വിശുദ്ധ റംസാന്‍: നിത്യോപയോഗ സാധനങ്ങള്‍ സൗജന്യ നിരക്കില്‍ 400 ചില്ലറ വില്‍പനശാലകളിലൂടെ ലഭ്യമാക്കും

Posted on: May 14, 2013 7:50 pm | Last updated: May 14, 2013 at 7:50 pm
SHARE

അബുദാബി: വിശുദ്ധ റമസാനില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ രാജ്യത്തെ 400 ചില്ലറ വില്‍പനശാലകള്‍ തയ്യാറായതായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 100 മുതല്‍ 200 ദിര്‍ഹം വരെ വില വരുന്ന നിത്യോപയോഗ സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന റമസാന്‍ സ്‌പെഷ്യല്‍ കിറ്റുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

രാജ്യത്തെ വ്യാപിച്ചു കിടക്കുന്ന 400 ചില്ലറ വില്‍പന ശാലകളുടെ 25 പ്രതിനിധികളുമായി മന്ത്രാലയ അധികൃതര്‍ ഇന്നലെ അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായത്. റമസാനില്‍ ഉപഭോക്താക്കള്‍ക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും ഇത്തരം മാര്‍ക്കറ്റുകളില്‍ ലഭ്യമായിരിക്കുമെന്ന് മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി അറിയിച്ചു. വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ആവശ്യക്കാര്‍ക്കെത്തിക്കുന്ന പദ്ധതിക്ക് മാത്രം ഷാര്‍ജ കോ-ഓപറേറ്റീവ് സൊസൈറ്റി 10 മില്യന്‍ ദിര്‍ഹം നീക്കിവെച്ചതായി സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ മാജിദ് സാലിം സൈഫ് അല്‍ ജുനൈദ് പറഞ്ഞു. പച്ചക്കറികളും പഴങ്ങളുമുള്‍പ്പെടെ നൂറ് ഇനം സാധനങ്ങള്‍ക്ക് വിലക്കുറവ് ബാധകമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അബുദാബി കോ-ഓപറേറ്റീവ് സൊസൈറ്റിയും റമസാനിലേക്കായി പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് ഓരോ ദിവസവും ആയിരം ആളുകള്‍ക്ക് വീതം നോമ്പുതുറക്കാനുള്ള സംവിധാനവും ഉണ്ടാകുമെന്ന് സൊസൈറ്റി വക്താവ് യഹ്‌യ മുഹമ്മദ് അറിയിച്ചു. കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ദുബൈയിലെ 8 ശാഖകളിലൂടെ നിത്യോപയോഗ സാധനങ്ങള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും. റമസാനില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന് തടയിടാന്‍ അബുദാബി കോ-ഓപറേറ്റീവ് സൊസൈറ്റി 16,000 റമസാന്‍ കിറ്റുകള്‍ സജ്ജീകരിക്കും. ഭക്ഷണ സാധനങ്ങളുള്‍പ്പെടെ 16 ഇനങ്ങള്‍ ഉള്‍പ്പെടുത്തി 100 ദിര്‍ഹമിനും 18 ഇനങ്ങള്‍ ഉള്‍പ്പെടുത്തി 200 ദിര്‍ഹമിനുമായിരിക്കും റമസാന്‍ കിറ്റുകള്‍ വില്‍പന നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here