കൊടിയത്തൂര്‍ പഞ്ചായത്ത്; കോണ്‍ഗ്രസില്‍ തര്‍ക്കം

Posted on: May 15, 2013 1:51 am | Last updated: May 15, 2013 at 1:51 am
SHARE

മുക്കം: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. യു ഡി എഫിലെ ധാരണപ്രകാരം രണ്ടര വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് സ്ഥാനവും മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്സ്ഥാനവും രാജി വെച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിലെ സൈനബ ചാലിലിനെ നിശ്ചയിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ് അംഗത്തെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കടുത്ത ഭിന്നത നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയിരുന്നു. എന്നാല്‍ ബശീര്‍ പുതിയോട്ടിലിനെ തിരഞ്ഞെടുത്തതായി കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡിലുള്ള അറിയിപ്പില്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെ നിരവധി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ദലിത് വിഭാഗത്തില്‍പ്പെട്ട കെ പി സുബഹ്മണ്യന്റെ പേരാണ് യോഗത്തില്‍ ഭൂരിപക്ഷമാളുകളുമുന്നയിച്ചതെന്ന് എതിര്‍ വിഭാഗം പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കെ പി സുബ്രഹ്മണ്യനുവേണ്ടി നിരവധിയാളുകളും സംഘടനകളും രംഗത്തെത്തിയിരുന്നു. ദളിതനായ കോണ്‍ഗ്രസുകാരനെ വൈസ് പ്രസിഡന്റാക്കി മാതൃകയാക്കാനുനുള്ള അവസരമായാണ് ഒരു വിഭാഗം ഇതിനെ കണ്ടിരുന്നത്. ബശീര്‍ പുതിയോട്ടിലിനെ തിരഞ്ഞെടുത്ത രീതിക്കെതിരെ കോണ്‍ഗ്രസിലെ ഭൂരിപക്ഷമാളുകളും ഗ്രൂപ്പുകള്‍ മറന്ന് രംഗത്തുണ്ട്.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഡി സി സി സെക്രട്ടറിയും ബ്ലോക്ക് പ്രസിഡന്റും ചേര്‍ന്ന് മണല്‍ ക്വാറി മാഫിയകള്‍ക്കു വേണ്ടി ബശീറിനെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഇത് കോണ്‍ഗ്രസിന്റെ തീരുമാനമല്ലെന്നും എതിര്‍ വിഭാഗം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാര്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ അഭിപ്രായം തേടിയ ശേഷം കോര്‍ കമ്മിറ്റി ചേര്‍ന്നാണ് സാധാരണ ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്താറുള്ളത്. ഗ്രാമ പഞ്ചായത്തംഗങ്ങളുടെ വികാരം പോലും മാനിച്ചിട്ടില്ലെന്നും ഈ വിഭാഗം ആരോപിച്ചു. കെ പി സുബ്രഹ്മണ്യനും ബശീര്‍ പുതിയോട്ടിലിനും വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നും ജനങ്ങളുടെ അഭിപ്രായത്തിന് പരിഗണന നല്‍കണമെന്നും അവര്‍ പറഞ്ഞു. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സി ടി അഹ്മദ്കുട്ടി, നേതാക്കളായ എ എം നൗഷാദ്, ബാബു ബാലുകുന്നത്ത്, കെ കെ ജബ്ബാര്‍, പി പി എം ഇസ്ഹാഖ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here