സിറിയക്കെതിരെ കടുത്ത നടപടി സ്വീകരിക്കും: തുര്‍ക്കി

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 11:17 pm
SHARE

ദമസ്‌കസ്/അങ്കാറ: പ്രക്ഷോഭകര്‍ക്കെതിരെയും അയല്‍ രാജ്യങ്ങള്‍ക്കെതിരെയും ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോഴും സിറിയന്‍ വിഷയത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താത്ത ലോക രാഷ്ട്രങ്ങള്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് തുര്‍ക്കി. രണ്ട് ദിവസം മുമ്പ് തുര്‍ക്കിയിലെ സിറിയന്‍ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തിന് പിന്നില്‍ സിറിയന്‍ ഭരണകൂടമാണെന്ന് ആരോപിച്ച തുര്‍ക്കി സിറിയന്‍ വിഷയത്തില്‍ സൈനിക നടപടികളടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

തുര്‍ക്കി വിദേശകാര്യ മന്ത്രി അഹ്മദ് ദാവൂദോഗ്ലുവാണ് സിറിയക്കെതിരെ രൂക്ഷപരാമര്‍ശവുമായി രംഗത്തെത്തിയത്. അസദിനെതിരെ പ്രക്ഷോഭം നടത്തുന്ന സിറിയന്‍ വിമതര്‍ കൂട്ടമായി പലായനം ചെയ്‌തെത്തുന്ന ഹിതായി പ്രവിശ്യയിലാണ് രണ്ട് ദിവസം മുമ്പ് സ്‌ഫോടനം ഉണ്ടായത്. കാറുകള്‍ക്കുള്ളില്‍ ഘടിപ്പിച്ച ബോബുകള്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ സര്‍ക്കാറോ സൈന്യമോ അല്ലെന്ന് സിറിയ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ തുര്‍ക്കി തയ്യാറായിട്ടില്ല.
അതിര്‍ത്തിയിലെ സ്‌ഫോടനം ഉയര്‍ത്തിക്കാട്ടി സിറിയക്കെതിരെ സൈനിക നടപടി നടത്താനാണ് തുര്‍ക്കി പദ്ധതിയിടുന്നത്. നാറ്റോ രാജ്യമായ തുര്‍ക്കിയുടെ സിറിയക്കെതിരായ നടപടികള്‍ക്ക് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. നിലവില്‍ സിറിയയിലെ വിമത സൈന്യത്തിന് തുര്‍ക്കി വഴി സഹായങ്ങള്‍ എത്തുന്നുണ്ട്. അതിനിടെ സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അമേരിക്കയിലെത്തിയിട്ടുണ്ട്. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കാമറൂണ്‍ ചര്‍ച്ച നടത്തും.
സിറിയന്‍ സൈന്യവും പ്രക്ഷോഭകരും കനത്ത ഏറ്റുമുട്ടല്‍ നടത്തുന്നതിനിടെ അതിര്‍ത്തിയിലെ സൈനിക സന്നാഹം തുര്‍ക്കി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, വിമതര്‍ ആധിപത്യം സ്ഥാപിച്ചിരുന്ന പ്രക്ഷോഭ മേഖലകളില്‍ സൈന്യം കനത്ത മുന്നേറ്റം നടത്തിയതായും തലസ്ഥാനമായ ദമസ്‌കസിലെ വിമത കേന്ദ്രങ്ങളുടെ നിയന്ത്രണം സൈന്യം പൂര്‍ണമായും തിരിച്ചുപിടിച്ചെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമതര്‍ അടച്ച് പൂട്ടിയ ജോര്‍ദാനിലേക്കുള്ള ദേശീയ പാത സൈന്യം തുറന്നു. വ്യോമാക്രമണമടക്കമുള്ള ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് ദമസ്‌കസ് പട്ടണങ്ങളുടെ അധികാരം സൈന്യം തിരിച്ചുപിടിച്ചതെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
അതിനിടെ, രണ്ട് വര്‍ഷമായി സിറിയയില്‍ നടക്കുന്ന വിമത പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 82,000 ആയതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. 12,500 പേരെ പ്രക്ഷോഭത്തിനിടെ കാണാതായിട്ടുണ്ടെന്നും ലക്ഷക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും സംഘടനാ വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു. വിശദമായ റിപ്പോര്‍ട്ട് യു എന്നില്‍ സമര്‍പ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here