Connect with us

Malappuram

കരുളായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാത്തതിനെ ചൊല്ലി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പോര്‌

Published

|

Last Updated

നിലമ്പൂര്‍: കരുളായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതിനെ ചൊല്ലി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളും യൂത്ത്‌കോണ്‍ഗ്രസും തമ്മില്‍ പോര് രൂക്ഷമായി. പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാത്തതെന്നും മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തെ പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചുവെന്നും യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
യു ഡി എഫ് ഭരിക്കുന്ന കരുളായിയില്‍ പ്രസിഡന്റ്, യു ഡി എഫിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം കോണ്‍ഗ്രസിനാണ്. നിലവില്‍ പ്രസിഡന്റായ എം നഫീസ റശീദിന്റെ കാലാവധി മെയ് ഒന്നോടെ അവസാനിച്ചു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് ഭാരവാഹികള്‍ക്ക് താത്പര്യമില്ലാത്തതിനാലാണ് കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തത്. ലീഗ് അംഗമായ പ്രസിഡന്റ് രാജി വെക്കാന്‍ തയ്യാറായിട്ടും കോണ്‍ഗ്രസ് നേതൃത്വം തടസം നില്‍ക്കുകയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.
യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ കെ ഷാനവാസ്, സി ജി സന്തോഷ്, പി റഫീഖ്, കെ പ്രവീണ്‍, ഇ സജില്‍, എന്‍ ടി ഷൈജു, പി കെ ഹരീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണായതിനാല്‍ നിലവിലെ വൈസ് പ്രസിഡന്റ് ഷീബ പൂഴിക്കുത്തിന് മാത്രമാണ് സാധ്യതയുള്ളത്. ഷീബ പ്രസിഡന്റാകുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് താത്പര്യമില്ലാത്തതിനാലാണ് കോണ്‍ഗ്രസ് നേതൃത്വം മൗനം നടിക്കുന്നത്.
പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ പഞ്ചായത്ത് അംഗം രാജിവെക്കാന്‍ ഷീബ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിനും ലീഗിനും നാല് വീതവും സി പി എമ്മിന് ഏഴ് അംഗങ്ങളുള്ള ഭരണസമിതിയില്‍ നിന്ന് ഒരംഗം രാജി വെച്ചാല്‍ ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

Latest