Connect with us

Kannur

കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ തര്‍ക്കം ലീഗ് കൗണ്‍സിലര്‍മാരില്‍ അഭിപ്രായ വോട്ടെടുപ്പ്; റോഷ്‌നിക്ക് മുന്‍തൂക്കം

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനെ തീരുമാനിക്കുന്നതിന് വേണ്ടി മുസ്‌ലിംലീഗ് കൗണ്‍സിലര്‍മാരില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ റോഷ്‌നി ഖാലിദിന് മുന്‍തൂക്കം. 16 കൗണ്‍സിലര്‍മാരാണ് അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇവരില്‍ എട്ട് പേര്‍ റോഷ്‌നി ഖാലിദിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ഏഴ് പേര്‍ സി സീനത്തിനെ ചെയര്‍പേഴ്‌സനാക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മുന്‍ ചെയര്‍പേഴ്‌സന്‍ ടി കെ നൂറുന്നീസയുടെ പേര് ഒരാള്‍ രേഖപ്പെടുത്തി. പതിനേഴ് കൗണ്‍സിലര്‍മാരാണ് ലീഗിന് കൗണ്‍സിലുള്ളത്. ഇതില്‍ വൈസ് ചെയര്‍മാന്‍ സി സമീര്‍ അഭിപ്രായം രേഖപ്പെടുത്താനെത്തിയില്ല.
കോണ്‍ഗ്രസിന് പതിനാറും മുസ്‌ലിംലീഗിന് പതിനേഴും അംഗങ്ങളാണുള്ളത്. ഐ എന്‍ എല്‍ എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച റഷീദ മഹലില്‍ അടക്കമാണ് ലീഗിന് പതിനേഴംഗങ്ങള്‍. ഐ എന്‍ എല്ലിലെ ഒരു വിഭാഗം മുസ്‌ലിംലീഗില്‍ ലയിച്ചതോടെ ഇവരും ലീഗില്‍ ചേര്‍ന്നിരുന്നു. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് വരെ നീണ്ടുനിന്നു. മുനിസിപ്പല്‍ കമ്മിറ്റി നേതാക്കളായ എം ഐ തങ്ങള്‍, പി കെ ഇസ്മത്ത് എന്നിവര്‍ പങ്കെടുത്തു. അഭിപ്രായ വോട്ടെടുപ്പ് നടത്തിയെങ്കിലും ചെയര്‍പേഴ്‌സനായി ആരെ വേണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് ഇന്നലത്തെ വോട്ടെടുപ്പില്‍ കൗണ്‍സിലര്‍മാര്‍ അധികാരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൗണ്‍സിലര്‍മാരിലെ ഭൂരിപക്ഷപ്രകാരം ചെയര്‍പേഴ്‌സനെ തീരുമാനിക്കണമെന്നില്ലെന്നാണ് സൂചന. റോഷ്‌നി ഖാലിദിനാണ് നേരിയ ഭൂരിപക്ഷമെങ്കിലും പാര്‍ട്ടി സി സീനത്തിനെ ചെയര്‍പേഴ്‌സനാക്കിയാലും അംഗീകരിക്കണമെന്നാണ് മേല്‍വാചകം കൊണ്ട് അര്‍ഥമാക്കുന്നത്.
വോട്ടെടുപ്പിനെ തുടര്‍ന്നും അഭിപ്രായ സമന്വയമുണ്ടാക്കാനായില്ലെങ്കില്‍ ജില്ലാ നേതൃത്വം ഇടപെട്ട് ചെയര്‍പേഴ്‌സനെ തീരുമാനിക്കും. അതിനിടെ കണ്ണൂര്‍ നഗരസഭയിലെ അധികാര കൈമാറ്റ ധാരണ പാലിക്കുന്നതിന് വേണ്ടി ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് നിന്ന് എം സി ശ്രീജ രാജിവെച്ചിട്ട് ഒരാഴ്ച തികഞ്ഞിട്ടും ചെയര്‍പേഴ്‌സനെ മുസ്‌ലിംലീഗിന് തീരുമാനികാത്തത് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. റോഷ്‌നി ഖാലിദിനും സി സീനത്തിനും വേണ്ടി പാര്‍ട്ടിയിലേയും കൗണ്‍സിലര്‍മാരിലെയും ഇരുവിഭാഗം ശക്തമായി രംഗത്തിറങ്ങിയതോടെയാണ് തര്‍ക്കം രൂക്ഷമായതും ചെയര്‍പേഴ്‌സന്‍ തീരുമാനം നീണ്ടുപോയതും. ഈ സാഹചര്യത്തിലാണ് ലീഗ് കൗണ്‍സിലര്‍മാരുടെ അഭിപ്രായ വോട്ടെടുപ്പ് ഇന്നലെ നടത്തിയത്. കണ്ണൂര്‍ നഗരസഭയുടെയും മുസ്‌ലിംലീഗിന്റെയും ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സംഭവം നടക്കുന്നത്.
കൗണ്‍സിലര്‍മാരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ചെയര്‍പേഴ്‌സന്‍ ആരാകണമെന്ന് ലീഗ് പാര്‍ലമെന്ററി കമ്മിറ്റി തീരുമാനമെടുക്കും. വൈസ് ചെയര്‍മാന്‍ സി സമീര്‍ ഇന്നലെ അഭിപ്രായം പറയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തില്‍ നിന്ന് കൂടി അഭിപ്രായം തേടിയെക്കും. സി സീനത്തിന് അനുകൂലമാണ് സമീറിന്റെ അഭിപ്രായമെങ്കില്‍ ഇരുവര്‍ക്കും തുല്യവോട്ടാണ് ലഭിക്കുക. അങ്ങിനെയെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിന്റേതാകും അവസാന വാക്ക്. കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമാകുമെന്നാണ് കരുതുന്നത്.

Latest