Connect with us

Editorial

സൈനികരുടെ സദാചാരത്തകര്‍ച്ച

Published

|

Last Updated

siraj copyസൈന്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഈയിടെയായി നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഉയര്‍ന്ന നാവിക ഉദ്യോഗസ്ഥര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായി ഒരു മാസം മുമ്പാണ് കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാത്തെ ലഫ്റ്റനന്റ് കമാന്‍ഡര്‍ രവി കിരണിന്റെ ഭാര്യ ഒഡീഷക്കാരി സുജാത അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ ഉദ്യോഗക്കയറ്റത്തിന് വേണ്ടിയാണത്രെ അവിഹിത വേഴ്ചക്ക് അയാള്‍ നിര്‍ബന്ധിക്കുന്നത്. ഏഴ് നാവികോദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയുമുണ്ടായി. ഇതിന് സമാനമായ ഒരാരോപണം കര്‍വാറിലെ നാവിക സേനാ കേന്ദ്രത്തിലെ ലഫ്റ്റനന്റ് കമാന്‍ഡര്‍ക്കെതിരെയും ഉയര്‍ന്നിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി അവിഹിത ബന്ധത്തിനും മദ്യപാനത്തിനും ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും വഴങ്ങിയില്ലെങ്കില്‍ തന്റെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലുടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഈ സ്തീയുടെ പരാതി. ഏപ്രില്‍ 30ന് ഇതുസംബന്ധിച്ചു പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് അവര്‍ കത്തയക്കുകയും തദടിസ്ഥാനത്തില്‍ അന്വേഷണം നടന്നു വരികയുമാണ്. റഷ്യന്‍ യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന ഒരു നാവികോദ്യോസ്ഥനെ, പിരിച്ചു വിട്ടത് അടുത്തിടെയാണ്. കാശ്മീര്‍, അസം തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെട്ട സൈനികര്‍ ആ പ്രദേശത്തെ സ്ത്രീകള്‍ക്ക് നേരം നടത്തുന്ന ലൈംഗികാത്രികമങ്ങളുടെയും, സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ട യുവതികള്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന ലൈഗിക പീഡനങ്ങളുടെയും വാര്‍ത്തകള്‍ പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്.
രാജ്യസുരക്ഷക്ക് നിയോഗിക്കപ്പെട്ട സൈനികര്‍ക്ക് ഭരണകൂടം ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. സമൂഹത്തിന്റെ പ്രത്യേക ആദരവും അര്‍ഹിക്കുന്നുണ്ട് ഈ വിഭാഗം. തിരിച്ചു സമൂഹത്തോടും സ്വന്തത്തോട് തന്നെയും ചില കടമകളും കടപ്പാടുകളും അവര്‍ക്കുമുണ്ട്. വ്യക്തിജീവിതത്തിലെ സംശുദ്ധി ഇക്കൂട്ടത്തില്‍ പ്രധാനമാണ്. ഖേദകരമെന്ന് പറയട്ടെ, പരിതാപകരമാണ് ഇക്കാര്യത്തില്‍ രാജ്യത്തെ സുരക്ഷാ വിഭാഗത്തിന്റെ സ്ഥിതി. സാഹചര്യങ്ങളുടെ പ്രേരണയില്‍ ചില വീഴ്ചകള്‍ സംഭവിക്കാമെങ്കില്‍ തന്നെയും സദാചാര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഭാര്യയെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന വിധം ധര്‍മച്യുതിയിലേക്ക് സൈനികര്‍ അധഃപതിക്കുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും അത്യന്തം നാണക്കേടാണ്. സബ്‌സിഡി നിരക്കില്‍ മദ്യവിതരണം നടത്തി സൈനികരുടെ വിവേകവും മൂല്യബോധവും നശിപ്പിക്കുന്ന ഭരണകൂടമാണ് ഇവിടെ പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത്.
ഒരര്‍ഥത്തില്‍ സമൂഹത്തെ മൊത്തം ബാധിച്ച ധര്‍മച്യുതിയുടെ ഭാഗമാണിത്. കാര്യം നേടാന്‍ മേലുദ്യോഗസ്ഥരുടെയും സ്ഥാപന മേധാവികളുടെയും ലൈംഗിക താത്പര്യം ചൂഷണം ചെയ്തു സ്ത്രീകളെ കാഴ്ച വെക്കുന്ന പ്രവണത സാര്‍വത്രികമായിട്ടുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഒരു സ്ഥാപനത്തില്‍ ജോലിയോ, ഉദ്യോഗക്കയറ്റമോ ആവശ്യപ്പെടുന്ന സ്ത്രീകളോട്, പ്രത്യുപകാരമായി മേലുദ്യോഗസ്ഥരും സ്ഥാപന മേധാവികളും കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെടുന്നതായുളള പരാതികളും വ്യാപകമാണ്. ജോലിക്കുള്ള എല്ലാ അര്‍ഹതയും യോഗ്യതയും ഉണ്ടയിട്ടും മേലുദ്യോഗസ്ഥന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെന്ന കാരണത്താല്‍ ജോലി നിഷേധിക്കപ്പെട്ട സംഭവങ്ങളും ചുരുക്കമല്ല. സ്വന്തം ഭാര്യയെപ്പോലും മേലുദ്യോഗസ്ഥന്റെ കിടപ്പറയിലേക്ക് തള്ളി വിടാന്‍ പ്രേരിപ്പിക്കുന്നത് ഈയൊരു സാമൂഹികാന്തരീക്ഷമാണ്. ഭാര്യയുടെ ലൈംഗിക വിശുദ്ധിയേക്കാള്‍ സ്വന്തം ഉദ്യോഗക്കയറ്റത്തിന് വില കല്‍പിക്കുന്ന മാനസികാവസ്ഥ സമൂഹത്തെ ബാധിച്ച മാരകമായ സദാചാര തകര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സൈനിക, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് കായികവും മാനസികവുമായ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. മാസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷമാണ് അവര്‍ക്ക് നിയമനം നല്‍കുന്നത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനും സുരക്ഷ ഉറപ്പ് വരുത്താനും ഇത്തരം പരിശീലനങ്ങള്‍ അനിവാര്യമാണെന്നതോടൊപ്പം, രാജ്യത്തിന്റെ അന്തസ്സും മാനവും കാക്കാന്‍, സദാചാര ശീലം വളര്‍ത്തിയെടുക്കുന്നതിന് പര്യാപ്തമായ ധാര്‍മിക പരിശീലനം കൂടി അനിവാര്യമാണെന്ന തിരിച്ചറിവ് ഭരണകൂടങ്ങള്‍ക്ക് വേണം. വിവാദമായ ലൈംഗികാരോപണങ്ങളിന്മേല്‍ നടന്നു വരുന്ന അന്വേഷണങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പ് നല്‍കുന്ന പ്രതിരോധ മന്ത്രിയും സര്‍ക്കാറും ഇക്കാര്യം കൂടി സജീവമായി പരിഗണിക്കേണ്ടതുണ്ട്. പ്രത്യുത രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.

Latest