നാവിക ആസ്ഥാനത്തെ പീഡനം; കുറ്റക്കാരെ വെറുതെവിടില്ല: ആന്റണി

Posted on: May 15, 2013 12:56 pm | Last updated: May 15, 2013 at 5:03 pm
SHARE

ന്യൂഡല്‍ഹി: നാവികത്താവളത്തില്‍ വച്ച് ഇരുപത്താറുകാരിയെ നാവിക ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി.

കേസില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണം അവസാനിക്കുന്നത് വരെ ക്ഷമ കാണിക്കണം. കുറ്റക്കാരെന്ന് തെളിയുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒറീസക്കാരിയായ യുവതിയുടെ പരാതിപ്രകാരം അവരുടെ ഭര്‍ത്താവ് ലഫ്. രവികിരണ്‍ കബ്ദു ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കൊച്ചി ഹാര്‍ബര്‍ പോലീസ് കേസ്സെടുത്തിരുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും അച്ഛനും സഹോദരിയും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെയാണ് പോലീസ് കേസ്സെടുത്തത്.

എന്നാല്‍ യുവതിയുടെ പരാതിയിലുള്ള കാര്യങ്ങള്‍ വാസ്തവമല്ലെന്നാണ് നാവിക സേന ആസ്ഥാനത്ത് നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നത്.