മണ്ണ്, ജല സംരക്ഷണത്തിന് 1.89 കോടി രൂപയുടെ പദ്ധതി

Posted on: May 15, 2013 2:07 am | Last updated: May 15, 2013 at 2:07 am
SHARE

മലപ്പുറം: ജില്ലയില്‍ മണ്ണ്, ജല സംരക്ഷണ പ്രവൃത്തികള്‍ക്ക് 1.89 കോടിയുടെ കര്‍മ പദ്ധതി. കിഴിക്കല്ലിങ്ങല്‍, പള്ളിയാറതോട്, പുളിയക്കോട്, കക്കുടുമ്പ് തോട്, ചാത്തല്ലൂര്‍തോട്, അമ്മനംചോല എന്നീ ആറ് വാട്ടര്‍ഷെഡുകളില്‍ സമഗ്ര മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തികള്‍ നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ (ആര്‍ ഐ ഡി എഫ്) ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ നീര്‍ത്തടാടിസ്ഥാനത്തിലാണ് ആര്‍ ഐ ഡി എഫ് പദ്ധതികള്‍ നടത്തുന്നത്. പൊതു നീര്‍ച്ചാലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിലൂടെ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനും മഴവെള്ളം ഭൂമിയിലേക്കിറങ്ങാനും ഭൂഗര്‍ഭ ജല ലഭ്യത കൂട്ടാനും സഹായിക്കും.
കാര്‍ഷിക ഭൂമിയില്‍ കല്ല് കയ്യാല, മണ്‍ കയ്യാല, മഴക്കുഴി നിര്‍മാണം, പുല്ല് വെച്ച് പിടിപ്പിക്കല്‍, മരം നടീല്‍ എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുക. 2012-13 ല്‍ ഏഴ് വാട്ടര്‍ഷെഡുകളിലായി 626 ഹെക്റ്ററില്‍ 1.32 കോടി ചെലവില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്ന്, എടവണ്ണയിലെ കിഴിക്കല്ലിങ്ങല്‍, കുറുവയിലെ പള്ളിയാറത്തോട്, എടപ്പറ്റയിലെ പുളിയക്കോട്, എടയൂരിലെ കക്കുടുമ്പ്, മങ്കടയിലെ അമ്മനംചോല, എടവണ്ണ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ചാത്തല്ലൂര്‍ തോട് വാട്ടര്‍ഷെഡ് എന്നിവയിലാണ് സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
ഗ്രാമപഞ്ചായത്തുകള്‍ മുഖേനെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പശ്ചിമ ഘട്ട വികസന പദ്ധതിയിലുള്‍പ്പെടുത്തി 14 വാട്ടര്‍ഷെഡുകളിലായി 1886 ഹെക്ടറില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു.
17 വാട്ടര്‍ഷെഡുകളില്‍ പ്രവൃത്തി പുരോഗതിയിലാണ്. ദേശീയ നീര്‍മറി വികസന പദ്ധതിയിലുള്‍പ്പെടുത്തി ചിറപ്പാലം വാട്ടര്‍ഷെഡില്‍ 4.10 ലക്ഷം ചെലവില്‍ 38 ഹെക്ടര്‍ പ്രദേശത്തും ചെറുകര വാട്ടര്‍ഷെഡില്‍ 20.16 ലക്ഷം ചെലവില്‍ 266 ഹെക്റ്ററിലും മണ്ണ് ജല സംരക്ഷണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അറിയിച്ചു.