Connect with us

National

റോത്തക്കിലെ വിവാദ ആശ്രമം ഒഴിപ്പിച്ചു; സംഘര്‍ഷാവസ്ഥ

Published

|

Last Updated

റോത്തക്ക്: ഹരിയാനയിലെ റോത്തക്ക് ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമായ ആശ്രമം ഒഴിപ്പിച്ചു. ഐ പി സി 144 ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ആശ്രമം ഒഴിപ്പിക്കാന്‍ റോത്തക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ വികാസ് ഗുപ്ത ഉത്തരവിട്ടിരുന്നു. അതേസമയം, ഇവിടെ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്.
പിടികൂടിയ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട്, സംഘര്‍ഷത്തില്‍ മരിച്ച പ്രമീള എന്ന സ്ത്രീയുടെ മൃതദേഹവുമായി ആര്യസമാജം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന് പിടിയിലായവരെ മോചിപ്പിച്ചു. എന്നാല്‍ ആശ്രമം അടച്ചുപൂട്ടാതെ മൃതദേഹം മറവുചെയ്യില്ല എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ആര്യസമാജം പ്രവര്‍ത്തകര്‍. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ഇരുകൂട്ടരോടും മുഖ്യമന്ത്രി ഭുപിന്ദര്‍ സിംഗ് ഹൂഡ വീണ്ടും ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കമ്മീഷണര്‍ വികാസ് ഗുപ്ത ആശ്രമം അടച്ചുപൂട്ടമെന്നും ആര്യസമാജം പ്രവര്‍ത്തകരും ഗ്രാമീണരും വീടുകളിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ദിവസമായി വിവാദ ആത്മീയ നേതാവ് രാംപാലിന്റെ സാട്ടലോക്ക് ആശ്രമത്തില്‍ ആയിരക്കണക്കിന് ആളുകള്‍് ക്യാമ്പ് ചെയ്യുകയായിരുന്നു. ആശ്രമത്തിന് പുറത്ത് ഗ്രാമവാസികളും ആര്യസമാജം പ്രവര്‍ത്തകരും ആശ്രമം അടച്ചുപൂട്ടണമെന്നും സംഘര്‍ഷത്തില്‍ മരിച്ച മൂന്ന് പേരുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയാണ്. റോത്തക്കില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയുള്ള കാരോനാഥ് ഗ്രാമത്തിലെ ആശ്രമത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ ആശ്രമത്തിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിക്കുകയും പോലീസുകാര്‍ ഉള്‍പ്പെടെ 100ല്‍പരം പേര്‍ക്ക് പരുക്കുമേറ്റിരുന്നു. പ്രദേശത്ത് 500ല്‍പരം സി ആര്‍ പി എഫ് പട്ടാളക്കാരും സംസ്ഥാന പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.

Latest