വള്ളിത്തോട്ടില്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ സ്ഥലം വ്യാജരേഖ ചമച്ച് കൈയേറിയതായി പരാതി

Posted on: May 15, 2013 6:33 am | Last updated: May 15, 2013 at 6:33 am
SHARE

ഇരിട്ടി: വള്ളിത്തോടിലെ ശാരോണ്‍ ഡഗ്ലസ് മെമ്മോറിയല്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ സ്ഥലം വ്യാജരേഖ ചമച്ച് പഞ്ചായത്ത് മെമ്പര്‍ കൈയേറിയതായി പരാതി. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോമാണ് പായം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ സ്ഥലത്തെ ബോര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കൈയേറി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്തുന്നതായി പരാതിയുയര്‍ന്നത്.
1965ല്‍ സഭ വാങ്ങിയ സ്ഥലമാണ് വള്ളിത്തോട് ടൗണിനോടുത്തുള്ള സ്ഥലം. സ്ഥലവും സ്ഥാപനവും നോക്കി നടത്തുവാനായി സഭ, ചര്‍ച്ച് കൗണ്‍സില്‍ മെമ്പറായ സി വി ജോണ്‍ എന്നയാളെ അധികാരപ്പെടുത്തിയിരുന്നു. എന്നാല്‍ 2012 ജൂണ്‍ മാസം മുതല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വിദ്യാര്‍ഥികളെ ലഭിക്കാനില്ലെന്ന് പറഞ്ഞ് ജോണ്‍ സ്ഥാപനം നിര്‍ത്തുകയും പിന്നീട് ചര്‍ച്ചിന്റെ ഉന്നതര്‍ അറിയാതെ സ്ഥലത്തെ കെട്ടിടത്തില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്താന്‍ രേഖാമൂലം അനുമതി നല്‍കുകയും ചെയ്തുവത്രെ.
സഭാ ഉന്നതര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇവിടെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നടത്തിപ്പുകാരനായ സി വി ജോണ്‍ മാനേജിംഗ് ട്രസ്റ്റിയായി മകള്‍ സാറാമ്മ ജെയിംസിനെയും ചേര്‍ത്ത് ശാരോണ്‍ ഡഗ്ലസ് മെമ്മോറിയല്‍ ചില്‍ഡന്‍സ് ഹോം ട്രസ്റ്റ് എന്ന പേരില്‍ 2005ല്‍ ഉളിയില്‍ സബ് രജിസ്ട്രര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തയായും അറിഞ്ഞു.
താനാണ് ഇതിന്റെ ഉടമയെന്ന് കാണിച്ചാണ് പഞ്ചായത്ത് മെമ്പര്‍ക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നടത്താന്‍ രേഖാമൂലം എഴുത്തുകൊടുത്തതെന്ന് പറയുന്നു.
സഭാചട്ടമനുസരിച്ച് ജോണിനെ കുറ്റം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയെങ്കിലും പഞ്ചായത്തംഗം സ്ഥാപനം ഒഴിഞ്ഞുതരാന്‍ തയ്യാറായില്ലെന്നും മതമൗലികവാദികളെ കൂട്ടുപിടിച്ച് തങ്ങളെ ഭീഷണിപ്പെടുത്തി സ്ഥലം കൈവശപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ് പി, ഇരിട്ടി ഡി വൈ എസ് പി, സി ഐ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഹോം മാനേജര്‍ പാസ്റ്റര്‍ ടി വൈ ജെയിംസ്, ഹസ്റ്റര്‍മാരായ എബ്രഹാം ജോസഫ്, എസ് എം കുരുവിള, കെ ജി മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.