റോഡുകളിലെ കൈയേറ്റങ്ങളും അനധികൃത ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യണം: കലക്ടര്‍

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 11:08 pm
SHARE

മലപ്പുറം: സംസ്ഥാന-ദേശീയ പാതകളിലെ കയ്യേറ്റങ്ങളും പരസ്യബോര്‍ഡുകളും സ്ഥാപിച്ചവര്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന റോഡ് സുരക്ഷാ സമിതി യോഗത്തിലാണ് കലക്റ്റര്‍ ഇക്കാര്യം അറിയിച്ചത്.

വാഹന ഗതാഗതത്തിനും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം റോഡിലേക്ക് ഇറക്കി കെട്ടിയതും ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്ന വിധം വളവുകളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകളും നീക്കം ചെയ്തില്ലെങ്കില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതുമരാമത്ത് പൊലീസ്, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സംയുക്തമായി നീക്കം ചെയ്യും.
സ്ഥിരമായി അപടകടമുണ്ടാവുന്ന പുല്ലാനൂരില്‍ റോഡിന്റെ പ്രതലം പരുക്കനാക്കാനും ആവശ്യമായ മറ്റ് സുരക്ഷാ സംവിധാനമൊരുക്കാനും പൊതുമരാമത്ത് റോഡ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. മഞ്ചേരി – വഴിക്കടവ് റോഡില്‍ മരമില്ലുകളോടനുബന്ധിച്ച് റോഡില്‍ കൂട്ടിയിട്ടിരിക്കുന്ന മരങ്ങള്‍ നീക്കം ചെയ്യും.
റോഡിന്റെ വശങ്ങളില്‍ ഉണങ്ങി വീഴാറായി നില്‍ക്കുന്ന മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റും. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ദൂരം, സ്ഥലം, മുന്നറിയിപ്പുകള്‍ എന്നിവ കാണിക്കുന്ന ബോര്‍ഡുകള്‍ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.
പൂവാല ശല്യം തടയുന്നതിന് പ്രത്യേക നിരീക്ഷണമുണ്ടാകും. റോഡരികില്‍ അനധികൃതമായി നിര്‍മിച്ച പൂവാലന്‍മാരുടെ ഇരിപ്പിടങ്ങള്‍ നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു.
എ ഡി എം. പി മുരളീധരന്‍, ആര്‍ ടി ഒ. വി സുരേഷ്‌കുമാര്‍, സബ് കലക്ടര്‍ ടി മിത്ര, ഡെപ്യൂട്ടി കലക്ടര്‍ എം വി കൃഷ്ണന്‍കുട്ടി, പൊലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here