Connect with us

Kozhikode

സി പി എമ്മിന്റേത് ബുള്‍ഡോസര്‍ രാഷ്ട്രീയം: സമദാനി

Published

|

Last Updated

വടകര: ആശയപരമായി എതിര്‍ക്കുന്നവരെ ഉന്‍മൂലനം ചെയ്യുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയമാണ് സി പി എം അനുവര്‍ത്തിച്ചുവരുന്നതെന്നും കേരള രാഷ്ട്രീയത്തിലെ ദശാസന്ധിയുടെ തുടക്കമാണ് ടി പി ചേന്ദ്രശേഖരന്‍ വധമെന്നും എം പി അബ്ദുസ്സമദ് സമദാനി എം എല്‍ എ പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ സമിതി വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച ജനാധിപത്യകേരളവും കൊലപാതക രാഷ്ട്രീയവും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2012 മെയ് നാല് കേരള രാഷ്ട്രീയത്തില്‍ ഒരുവന്‍ വഴിത്തിരിവ് സൃഷ്ടിച്ച ദിനമാണ്. ടി പിയുടെ മരണം വലിയൊരു സന്ദേശത്തിന്റെ ഉദയമായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും രാഷ്ട്രീയ ബഹുസ്വരതയുടെമെല്ലാം പ്രകടനമായിത്തീരുകയായിരുന്നു ടി പിയുടെ മരണം. ഊഷരമാകുന്ന രാഷ്ട്രീയത്തെ ആര്‍ദ്രവമാക്കാനാണ് ടി പി ശ്രമിച്ചെതെന്നും മാനവികതയുടെ ശക്തിയായിരുന്നു അദ്ദേഹമെന്നും സമദാനി കൂട്ടിച്ചേര്‍ത്തു.
മനുഷ്യത്വത്തിന്റെ വിളി കേള്‍ക്കാന്‍ മടി കാണിക്കുന്ന രാഷ്ട്രീയമല്ല കരുണയുടെ ഒരു വശമുള്ള രാഷ്ട്രീയമാണ് നമുക്കു വേണ്ടത്. രാഷ്ട്രീയത്തിലെ ഹൃദയ ശൂന്യതയാണ് നമ്മുടെ ശാപമെന്നും അദ്ദേഹം പറഞ്ഞു.
ടി പി വധത്തിലെ ഗൂഡാലോചനക്കാരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്നും ഗൂഡാലോചനക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ ബി ജെ പിയും പങ്കു ചേരുന്നെന്നും സെമിനാറില്‍ സംസാരിച്ച ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ മൂന്നാമതൊരു ശക്തി വളര്‍ന്നുവരുന്നത് തടയാന്‍ കോണ്‍ഗ്രസും സി പി എമ്മും ഒത്തുകളിക്കുന്നതുപോലെയാണ് ടി പി വധക്കേസിലെ കളിയെന്നും അക്രമ രാഷ്ട്രീയം സി പി എമ്മിന്റെ കൂടപ്പിറപ്പാണെന്നും ഇതില്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇടതു പക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ എസ് ഹരിഹരന്‍ മോഡറേറ്ററായിരുന്നു.
സി പി എം (എല്‍ ) ലിബറേഷന്‍ നേതാവ് വി ശങ്കര്‍, ഡോ. അജോയ്കുമാര്‍, സി പി ഐ മണ്ഡലം സെക്രട്ടറി സോമന്‍ മുതുവന, ആര്‍ എം പി നേതാവ് എന്‍ വേണു, കെ കെ രമ സംസാരിച്ചു. കെ വിനുകുമാര്‍ സ്വാഗതം പറഞ്ഞു.

Latest