ചരിത്രത്തിലേക്ക് വാതില്‍ തുറന്ന് നാണയപ്രദര്‍ശനം

Posted on: May 14, 2013 5:59 am | Last updated: May 13, 2013 at 10:51 pm
SHARE

മാനന്തവാടി: വയനാട് നുമിസ്മാറ്റിക്‌സ് ക്ലബ്ബ് മാനന്തവാടി വ്യാപാരഭവനില്‍ സംഘടിപ്പിച്ച നാണയപ്രദര്‍ശനം കാണികള്‍ക്കുമുന്നില്‍ തുറന്നിട്ടത് ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കുമുള്ള വാതായനം. സ്വാന്തന്ത്ര്യലബബ്ദിക്കു മുന്‍പും പിന്‍പും ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നതടക്കം നാണയങ്ങളാണ് പ്രദര്‍ശനത്തിനുവെച്ചത്.

പുരാതനകാലത്തേത് ഉള്‍പ്പെടെ നാണയങ്ങളുടെ സമ്പാദനവും അവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനവും ഹോബിയാക്കിയ മാനന്തവാടിയിലെ കെ.എം. റഫീഖ്, ബിജോഷ് മാനുവല്‍, പി.പ്രഭാകരന്‍, വെള്ളമുണ്ടയിലെ സി.വി.സിറാജ് എന്നിവരുടെ ശേഖരത്തില്‍ ഉള്ളതാണ് പ്രദര്‍ശിപ്പിച്ച നാണയങ്ങളില്‍ അധികവും. തങ്കം, വെള്ളി, ചെമ്പ്, നിക്കല്‍ എന്നിവയില്‍ തീര്‍ത്തതായിരുന്നു നാണയങ്ങള്‍. മാനന്തവാടിയിലെ ഡോ.സുരേഷ്‌കുമാറിന്റെ ശേഖരത്തിലുള്ള അപൂര്‍വ കറന്‍സികളും പ്രദര്‍ശനത്തിനു വെച്ചിരുന്നു.
പ്രദര്‍ശിപ്പിച്ചതില്‍ മഗധയിലും മൗര്യ സാമ്രാജ്യത്തിലും ഉപയോഗിച്ചിരുന്ന ‘കാര്‍ഷാ പണം’, ബി.സി. നാലാം നൂറ്റാണ്ടില്‍ ഗാന്ധാര ജനപഥത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയം, കുഷാന, ഗോറി, ഖില്‍ജി രാജവംശങ്ങളുടെ കാലത്തെ നാണയങ്ങള്‍, 1616ല്‍ രൂപീകരിച്ച ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ‘റോയാലിന്‍’, ‘വരാഹന്‍’, ‘കാസ്’, 1602ല്‍ നിലവില്‍വന്ന ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചിറക്കിയ ‘ഡൂയിറ്റ്’, ‘ചാലിസ്’, 1666ല്‍ രൂപീകരിച്ച ഫ്രഞ്ച്-ഇന്ത്യാ കമ്പനി പുതുശേരി കമ്മട്ടത്തില്‍ തയാറാക്കിയ പേര്‍ഷ്യന്‍ അക്ഷരങ്ങള്‍ കൊത്തിയ ‘പണം’, വിക്‌ടോറിയ രാജ്ഞിയുടെ യൗവനകാല ചിത്രം പതിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി പുറത്തിറക്കിക്കിയ ഒരു രൂപ, രണ്ടണ നാണയങ്ങള്‍, ബോംബെയില്‍ അടിച്ചിറക്കിയ തലശേരി വെള്ള എന്നറിയപ്പെടുന്ന മലബാര്‍ നാണയം, 1919ല്‍ വെള്ളി ക്ഷാമകാലത്ത് അര രൂപ, കാല്‍ രൂപ നാണയങ്ങള്‍ക്ക് പകരം നിക്കിലില്‍ തയാറാക്കിയ എട്ടണ, നാലണ നാണയങ്ങള്‍, പഴശി രാജാവിന്റെ നിര്യാണവുമായി ബന്ധപ്പെടുത്തി ബ്രിട്ടീഷുകാര്‍ പുറത്തിറക്കിയ തലശേരിത്തുട്ട് തുടങ്ങിയവ റഫീഖിന്റെ ശേഖരത്തിലുള്ളതാണ്. ശ്രീലങ്ക, ഇംഗ്ലണ്ട്, തായ്‌ലന്റ്, ബഹ്‌റിന്‍, അമേരിക്ക, യു.എ.ഇ., ഫിലിപ്പീന്‍സ്, സൗദി അറേബ്യ, ഒമാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ ദേശങ്ങളില്‍ പ്രചാരത്തില്‍ ഉള്ളതും ഉണ്ടായിരന്നതുമായ നാണയങ്ങളുടെ ശേഖരമാണ് സിറാജ് പ്രദര്‍ശിപ്പിച്ചത്. തങ്കം, വെള്ളി നായണയങ്ങള്‍ മാത്രം ഉള്‍പ്പെടുന്നതായിരുന്നു വയനാട് നുമിസ്മാറ്റിക്‌സ് ക്ലബ്ബ് സെക്രട്ടറിയുമായ ബിജോഷ് മാനുവല്‍ പ്രദര്‍ശനത്തിനുവെച്ച ശേഖരം.
1800 വര്‍ഷം പഴക്കമുള്ള റോമന്‍, 1200 വര്‍ഷത്തെ ചരിത്രമുള്ള അബാസിയന്‍ ഉള്‍പ്പെടെ 400 ഓളം തങ്കം, വെള്ളി നായണയങ്ങളാണ് ബിജോഷിന്റെ ശേഖരത്തില്‍.
ഡല്‍ഹി സുല്‍ത്താനായിരുന്ന ഷേര്‍ഷാ സൂരിയാണ് എ.ഡി.1540ല്‍ ഇന്ത്യയില്‍ ആദ്യമായി രൂപ, നാണയങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് നുമിസ്മാറ്റിക്‌സ് ക്ലബ്ബ് പ്രസിഡന്റ് പി.എ.വറുതുണ്ണി പറഞ്ഞു.
‘1835ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയാണ് ഇന്ത്യയില്‍ ഏകീകൃത നാണയവ്യവസ്ഥ നടപ്പിലാക്കിയത്.
നിലവിലെ രൂപ, പൈസ സംവിധാനം 1957ലാണ് പ്രാബല്യത്തില്‍വന്നത്. നാണയശേഖരത്തില്‍ കമ്പമുള്ളവരെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് ഇന്ത്യയിലെ നാണയങ്ങള്‍ അമൂല്യമാണ്. തങ്കം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളില്‍ മാത്രമാണ് ആദ്യകാലത്ത് അടച്ചിറക്കിയിരുന്നത്.
അനേകം നാട്ടുരാജാക്കന്മാരുടെ നായണങ്ങളും ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു’-വറുതുണ്ണി പറഞ്ഞു. സ്വാതന്ത്ര്യലബ്ദിക്കുശേഷമുള്ള നാണയങ്ങളെ സര്‍ക്കുലേറ്റഡ്, അണ്‍ സര്‍ക്കുലേറ്റഡ് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന 1000 രൂപയുടേതടക്കം നാണയങ്ങളും പ്രദര്‍ശനത്തെ ആകര്‍ഷകമാക്കി. പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി പ്രദര്‍ശനം കണ്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here