Connect with us

Malappuram

വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചേക്കും

Published

|

Last Updated

മലപ്പുറം:വിദ്യാഭ്യാസ അവകാശ നിയമം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക, വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചേക്കും. സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകളുടെയും എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെയും ശക്തമായ പ്രതിഷേധമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍.

ക്ലാസ് അടിസ്ഥാനത്തില്‍ അധ്യാപക, വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കുന്നതിന് പകരം സ്‌കൂളിലെ മൊത്തം കുട്ടികളുടെ എണ്ണം കണക്കാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിരവധി അധ്യാപകരുടെ ജോലിയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഉത്തരവെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. ഉത്തരവ് നടപ്പാക്കിയാല്‍ പ്രൈമറിതലത്തില്‍ മാത്രം പതിനായിരത്തോളം അധ്യാപകര്‍ പുറത്തു പോകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അധ്യാപക തസ്തികകളുടെ എണ്ണത്തില്‍ വലിയ കുറവായിരിക്കും ഇതുണ്ടാക്കുക. നിരവധി ഭാഷാ അധ്യാപകര്‍ക്കും ജോലി നഷ്ടമാകാന്‍ ഉത്തരവ് കാരണമാകും.
എല്‍ പി ക്ലാസുകളില്‍ 1:30, യു പിയില്‍ 1:35 ആണ് പുതിയ അനുപാതം. നേരത്തെ ഇത് 1:45 ആയിരുന്നു. ഇതനുസരിച്ച് 51 കുട്ടികളുണ്ടായാല്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിച്ചിരുന്നു. അനുപാതം 1:30 ആക്കുമ്പോള്‍ 36 കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. പ്രതിഷേധം ഭയന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് നീട്ടിവെച്ചു. ഈ സര്‍ക്കാറും ഒരു വര്‍ഷം നീട്ടിവെച്ചെങ്കിലും ഒടുവില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിടുകയായിരുന്നു. കേരളത്തില്‍ കെ ഇ ആര്‍ നിലവില്‍ വന്ന കാലം മുതല്‍ ക്ലാസ് അടിസ്ഥാനത്തിലുള്ള തസ്തിക നിര്‍ണയമാണ് നടന്നുവരുന്നത്. ഇതനുസരിച്ച് അറുപത് കുട്ടികളുള്ള എല്‍ പി സ്‌കൂളില്‍ പതിനഞ്ച് കുട്ടികളുള്ള ഓരോ ഡിവിഷനിലും ഒരു അധ്യാപകന്‍ എന്ന ക്രമത്തില്‍ നാല് അധ്യാപകരും 105 കുട്ടികളുള്ള യു പി സ്‌കൂളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകള്‍ക്ക് ഏഴ് അധ്യാപകരുടെയും സേവനം ലഭ്യമാകുമായിരുന്നു.
എന്നാല്‍, വിദ്യാഭ്യാസ അവകാശ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് എല്‍ പി സ്‌കൂളുകളില്‍ നാല് ഡിവിഷനുകളില്‍ രണ്ട് അധ്യാപകരും യു പിയില്‍ ഏഴ് ഡിവിഷനുകളില്‍ പഠിപ്പിക്കാന്‍ മൂന്ന് അധ്യാപകരും മതി എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഉദ്യോഗസ്ഥതലത്തില്‍ പാക്കേജിനെതിരെ നടത്തുന്ന ഗൂഢാലോചനയാണ് ഈ ഉത്തരവിന് പിന്നിലെന്നാണ് അധ്യാപക സംഘനടകള്‍ ആരോപിക്കുന്നത്. അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ വിവാദങ്ങള്‍ ഉയരുന്നത് സര്‍ക്കാറിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്തുകയോ പഴയ രീതിയില്‍ തുടരാന്‍ നിര്‍ദേശിക്കുകയോ ചെയ്യേണ്ടി വരും. അധ്യാപക പാക്കേജ് വഴി ജോലിയില്‍ കയറിയ പലര്‍ക്കും ഉത്തരവ് നടപ്പാക്കുകയാണെങ്കില്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടാകും.
എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സംസ്ഥാനവ്യാപകമായി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 18ന് മലപ്പുറത്ത് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ കണ്‍വെന്‍ഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതായി കെ എസ് ടി യു സംസ്ഥാന സെക്രട്ടറി എ കെ സൈനുദ്ദീന്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സംഘടനകള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കുക മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ള ഏക പോംവഴി.

Latest