Connect with us

National

മായാ കോദ്‌നാനിക്ക് വധശിക്ഷ: ഗുജറാത്ത് സര്‍ക്കാര്‍ മലക്കം മറിഞ്ഞു

Published

|

Last Updated

അഹമ്മദാബാദ്: നരോദപാട്യ കൂട്ടക്കൊല കേസില്‍ പ്രതികളായ ബി ജെ പി നേതാവ് മായാ കോദ്‌നാനിക്കും ബജ്‌റംഗ് ദള്‍ നേതാവ് ബാബു ബജ്‌രംഗിക്കും വധശിക്ഷ നല്‍കണമെന്ന മുന്‍ നിലപാടില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ആര്‍ എസ് എസ്സിന്റെയും വി എച്ച് പിയുടെയും ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിലിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരോട് തത്കാലം നിയമോപദേശം കിട്ടുന്നത് വരെ കാത്തിരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയായിരുന്ന മായാ കോദ്‌നാനിയും ബാബു ബജ്‌റംഗിയും അടക്കം 11 പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേകാന്വേഷണ സംഘത്തിന് നേരത്തെ നിയമ വകുപ്പ് അനുമതി നല്‍കിയിരുന്നു. മായാ കോദ്‌നാനിക്ക് 28 വര്‍ഷം തടവു ശിക്ഷയും ബാബു ബജ്‌രംഗിക്ക് ശിഷ്ടകാലം തടവും വിധിച്ച പ്രത്യേക കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിക്കാനിരുന്നത്.
2002ല്‍ ഗുജറാത്തിലെ നരോദപാട്യയില്‍ 97 മുസ്‌ലിംകളെ കൂട്ടക്കൊല നടത്തിയെന്ന കേസിലാണ് കോദ്‌നാനിയും കൂട്ടരും പ്രതിചേര്‍ക്കപ്പെട്ടത്. നരോദ പാട്യ എം എല്‍ എയായിരുന്ന മായാ കോദ്‌നാനി നരേന്ദ്ര മോഡിയുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്നവരിലൊരാളായിരുന്നു. മോഡി സര്‍ക്കാറിനു കീഴില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്ഷേമകാര്യ മന്ത്രിയായിരുന്ന അവര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ വനിതയും എം എല്‍ എയുമാണ് മായാ കോദ്‌നാനി. നരോദപാട്യ കൂട്ടക്കൊല കേസില്‍ 32 പേര്‍ കുറ്റക്കാരാണെന്നാണ് വിചാരണ കോടതി കണ്ടെത്തിയത്. 29 പേരെ വെറുതെ വിട്ടു.

Latest