പാരിസ്ഥിക ലോല മേഖല: പോരാട്ടം ശക്തമാക്കും- തിരുനെല്ലി പഞ്ചായത്ത് മനുഷ്യാവകാശ സമിതി

Posted on: May 15, 2013 6:29 am | Last updated: May 15, 2013 at 6:29 am
SHARE

മാനന്തവാടി: പാരിസ്ഥിതിക സംവേദക മേഖലാ നിര്‍ദേശങ്ങളുടെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനകീയ പോരാട്ടം ശക്തമാക്കുമെന്ന് തിരുനെല്ലി പഞ്ചായത്ത് മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 17 മുതല്‍ ആയിരങ്ങളെ അണിനിരത്തി ഡി എഫ് ഒ ഓഫീസ് മാര്‍ച്ച് നടത്തും. പ്രദേശത്തിന്റെ ഭൂരിഭാഗവും വനത്താല്‍ ചുറ്റപ്പെട്ട ഒരു പഞ്ചായത്തിന്റെ രണ്ട് വില്ലേജുകളേയും നിര്‍ദേശങ്ങളില്‍പ്പെടുത്തുമെന്ന് പറയുന്നതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. നിര്‍ദേശങ്ങളുടെ മറവില്‍ വനം വകുപ്പ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അമിതാധികാരങ്ങള്‍ അടിയന്തിരമായും പിന്‍വലിക്കാന്‍ നടപടിയുണ്ടാകണം.
വീട് വെക്കല്‍, റോഡുകളുടെ നിര്‍മാണം, നിലവിലുള്ളതിന്റെ അറ്റകുറ്റപണികള്‍, സ്ഥലത്തിന്റെ ഭാഗകരാര്‍, വില്‍പന, അത്യാവശ്യകാര്യങ്ങള്‍ക്കുള്ള വൃക്ഷവില്‍പന തുടങ്ങിയ കാര്യങ്ങളിലാണ് വനം വകുപ്പിന്റെ പുതിയ നിയന്ത്രണങ്ങള്‍.ഇത് പിന്‍വലിക്കാതെ വനവിഭവങ്ങള്‍ ലേലം ചെയ്ത് വില്‍പന നടത്തുന്നതുള്‍പ്പെടെയുള്ള വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കൂട്ടായി പ്രതിരോധിക്കും. സംസ്ഥാന സര്‍ക്കാറിനും കേന്ദ്രാ സര്‍ക്കാറിനും കാര്യങ്ങള്‍ വിശദീകരിച്ച് നിവേദനം നല്‍കും. പരിസ്ഥിതി സംരക്ഷണത്തിന് അങ്ങേയറ്റം ജാഗരൂകരാണ് ഇവിടുത്തെ ഗ്രാമവാസികള്‍. അതിനായി വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം, പ്ലാസ്റ്റിക് ഉപയോഗം എന്നിവ അടിയന്തിരമായി പരിശോധിക്കുകയാണ് അധികാര കേന്ദ്രങ്ങള്‍ ചെയ്യേണ്ടത്. സഞ്ചരിക്കാനും കൃഷി ചെയ്യാനും സൈ്വരമായി ജീവിക്കാനും സംസ്‌കാരിക തനിമ ഉയര്‍ത്തി പിടിക്കാനുമുള്ള പ്രദേശവാസികളുടെ അവകാശം സംരക്ഷിച്ച് കൊണ്ടുള്ള ഏത് പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങള്‍ അനുകൂലമാണ്. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ ലക്ഷ്മണന്‍ മാസ്റ്റര്‍,ജനറല്‍ കണ്‍വീനര്‍ പി വി സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.