കൊയിലാണ്ടി റസ്റ്റ്ഹൗസ് പ്രവര്‍ത്തനം അവതാളത്തില്‍

Posted on: May 15, 2013 1:59 am | Last updated: May 15, 2013 at 1:59 am
SHARE

കൊയിലാണ്ടി: പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് പരിപാലനം അവതാളത്തില്‍. ദേശീയ പാതയോരത്ത് സിവില്‍ സ്റ്റേഷന് സമീപമുള്ള വിശ്രമ മന്ദിരമാണ് മാസങ്ങളായി അധികൃതരുടെ അനാസ്ഥ കാരണം പരാധീനതകളുടെ കേന്ദ്രമായി മാറിയത്. പി ഡബ്ല്യു ഡി കെട്ടിട വിഭാഗത്തിന്റെ കീഴിലാണ് റസ്റ്റ് ഹൗസ് പ്രവര്‍ത്തിക്കുന്നത്.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ ഒമ്പത് മുറികളാണുള്ളത്. ഇതില്‍ രണ്ടെണ്ണം വി ഐ പി വിഭാഗത്തിനും ഒന്ന് പി ഡബ്ല്യു ഡി ഡിപ്പാര്‍ട്ട്‌മെന്റിനും മറ്റുള്ളവ സാധാരണ വിഭാഗത്തിനുമാണ്. അവശേഷിക്കുന്ന മൂന്ന് മുറികള്‍ ഇപ്പോള്‍ ഉപയോഗ ശൂന്യമാണ്.
ആകെയുള്ള ആറ് പേരില്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, സ്വീപ്പര്‍ എന്നീ മൂന്ന് പേര്‍ മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്. ഇതില്‍ സ്വീപ്പര്‍ തസ്തിക പാര്‍ട് ടൈം നിയമനമാണ്. ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ മൂന്ന് നൈറ്റ് വാച്മാന്‍മാര്‍ താത്കാലികാടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. കാലാകാലങ്ങളില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും താമസക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ബന്ധപ്പെട്ടവര്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് പരാതി.
കെട്ടിടത്തിന് ചുറ്റും പാഴ്‌ചെടികള്‍ വളര്‍ന്നിരിക്കുന്നു. മുറികളില്‍ വേണ്ടത്ര വെളിച്ചവും വെള്ളവും ലഭ്യമല്ല. ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള മോട്ടോര്‍ പമ്പ് ഉപയോഗിച്ചാണ് വെള്ളം എത്തിക്കുന്നത്. ഇതിന്റെ പൈപ്പ്‌ലൈന്‍ പലഭാഗങ്ങളിലും കേടാണ്. മുറികളിലെ കിടക്കകള്‍ക്കും കട്ടിലുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വൃത്തിഹീനമായ മുറികളിലെ ജനറല്‍ കര്‍ട്ടനുകള്‍ പോലും അഴുക്ക് പിടിച്ച് മാറാല മൂടിയ നിലയിലാണ്. ബഡ്ഷീറ്റുകള്‍ യഥാസമയം അലക്കി വൃത്തിയാക്കാറില്ല. ഒരു ബെഡ്ഷീറ്റിന് അലക്ക് കൂലിയായി നാല് രൂപയാണ് നല്‍കുന്നത്. ഈ വേതനത്തില്‍ ആരും അലക്ക് ജോലി ചെയ്യാനും തയ്യാറല്ല. താമസക്കാര്‍ക്ക് ഭക്ഷണം തയ്യാറാക്കാനുള്ള കിച്ചന്‍ സംവിധാനമുണ്ടെങ്കിലും പാചകക്കാരനില്ലാത്തതിനാല്‍ പുറത്ത് നിന്ന് ഭക്ഷണം എത്തിക്കണം.
പലപ്പോഴും അടുക്കളയും അനുബന്ധ മുറികളും മദ്യപന്മാര്‍ക്കുള്ളവേദിയായി മാറുന്നുവെന്ന ആരോപണവുമുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍ റസ്റ്റ് ഹൗസില്‍ എത്താറുണ്ടെങ്കിലും യഥാസമയം മുറികള്‍ ലഭ്യമാകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. നിലവിലുള്ള മുറികള്‍ വാടകക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കണമെന്ന നിയമം പോലും ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. സമ്പന്നരായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇത്തരം ഉത്തരവുപോലുമില്ലാതെ സര്‍ക്കാറിന്റെ ചെലവില്‍ ഇവിടെ താമസത്തിനെത്താറുണ്ടെന്നും ആക്ഷേപമുണ്ട്.
വിശാലമായ മുറികള്‍ക്ക് പോലും ഇപ്പോള്‍ 75 രൂപയാണ് വാടക ഈടാക്കുന്നത്. നഗരങ്ങളിലെ പരിമിത സൗകര്യങ്ങളുള്ള വാടക മുറികള്‍ക്ക് പോലും 400 മുതല്‍ 1000 രൂപ വാടക ഈടാക്കുന്നുണ്ട്. രണ്ട് വര്‍ഷംമുമ്പ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും വര്‍ധന ഉണ്ടായില്ല.
ദേശീയപാതയില്‍ കോഴിക്കോടിനും വടകരക്കുമിടയിലുള്ള 50 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഏക വിശ്രമ മന്ദിരമാണിത്. മലയോര മേഖലകളില്‍ ദിവസങ്ങളോളം സന്ദര്‍ശനത്തിനെത്തുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി ഐ പികള്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രമാണ് ഇത്തരം പരാധീനതകളുടെ കേന്ദ്രമായി മാറുന്നത്.