ലോ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം: ബന്ധുക്കള്‍ക്കും ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസ്

Posted on: May 14, 2013 9:28 am | Last updated: May 14, 2013 at 1:17 pm
SHARE

ചാത്തന്നൂര്‍: ലോ കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയ നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറും പ്രതി രാജന്റെ ബന്ധുക്കളും അടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. തിരുവനന്തപുരം ഗവ. ലോ കോളേജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയെയാണ് കോളേജിലെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്.

പീഡനം സംബന്ധിച്ച് സ്വകാര്യ ചാനലില്‍ പരിപാടി അവതരിപ്പിച്ച റിപ്പോര്‍ട്ടര്‍, പരിപാടിയുടെ നിര്‍മ്മാതാവ്, സഹായികള്‍, ചാനല്‍ സംഘത്തോടൊപ്പം വിദ്യാര്‍ഥിനിയുടെ അഭിമുഖം എടുക്കാന്‍ എത്തിയവര്‍, വിദ്യാര്‍ഥിനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പ്രതി രാജന്റെ ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചാനലില്‍ വന്ന അപകീര്‍ത്തികരമായ പരാമര്‍ശമാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പിലും ഇതുസംബന്ധിച്ച് സൂചന ഉണ്ടായിരുന്നു. ചാത്തന്നൂര്‍ അസി. പോലീസ് കമ്മീഷണര്‍ വി.സുരേഷ്‌കുമാര്‍, കൊട്ടിയം സി.ഐ. എസ്.അനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ പട്ടം എല്‍.ഐ.സി. ലെയിനില്‍ രാജ (51) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.