വധശിക്ഷയുടെ ന്യായാന്യായങ്ങള്‍

Posted on: May 15, 2013 6:00 am | Last updated: May 14, 2013 at 9:23 pm
SHARE

ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് വധശിക്ഷ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടിരിക്കുന്നു. വധശിക്ഷ മനുഷ്യത്വവിരുദ്ധമാണെന്ന് വിലയിരുത്തിയ പാര്‍ട്ടി എത്ര ക്രൂരകൃത്യങ്ങള്‍ക്കുമുള്ള ശിക്ഷ പരമാവധി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവില്‍ പരിമിതപ്പെടുത്തണമെന്നും നിര്‍ദേശിക്കുകയുണ്ടായി.
വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്ന ആവശ്യം അടുത്ത കാലത്തായി ശക്തിപ്പെട്ടിട്ടുണ്ട്. വധശിക്ഷാ വിരുദ്ധ സമിതി എന്നൊരു പ്രസ്ഥാനം തന്നെ ഈയിടെ രാജ്യത്ത് രൂപം കൊള്ളുകയുണ്ടായി. എന്നാല്‍ കൊലപാതകം, ബലാത്സംഗം തുടങ്ങി രാജ്യത്ത് വര്‍ധിച്ചു വരുന്ന ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ തടയാനെന്ത് വഴി എന്ന ചോദ്യത്തിന് വധശിക്ഷാ വിരോധികള്‍ക്ക് വ്യക്തമായ ഉത്തരമില്ല. മാത്രമല്ല, രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിലെല്ലാം ബലാത്സംഗത്തിന് വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നു വന്നത്. വധശിക്ഷ ക്രൂരമെന്നഭിപ്രായപ്പെട്ടിരുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃതത്തിലായിരുന്നു ഈ പ്രതിഷേധ പ്രകടനങ്ങളേറെയും എന്നത് ശ്രദ്ധേയമാണ്. വധശിക്ഷയെ എതിര്‍ക്കുന്നത് പുരോഗമന ചിന്താഗതിയായി കാണുമ്പോള്‍ തന്നെ കഠിനതരമായ കുറ്റകൃത്യങ്ങള്‍ക്ക് അതല്ലാതെ വഴിയില്ലെന്ന സത്യം അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നുവെന്നാണിത് കാണിക്കുന്നത്.
ഇന്ത്യയില്‍ ആദിമ കാലത്തേ വധശിക്ഷാ സമ്പ്രദായം നിലവിലുണ്ട്. ബ്രിട്ടീഷ് വാഴ്ചയിലും അത് തുടര്‍ന്നു വന്നു. സ്വാതന്ത്യാനന്തര ഇന്ത്യയിലും ബ്രിട്ടീഷുകാരുടെ ആംഗ്‌ളോ സാക്‌സണ്‍ നിയമസംഹിതയനുസരിച്ചാണ് കുറ്റവിചാരണയും ശിക്ഷയും നടപ്പാക്കി വരുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 302ാം വകുപ്പ് അനുശാസിക്കുന്നത് കൊലക്കുറ്റത്തിന് വധശിക്ഷയാണ്. എന്നാല്‍ അത്യപൂര്‍വ കേസുകളില്‍ മത്രം വധശിക്ഷ പരിമിതപ്പെടുത്തണമെന്നും സാധാരണ കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവു ശിക്ഷ മതിയെന്നുമാണ ്ബച്ചന്‍ സിംഗ് കേസില്‍ സപ്രീം കോടതി വിധിച്ചത്. ഇതോടെ പൊതുവെ വധശിക്ഷ കുറഞ്ഞു വന്നിരുന്ന ഇന്ത്യയിലും അതൊരു അപൂര്‍വ സംഭവമായി മാറുകയാണ്.
മനുഷ്യനെ തൂക്കിലേറ്റുന്നത് ക്രൂരമായ ശിക്ഷാരീതിയായി കാണുന്ന പൊതുസമൂഹം കൊലപാതകങ്ങളും ബലാത്സംഗങ്ങളും വ്യഭിചാരങ്ങളും ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെയും വിപത്തുകളെയും കാണാതെ പോകുന്നു. കൊലപാതകം നടത്തിയാല്‍ പരമാവധി അനുഭവിക്കേണ്ടത് 12 വര്‍ഷത്തെ തടവുശിക്ഷയാണെന്നത് സമൂഹം ആ കുറ്റകൃത്യത്തെ ലഘുതരമായി കാണാനിടയാക്കും. കോഴിയെ കൊല്ലുന്ന ലാഘവത്തോടെ മനുഷ്യനെ കൊല്ലുന്ന ക്വൊട്ടേഷന്‍ സംഘങ്ങളും പിഞ്ചോമനകളെ പോലൂം ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കുന്ന ക്രൂരമാനസരായ കാമവെറിയന്മാരും വിഹരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ അതീവ ഗുരുതരമായിരിക്കും ഇതിന്റെ പ്രത്യാഘാതം.
നിലവിലെ ഇന്ത്യന്‍ വ്യവസ്ഥിതികളില്‍ ജീവപര്യന്തം തടവ് പോലും പ്രഹസനായി മാറിക്കൊണ്ടിരിക്കയാണ്. ഭരണകൂടങ്ങളുടെ രാഷട്രീയ, ബാഹ്യ താത്പര്യങ്ങള്‍ക്കനുസൃതം കുറ്റവാളികളുടെ തടവുകാലത്തിന്റെ ദൈര്‍ഘ്യം കുറയാറുണ്ട്. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കില്‍ അഞ്ചോ എട്ടോ വര്‍ഷം കൊണ്ട് ജീവപര്യന്തം തടവ് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങാമെന്നതാണ് സ്ഥിതി. മാത്രമല്ല എതിര്‍വിഭാഗം സാക്ഷികളെ വിലക്കെടുത്ത് കേസുകള്‍ക്ക് തന്നെ തുമ്പില്ലാതാക്കി കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന പ്രവണതയും വര്‍ധിച്ചു കൊണ്ടിരിക്കെ, ശിക്ഷാമുറകള്‍ കൂടുതല്‍ ലഘൂകരിച്ചാല്‍ കുറ്റകൃത്യങ്ങളെ എങ്ങനെ നിയന്ത്രിക്കാനാകും?
കഠിന ശിക്ഷയുടെ അഭാവത്തോടൊപ്പം മലീമസമായ സാമൂഹിക പരിസ്ഥിതിയും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകമാകുന്നുണ്ട്. പ്രതിയോഗികളെ ആശയം കൊണ്ട് പ്രതിരോധിക്കുന്ന ആരോഗ്യപരമായ സമീപനത്തില്‍ നിന്ന് കൊന്നൊടുക്കുന്ന അക്രമാധിഷ്ഠിത മര്‍ഗത്തിലേക്കുള്ള രാഷ്ട്രിയത്തിന്റെ മാര്‍ഗച്യുതിക്കും, നിസ്സാര കാര്യങ്ങള്‍ക്ക് പോലും ശത്രുവിന് നേരെ വെടിയുണ്ടയുതിര്‍ക്കാന്‍ പഠിപ്പിക്കുന്ന സിനിമാ സീരിയലുകള്‍ക്കും, യുവാക്കളുടെ മൃദുല വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന സ്ത്രീകളുടെ വസ്ത്രധാരണ രീതിക്കുമെല്ലാം കുറ്റകൃത്യങ്ങളുടെ വ്യാപനത്തില്‍ പങ്കുണ്ട്. വധശിക്ഷ പോലുള്ള കടുത്ത ശിക്ഷാരീതികള്‍ നിലനിര്‍ത്തുന്നതോടൊപ്പം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന സാമുഹിക ചുറ്റുപാടുകളെയും നിയന്ത്രിച്ചെങ്കില്‍ മാത്രമേ ഉദ്ദേശിച്ച ഫലം കാണൂ. സഊദി അറേബ്യയുടെ അനുഭവം മുന്നിലുണ്ട്. ഭാഗികമായെങ്കിലും ഇസ്‌ലാമിക ഭരണം നിലവിലുള്ള സഊദി അറേബ്യയാണ് ലോകത്ത് കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ രാജ്യമെന്ന് യു എന്‍ പുറത്തുവിട്ട ഒരു പഠന റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 10 ലക്ഷം പേരില്‍ 22 പേര്‍ മാത്രമാണ് സഊദിയില്‍ കുറ്റവാളികള്‍. കാനഡ 75,000, ഫിന്‍ലാന്‍ഡ് 63,000, പശ്ചിമജര്‍മനി 42,000, ഫ്രാന്‍സ് 32,000 എന്നിങ്ങനെയാണ് പരിഷ്‌കൃത നാടുകളിലെ തോത്. കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാന്‍ സഹായകമായ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചു വധശിക്ഷ തനിയേ ഇല്ലാതാകുന്ന മാര്‍ഗങ്ങളിലേക്കാണ് സമൂഹത്തിന്റെ ചിന്ത തിരിയേണ്ടത്.