ഖാജാ മുഈനുദ്ദീന്‍ ചിശ്തി: ഇന്ത്യയുടെ ആത്മീയ നേതൃത്വം

Posted on: May 15, 2013 6:00 am | Last updated: May 16, 2013 at 11:00 am
SHARE

ajmeerശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ സമൂഹത്തിന്റെ പൊതു സ്വത്താണ്. ജനലക്ഷങ്ങള്‍ ആദരിക്കുകയും സന്ദര്‍ശിക്കുക്കുകയും ചെയ്യുന്ന അജ്മീറിലെ ശെയ്ഖ് മുഈനുദ്ദീന്‍ ചിശ്തി(റ) യെ സംബന്ധിച്ചാകുമ്പോള്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് കാണാം. മുഗള്‍ ചക്രവര്‍ത്തിമാരും ബ്രിട്ടീഷുകാരും നമ്മുടെ ഭരണാധികാരികളും, അജ്മീര്‍ പരിപാലിക്കുന്നവരും സന്ദര്‍ശിക്കുന്നവരുമാണ്. ഖ്വാജാ തങ്ങളുടെ വഫാത്ത് മാസമായ റജബില്‍ അജ്മീര്‍ ശരീഫില്‍ ഉറൂസ് നടക്കുന്നു. പത്ത് ലക്ഷം പേര്‍ ഉറൂസില്‍ സംബന്ധിക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഇതര രാഷ്ട്രങ്ങളില്‍ നിന്നു പോലും അനേകമാളുകള്‍ ഇവിടെ എത്തുന്നു. ഇന്ത്യാ -പാകിസ്ഥാന്‍ ബന്ധം ഉലയുന്ന തലത്തിലേക്ക് എത്തിയിട്ടും നിരവധി പേര്‍ പാകിസ്ഥാനില്‍ നിന്നും ഉറൂസില്‍ സംബന്ധിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കളും ഇവിടെ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ട്. സന്ദര്‍ശകബാഹുല്യവും ആവശ്യകതയും മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മസാര്‍ സന്ദര്‍ശനം ഏറെ അനുഭൂതിദായകമാണ്. അവരുടെ സമക്ഷം എത്തിയ ഒരാളും നിരാശരായി മടങ്ങിയ ചരിത്രമില്ല.

ഹിജ്‌റ 537 റജബ് 14ന് ഗിയാസുദ്ദീന്‍ അഹ്മദി (റ) ന്റെയും സയ്യിദത് നൂര്‍ മാഹിം എന്നവരുടെയും പുത്രനായി സന്‍ജര്‍ ദേശത്താണ് ഖ്വാജാ ജനിച്ചത്. പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള സമയത്ത് മാതാപിതാക്കള്‍ കുട്ടിയുമൊത്ത് ഇറാഖിലേക്ക് പോയി. അതേവര്‍ഷം തന്നെ മാതാപിതാക്കള്‍ വിട ചൊല്ലി. അനന്തരാവകാശമായി ലഭിച്ച കൃഷിത്തോട്ടം അല്ലാഹുവിന്റെ വഴിയില്‍ ദാനം ചെയ്തു ഖ്വാജാ വിജ്ഞാനം തേടി ബുഖാറയിലേക്ക് തിരിച്ചു. ബുഖാറ അക്കാലഘട്ടത്തില്‍ ഇസ്‌ലാമിക അധ്യാപനത്തിന് കേളികേട്ട സ്ഥലമായിരിന്നു.മൗലാനാ ഹുസാമുദ്ദീന്‍ ബുഖാരിയില്‍ നിന്ന് ഖുര്‍ആനും മറ്റനുബന്ധ കാര്യങ്ങളും സ്വായത്തമാക്കി. സതീര്‍ഥ്യരില്‍ സമുന്നതരായി. പിന്നീട് ഉസ്മാനുല്‍ ഹാറൂനിയുടെ മഹത്വം കേട്ടറിഞ്ഞ് അദ്ദേഹത്തെ ബൈഅത്ത് ചെയ്തു ശിഷ്യത്വം നേടി. രിയാളയിലും മുറാഖബയിലും മുജാഹദയിലുമായി ഇരുപത് വര്‍ഷക്കാലം അദ്ദേഹത്തിന്റെ അടുത്ത് കഴിഞ്ഞുകൂടി.

പിതാമഹനും ലോക ഗുരുവുമായ മുത്ത് നബി(സ)യെ സന്ദര്‍ശിക്കാന്‍ ആഗ്രഹമായി. പിന്നെ വൈകിയില്ല. മുരീദുമാരില്‍ പെട്ട ബഖ്തിയാറുല്‍ കാക്കി(റ)യോടും മറ്റുമൊത്ത് ബഗ്ദാദില്‍ നിന്നും മദീന ലക്ഷ്യമാക്കി നീങ്ങി. സിയാറത്തുമായി കുറച്ചു നാള്‍ അവിടെ താമസിച്ചു. ഒരു ദിവസം ഖ്വാജാ തങ്ങള്‍ റൗളക്ക് അഭിമുഖമായി ഇരിക്കുമ്പോള്‍ ഇന്ത്യയിലേക്ക് പോകാന്‍ ആധ്യാത്മിക നിര്‍ദേശം ലഭിച്ചു. നിര്‍ദേശം ശിരസാ വഹിച്ച് 40 മുരീദുമാരൊന്നിച്ച് ലഹോര്‍, ദല്‍ഹി വഴി ഖ്വാജാ തങ്ങള്‍ അജ്മീറിലെത്തി. സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സത്യത്തിന്റെയും പുതിയ വാതായനങ്ങള്‍ ജനസമക്ഷം ശൈഖവര്‍കള്‍ സമര്‍പ്പിച്ചു. പ്രാഥമിക ഘട്ടത്തില്‍ എതിര്‍ത്തവര്‍ പോലും അവരുടെ നിഷ്ഠയിലും ഭക്തിയിലും ആകൃഷ്ടരായി അനുയായികളും സഹകാരികളുമായി മാറി. അവിടുത്തെ ഓരോ ശ്വാസോച്ഛാസവും അല്ലാഹുവെ സ്മരിക്കുന്നതിലും വിശുദ്ധ ദീനിനെ പുനരുജ്ജീവിപ്പിക്കുന്നതിലും വിനിയോഗിച്ചു.

മഹാനായ ഖുത്ബുദ്ദീന്‍ കാക്കി (റ) വിശദീകരിക്കുന്നു. ഇരുപത് വര്‍ഷക്കാലം ശൈഖവര്‍കള്‍ക്ക് ഞാന്‍ സേവനം ചെയ്തു. അക്കാലയളവില്‍ ഒരിക്കല്‍ പോലും ഒരാളോടും കോപിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അധിക സമയവും കണ്ണ് ചിമ്മിയിരിക്കുന്നതായിരുന്നു അവിടുത്തെ സ്വഭാവം.

അനവധി അത്ഭുത സംഭവങ്ങള്‍ക്ക് ഉടമയാണ് മഹാനവര്‍കള്‍. സിയാറത്തിനായി ഇവിടെ എത്തുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് അനാസാഗര്‍ തടാകം. അതില്‍ നിന്ന് വെള്ളമെടക്കുന്നതിന് അജ്മീറിലെ നാടുവാഴിയായിരുന്ന പൃഥ്വി ചൗഹാന്റെ സൈന്യം ഖാജാ തങ്ങള്‍ക്കും അനുയായികള്‍ക്കും വിലക്കേര്‍പ്പെടുത്തി.
ഇതറിഞ്ഞ ഖ്വാജാ തങ്ങള്‍ ഒരു കപ്പ് വെള്ളമെടുക്കാനുള്ള അനുമതി തേടി, വെള്ളമെടുക്കാന്‍ ആളെ പറഞ്ഞയച്ചു. അതില്‍ നിന്ന് ഒരു കപ്പ് വെള്ളമെടുത്തതോടെ അനാസാഗര്‍ വറ്റി വരണ്ടു. ഈ സംഭവം നാടുവാഴിയേയും സൈന്യത്തേയും ഭയചകിതരാക്കി. വെള്ളം മുടക്കിയവര്‍ തന്നെ മാപ്പപേക്ഷിച്ചു. തുടര്‍ന്ന് കപ്പിലെ വെള്ളം തടാകത്തില്‍ ഒഴിച്ചു. അനാസാഗര്‍ പൂര്‍വ സ്ഥിതി പ്രാപിച്ചു,

സുല്‍ത്വാനുല്‍ ഹിന്ദ് , ഗരീബ് നവാസ് , അത്വാഉര്‍റസൂല്‍ , ബിള്അത്തുല്‍ ബത്വൂല്‍, തുടങ്ങിയ അപര നാമങ്ങളാല്‍ വിശ്രുതരായ ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി, ഹിജ്‌റ 633 റജബ് ആറിന് ദീപ്തമായ അവിടത്തെ സരണി ബാക്കി വെച്ച് കണ്‍മറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here