ഗുജറാത്ത് ഭക്തരുടെ അറിവിലേക്ക് ഈ യാഥാര്‍ഥ്യങ്ങള്‍

Posted on: May 15, 2013 6:00 am | Last updated: May 15, 2013 at 10:56 pm
SHARE

വന്‍കിട മാധ്യമ പ്രചാരണ സംവിധാനത്തിന്റെ ഒത്താശയോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മുന്നോട്ട് വെക്കുന്ന ‘ജനപക്ഷം, സദ്ഭരണം ( Pro people and Good Governance– P2 G2) എന്ന പുതിയ മുദ്രാവാക്യത്തിലെ പൊള്ളത്തരമാണ് സി എ ജി റിപ്പോര്‍ട്ടിലൂടെ വെളിച്ചത്തായിരിക്കുന്നത്. ഗുജറാത്തിനെ പുരോഗതിയിലേക്ക് നയിച്ചെന്നു പറയുന്ന വികസന യജ്ഞങ്ങള്‍ക്ക് പിറകിലെ അഴിമതിയും കെടുകാര്യസ്ഥതയും വെളിപ്പെടുത്തുന്നതാണ് ഗുജറാത്ത് നിയമസഭയുടെ മുമ്പില്‍ വന്ന ഈ റിപ്പോര്‍ട്ട്. ഗുജറാത്ത് മാതൃകയിലൂടെ ഉണ്ടായിരിക്കുന്ന വികസന പരിധിയുടെ ചില യാഥാര്‍ഥ്യങ്ങള്‍ എത്രയാണെന്ന് വിശകലനം ചെയ്യുകയാണിവിടെ. മോഡിയുടെ ഗുജറാത്ത് മാതൃകയുടെ തല്‍സ്വരൂപം വ്യക്തമായി വെളിപ്പെടുത്തുന്നതാണ് ഈ യാഥാര്‍ഥ്യങ്ങള്‍.
വേതനം
നഗര ഗ്രാമപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ, പുരുഷ തൊഴിലാളികളുടെ വേതന നിരക്ക് ഗുജറാത്തില്‍ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ വളരെ താഴെയാണ്. ദേശീയ സാമ്പിള്‍ സര്‍വേ സ്ഥിതിവിവരകണക്കുകളനുസരിച്ച് ഗുജറാത്തില്‍ സ്ത്രീ, പുരുഷ തൊഴിലാളികളുടെ ഗ്രാമപ്രദേശത്തെ വേതന നിരക്ക് യഥാക്രമം 56 രൂപയും 69 രൂപയും ആണ്. സംസ്ഥാനത്തിന് ഈ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തില്‍ 14-ാമത്തെയും ഒന്‍പതാമത്തെയും സ്ഥാനമാണുള്ളത്. നഗരങ്ങളിലാകട്ടെ ഇത് യഥാക്രമം 109 രൂപയും 56 രൂപയും എന്ന ക്രമത്തില്‍ സംസ്ഥാനത്തിന്റെ റാങ്ക് ഏഴ്, പതിനാല് എന്ന നിലയിലും ആകുന്നു. സ്ഥിരം ജോലിക്കാരുടെ വേതന നിരക്കിന്റെ കാര്യത്തിലും സംസ്ഥാനത്തിന് 18 ഉം 13 ഉം റാങ്കുകള്‍ മാത്രമാണുള്ളത്. മുന്‍നിരയില്‍ നില്‍ക്കുന്ന 20 സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ മാത്രമാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. ഗുജറാത്തില്‍, സ്ത്രീ തൊഴിലാളികളില്‍ 98 ശതമാനവും പുരുഷ തൊഴിലാളികളില്‍ 89 ശതമാനവും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നതായും എന്‍ എസ് എസ് ഒ 2011 കണ്ടെത്തിയിരിക്കുന്നു.
പോഷകാഹാരം
ദേശീയ കുടുംബ ഗാര്‍ഹിക സര്‍വേ മൂന്ന് പ്രകാരം സംസ്ഥാനത്ത് മൂന്ന് വയസ്സിന് താഴെയുള്ള ശിശുക്കളില്‍ 47 ശതമാനം പേര്‍ ആവശ്യമായ ശരീരഭാരമില്ലാത്തവരാണ്. ഉപ സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ (Sub Saharan African Countries) ശരാശരിയുടെ ഇരട്ടിയാണിത്. ഇന്ത്യന്‍ ദേശീയ ശരാശരിയായ 46 ശതമാനത്തിലും കൂടുതലും ആകുന്നു. ഗുജറാത്തില്‍ 16- 17 ശതമാനം ശൈശവം പാഴാക്കപ്പെടുന്നു എന്നും പ്രസ്തുത രേഖ വെളിപ്പെടുത്തുന്നു.
കേന്ദ്ര പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി കാര്യാലയത്തിന്റെ ഇന്ത്യയിലെ ശിശുക്കള്‍ 2012 ഒരു സ്ഥിതി വിവര പഠനം എന്ന രേഖ അനുസരിച്ച് ഗുജറാത്തിലെ 50 ശതമാനത്തോളം കുട്ടികള്‍ക്ക് നിര്‍ദിഷ്ട ശരീരഭാരം ഇല്ല എന്ന് എടുത്തുകാണിക്കുന്നു. ഗുജറാത്തിന്റെ വികസന കഥയുടെ പൊള്ളത്തരം വെളിപ്പെടുത്തുന്ന ഒന്നാണ് ഈ വസ്തുത. മേഘാലയ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ വിഷയത്തില്‍ ഗുജറാത്തിന് പിന്നിലുള്ളത്. ‘മാനവിക വികസന റിപ്പോര്‍ട്ട് 2011’ ഉം ഗുജറാത്തിന്റെ ഈ പോരായ്മക്ക് സ്ഥിരീകരണം നല്‍കുന്നു. മോശം അവസ്ഥയിലുള്ള സംസ്ഥാനങ്ങളില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിന്റെത്. ഗുജറാത്തിലെ 28.2 ശതമാനം പുരുഷന്മാരും 32.2 ശതമാനം സ്ത്രീകളും നിര്‍ദിഷ്ട ശീരഭാരം ഇല്ലാത്തവരാണ്. 55 ശതമാനം പ്രസവങ്ങള്‍ മാത്രമാണ് ആശുപത്രിയില്‍ നടക്കുന്നത്.
ശിശു മരണം
ഉയര്‍ന്ന ശിശുമരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ പതിനൊന്നാം സ്ഥാനത്താണ് ഗുജറാത്ത്. ‘ഇന്ത്യയിലെ ശിശുക്കള്‍ 2012 പ്രകാരം ഗുജറാത്തിലെ ശിശുമരണ നിരക്ക് ഇപ്പോഴും വളരെ കൂടുതലാണ്. 1000 ല്‍ 44 പേര്‍ എന്നതാണ് നിരക്ക്.
യൂനിസെഫ് അഭിപ്രായപ്പെടുന്നത് ഗുജറാത്തിലെ ഓരോ രണ്ടാമത് കുട്ടിയും (രണ്ട് പേരില്‍ ഒരാള്‍) പോഷകാഹാരക്കുറവിനു ഇരയാണ്, നാലില്‍ മൂന്ന് പേര്‍ക്ക് വിളര്‍ച്ചയുണ്ട്. ശൈശവപ്രസവാനന്തരം മരണ നിരക്കുകള്‍ കുറയുന്ന പ്രക്രിയ മന്ദഗതിയിലാണ്. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന അമ്മമാര്‍ മൂന്നില്‍ ഒന്ന് എന്ന തോതിലാണ്.’
ശൈശവ വിവാഹം
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ശിശു വിവാഹങ്ങളുടെ കാര്യത്തില്‍ ഗുജറാത്തിന് നാലാം സ്ഥാനമാണ്. വിദ്യാലയങ്ങളില്‍ കൊഴിഞ്ഞുപോകല്‍ നിരക്ക്, യു എന്‍ ഡി പിയുടെ സ്ഥിതിവിവരക്കണക്ക് പ്രകാരം കുട്ടികളെ വിദ്യാലയങ്ങളില്‍ നില നിര്‍ത്തുന്ന ശ്രമത്തില്‍ ഗുജറാത്തിന് 13-ാമത്തെ സ്ഥാനം മാത്രമാണുള്ളത്. അവിടെ പാതി വഴിയില്‍ പഠനം നിര്‍ത്തുന്നത് 59 ശതമാനം കുട്ടികളാണ്. ഗുജറാത്തിന് സാക്ഷരതയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 13ാം സ്ഥാനം മാത്രമാണുള്ളത്.
എന്‍ എസ് എസ് ഓ സ്ഥിതിവിവര പ്രകാരം 2004 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഗുജറാത്തില്‍ ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു; 8.6 ശതമാനം.
വെള്ളവും
പ്രഥമിക സൗകര്യങ്ങളും
2011 ലെ സെന്‍സസ് പ്രകാരം ഗുജറാത്തില്‍ 43 ശതമാനം ഗ്രാമീണ ഭവനങ്ങള്‍ക്ക് ജലം ലഭ്യമായിരുന്നു. 16.7 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് ശുദ്ധീകരിച്ച ജലം പൊതു ടാപ്പുകളില്‍ നിന്നും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഗുജറാത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ 67 ശതമാനം വീടുകള്‍ക്ക് കക്കൂസ് സൗകര്യങ്ങള്‍ ഇല്ല. 65 ശതമാനം വീടുകളിലുള്ളവര്‍ തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജനം നടത്തിപ്പോരുന്നു. ഇതു മൂലം പൊതു ജലാശയങ്ങള്‍ വന്‍ തോതില്‍ മലിനീകരിക്കപ്പെടുന്നുണ്ട്. മാലിന്യശേഖരണവും നിര്‍മാര്‍ജനവും കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യങ്ങള്‍ തന്നെ. ശൗച്യാലയങ്ങളുടെ ഉപയോഗ കാര്യത്തില്‍ സംസ്ഥാനത്തിനു പത്താം സ്ഥാനമാണുള്ളത്.
സമഗ്ര പരിസ്ഥിതി മലിനീകരണ സൂചികയില്‍ ഗുജറാത്ത് 70 പോയിന്റ് എന്ന മാനദണ്ഡം അതിക്രമിച്ചിരിക്കുകയാണ്. ആര്രോഗ്യ വിഷയത്തില്‍ നിശ്ചിതമായ അപായ സൂചനയാണിത്. കേന്ദ്ര മലിനീകരന നിയന്ത്രണ ബോര്‍ഡിന്റെ വെളിപ്പെടുത്തലുകളനുസരിച്ച് ഗുജറാത്തിലെ അങ്കലേശ്വര്‍, വാപി എന്നീ സ്ഥലങ്ങള്‍ ഇന്ത്യയിലെ ഏറ്റവും അധികം മലിനീകരിക്കപ്പെട്ട 88 നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 88 നഗരങ്ങളില്‍ എട്ട് എണ്ണം ഗുജറാത്തില്‍ തന്നെയാണ്. അങ്കലേശ്വര്‍ന് മലിനീകരണ സൂചിക 88.50 ഉം വാസിയുടെത് 88.09 ഉം പോയിന്റുകളുമാണ്.
തൊഴില്‍ മേഖലയുടെ വളര്‍ച്ച
എന്‍ എസ് എസ് ഒ ഡാറ്റ അനുസരിച്ച് ഗുജറാത്തില്‍ തൊഴിലവസരങ്ങളുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 12 വര്‍ഷക്കാലമായി അവഗണനയില്‍ കുടുങ്ങി പൂജ്യത്തിലേക്ക് കൂപ്പുകുത്തുന്നതായി കാണാന്‍ സാധിക്കും. ഗുജറാത്തിന്റെ മാനവിക വികസന സൂചിക 0.519 ആണ്. സംസ്ഥാനത്തിന്റെ റാങ്ക് 11 ആകുന്നു. കേരളത്തിനാണ് ഒന്നാം സ്ഥാനം(0.790) ഗുജറാത്തില്‍ 12 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിലെ 45 ശതമാനം പേര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തിന് 19-ാമത്തെ സ്ഥാനമാണുള്ളത്.കേരളത്തിന്’ഗുജറാത്ത് മോഡല്‍ വികസനം എന്ന് പറയുന്നവരുടെ മാനസികനില പഠനത്തിന് വിധേയമാക്കേണ്ടതാണ് എന്ന് പറയുകയേ നിവര്‍ത്തിയുള്ളൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here