതിരോധ വകുപ്പ് അഴിമതികള്‍ തുടങ്ങിയവ ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണങ്ങളാണ്. അഴിമതിരഹിത ഭരണമെന്ന സങ്കല്‍പ്പം അകന്നകന്നു പോകുകയാണ്. ബ്യൂറോക്രസി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ വന്‍തോതിലുള്ള അഴിമതി കാരണം ബ്യൂറോക്രസിയുടെ കുറ്റങ്ങള്‍ അപ്രസക്തമാകുകയാണ്. തിരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങളും അന്തര്‍ലീനമാണെങ്കിലും മര്‍മപ്രധാനമായ വിഷയം മതേതരത്വമാണ്. അതിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഭാരതീയ ജനതാ പാര്‍ട്ടിയും സംഘ്പരിവാറും അധികാരത്തിനു വേണ്ടി ദാഹിക്കുകയാണ്. ആവനാഴിയിലെ സകല അസ്ത്രങ്ങളും അവര്‍ പുറത്തെടുക്കും. മോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ നടപടി വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നമ്മുടെ ഭരണഘടനയും പാരമ്പര്യവും ദേശീയ ലക്ഷ്യങ്ങളും പാടെ വിസ്മരിച്ചു കൊണ്ടും അട്ടിമറിച്ചുമുള്ള ഭരണമാണവര്‍ വിഭാവനം ചെയ്യുന്നത്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും അവര്‍ വെച്ചു പൊറുപ്പിക്കുകയില്ല. ഈ ബഹുസ്വര സമൂഹത്തിന്റെ സഹിഷ്ണുതയും സൗഹാര്‍ദവും അവര്‍ നിലനിര്‍ത്തില്ല. സഹസ്രാബ്ദങ്ങളായി ഇന്ത്യ ലോക ജനതയുടെ മുമ്പില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നത് ഈ സഹിഷ്ണുതാ മനോഭാവത്തിലാണ്.
ഹൈന്ദവതയും ഇസ്‌ലാമും ക്രൈസ്തവതയുമൊക്കെ ഒന്നു ചേര്‍ന്നൊഴുകിയ നാടാണിത്. 800 വര്‍ഷക്കാലം ഇന്ത്യയുടെ ഭരണം മുസ്‌ലിംകളുടെ കൈകളിലായിരുന്നു. ഭരണാധികാരികള്‍ എന്ന നിലവിട്ട് അവര്‍ പെരുമാറിയിരുന്നന്നുവെങ്കില്‍ ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമാകുമായിരുന്നു. അതിലൊന്നും അവര്‍ക്ക് ശ്രദ്ധയുണ്ടായിരുന്നില്ല. ഏതു ഭരണാധികാരിയും ചെയ്യുന്നതു പോലെ അധികാരം നിലനിര്‍ത്താനും സമ്പത്തും പ്രതാപവും വര്‍ധിപ്പക്കാനുമാണവര്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്. ഒരിക്കലും മായാത്ത സാംസ്‌കാരിക മുദ്രകള്‍ ചാര്‍ത്തി രാജ്യത്തെ അവര്‍ ധന്യമാക്കി. ജനോപകാരപ്രദമായ പല പദ്ധതികളും നടപ്പിലാക്കി. മുസ്‌ലിം ഭരണാധികാരികളെയും ബ്രിട്ടീഷുകാരെയും ക്രിസ്ത്യാനികളെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തതും അവരുടെ സ്വാധീനം ഉറപ്പിക്കാന്‍ അവരെ സഹായിച്ചതും ഹിന്ദുക്കളും അന്നത്തെ രാജാക്കന്‍മാരുമായിരുന്നു. അവര്‍ക്കൊന്നും ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നതായി അറിയില്ല. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ജൂതന്‍മാരുമൊക്കെ ഇന്ത്യയില്‍ സ്വാഗതം ചെയ്യപ്പെട്ടു. വ്യത്യസ്ത മതവിഭാഗങ്ങളും ജനതകളും ചേര്‍ന്ന് രൂപപ്പെടുത്തിയ ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. മതേതരത്വവും ജനാധിപത്യവും ദേശീയ നേതാക്കള്‍ സ്വീകരിക്കേണ്ടി വന്നത് ആ സാഹചര്യത്തിലാണ്. ഇന്നും ഇന്ത്യക്കാരെല്ലാം പരസ്പര സൗഹാര്‍ദത്തില്‍ തന്നെയാണ് കഴിയുന്നത്. അവര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചവരെല്ലാം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണത് ചെയ്തത്. ഹിന്ദുവിനേയും മുസല്‍മാനേയും വേര്‍തിരിച്ചു, നിര്‍ത്തി പരസ്പരം കലഹിക്കാന്‍ പ്രേരിപ്പിച്ചതാരായാലും അവര്‍ക്കെല്ലാം ദുരുദ്ദേശ്യമുണ്ടായിരുന്നു. അതു പണ്ട് ചെയ്തവരും ഇപ്പോള്‍ ചെയ്യുന്നവരും ഒരുപോലെ രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നത്. ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദുക്കളുടെ വികാരമുണര്‍ത്തി ഇന്ത്യയുടെ ഭരണത്തിലെത്താനാണ്. ഗുജറാത്ത് കൂട്ടക്കൊല നടത്തിയത് മോഡിയുടെ അധികാരം നിലനിര്‍ത്താനാണ്. ഈ രണ്ട് കുറ്റങ്ങളേക്കാളും കൂടിയ തോതിലുള്ള മറ്റെന്തെങ്കിലും വര്‍ഗീയ പിന്തിരിപ്പന്‍ വഴികളിലൂടെ ഇന്ത്യയെ പിടിക്കാനാണ് മോഡിയെ മുന്‍പില്‍ നിര്‍ത്തി ബി ജെ പി ഇപ്പോള്‍ പരിശ്രമിക്കുന്നത്.
ഫാസിസ്റ്റ് ഭീഷണിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ മതേതര ശക്തികള്‍ അധികാരത്തിലെത്തണം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും സഖ്യ കക്ഷികളുമല്ലാതെ മറ്റൊരു ശക്തി തത്കാലം നമ്മുടെ മനസ്സിലില്ല. മോശമായ പ്രതിച്ഛായയും അഴിമതിയുടെ കറയും ഉണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ മറ്റൊരു വഴി നമ്മുടെ മുമ്പില്‍ ഇല്ല. കളങ്കമില്ലാത്ത മതേതര പ്രതിച്ഛായ പടുത്തുയര്‍ത്താനും കോണ്‍ഗ്രസിന് കഴിയണം. ഇടക്കിടെ സ്വീകരിക്കുന്ന അഴകൊഴമ്പന്‍ നിലപാടുകളും മൃദു ഹിന്ദുത്വ സമീപനവും മതേതരവാദികളെ നിരാശപ്പെടുത്താറുണ്ട്. മതേതര ശക്തികളെയും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളെയും പാവപ്പെട്ടവരെയും കൂടെ നിര്‍ത്താനും അവരുടെ വിശ്വാസമാര്‍ജിക്കാനും കോണ്‍ഗ്രസും സഖ്യകക്ഷികളും ഇനിയെങ്കിലും ശക്തമായ നിലപാട് സ്വീകരിക്കണം. ബി ജെ പിയുടെ വീഴ്ചയില്‍ നിന്ന് മുതലെടുക്കുന്നതിനു പകരം സ്വന്തം മികവുകൊണ്ട് ജയിക്കാന്‍ അവര്‍ പഠിക്കണം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സംശയാതീതമായി സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മൃദു ഹിന്ദുത്വ സമീപനം ഭീമമായ അബദ്ധമാണ്. ആര്‍ക്കും വിശ്വാസമില്ലാത്ത അവസ്ഥയാണ് അത് സൃഷ്ടിക്കുക. മതേതരത്വത്തിലും ജനാധിപത്യത്തിലും ഉറച്ചുനിന്ന് പോരാടുകയാണ് വേണ്ടത്. മതന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും പക്ഷത്ത് ചാഞ്ചാട്ടമില്ലാതെ നില്‍ക്കാനും കഴിയണം. വലതുപക്ഷ ഫാസിസ്റ്റ് വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളെ ചെറുത്തു തോല്‍പ്പിക്കാന്‍ അത് ആവശ്യമാണ്. അഴിമതിയുടെ കറ പുരുണ്ട സകലരെയും കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും വേണം. കര്‍ണാടകയിലെ രാഷ്ട്രീയ സ്ഥിതിയല്ല ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പൊതു രാഷ്ട്രീയ ചിത്രം വരച്ചു കാട്ടുന്നത്.