സി പി എമ്മിലെ പ്രശ്‌നങ്ങള്‍

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 11:01 pm
SHARE
vs staff
എ. സുരേഷ്, വി.കെ ശശിധരന്‍, കെ. ബാലകൃഷ്ണന്‍

സി പി എം കേന്ദ്ര നേതൃത്വവും ഒടുവില്‍ വി എസിനെ കൈവിടുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ വി എസിന്റെ മൂന്ന് വിശ്വസ്തര്‍ക്കെതിരായ സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്ക് അംഗീകാരം നല്‍കിയ സി പി എം കേന്ദ്ര കമ്മിറ്റി തീരുമാനം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ ഇനിയും വി എസിനോട് മൃദുസമീപനമില്ലെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.
വി എസിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ്, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍ എന്നിവര്‍ വര്‍ഷങ്ങളായി സി പി എം കേരള ഘടകം ഔദ്യോഗിക വിഭാഗത്തിന്റെ നോട്ടപ്പുള്ളികളാണ്. പാര്‍ട്ടി രഹസ്യങ്ങളും രേഖകളും സെക്രട്ടേറിയറ്റ് യോഗങ്ങളിലെ ചര്‍ച്ചകളും തീരുമാനങ്ങളുമെല്ലാം മാധ്യമങ്ങളിലെത്തുന്നതിന്റെ പിന്നില്‍ ഇവരാണെന്ന് സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നു. പാര്‍ട്ടി വാര്‍ത്തകള്‍ ചോരുന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം ശരി വെച്ചതോടെയാണ് സംസ്ഥാന നേതൃത്വം അവര്‍ക്കെതിരെ നടപടിക്ക് തീരുമാനിച്ചത്. പ്രശ്‌നം കേന്ദ്ര കമ്മിറ്റിയിലെത്തിയപ്പോള്‍, തലമുതിര്‍ന്ന നേതാവായ വി എസിനെ പിണക്കുന്ന നടപടി പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലില്‍ തത്കാലം മരവിപ്പിക്കുകയായിരുന്നു. അന്ന് ബംഗാള്‍ ഘടകവും സീതാറാം യെച്ചൂരിയുമാണ് പ്രധാനമായും വി എസിന് അനുകൂലമായി രംഗത്ത് വന്നത്. ഇതോടൊപ്പം പാര്‍ട്ടിയിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന നിര്‍ദേശവും കേന്ദ്ര നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിച്ച് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നതിന് പകരം പിന്നെയും സംസ്ഥാന നേതൃത്വത്തിനെതിരായ പരസ്യ പ്രസ്താവനകളും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുമായി വി എസ് മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് മൂന്ന് വിശ്വസ്തര്‍ക്കെതിരായ സംസ്ഥാന ഘടകത്തിന്റെ അച്ചടക്ക നടപടിക്ക് പച്ചക്കൊടി കാട്ടാന്‍ കേന്ദ്ര നേതൃത്വം നിര്‍ബന്ധിതമായത്.
vs 2വി എസിനെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം നിരാകരിച്ച കേന്ദ്ര നിലപാട് വി എസിന് താത്കാലിക ആശ്വാസമാണെങ്കിലും, അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുളള രാഷ്ട്രീയ തന്ത്രമായി വേണം ഇതിനെ കാണാന്‍. ഇതിലൂടെ വി എസിന് ഒരവസരം കൂടി നല്‍കിയ കേന്ദ്ര നേതൃത്വം, വിഭാഗീയ പ്രവര്‍ത്തനങ്ങളും, പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന പരസ്യ പ്രസ്താവനകളും ഇനിയും തുടരുകയാണെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിനെതിരെ ശക്തമായ നടപടിക്ക് തുനിയുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും കര്‍ഷകരുടെയും പാര്‍ട്ടിയെന്നാണ് സി പി എം അറിയപ്പെടുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയിലും നിലനില്‍പിലും മുഖ്യപങ്ക് വഹിക്കുന്ന ആ വിഭാഗത്തെ വിസ്മരിച്ചു മുതലാളിത്വത്തിലേക്കും ഫ്യൂഡലിസത്തിലേക്കും സംസ്ഥാന നേതൃത്വം വഴുതി മാറുന്നുവെന്നതാണ് വി എസിന്റെ പ്രധാന പരാതി. ഈ ആരോപണത്തില്‍ വസ്തുതയുമുണ്ട്. ഈ വീഴ്ചയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചെടുക്കേണ്ടത് പക്ഷേ സംസ്ഥാന നേതൃത്വത്തെ മാധ്യമങ്ങളിലൂടെ വിചാരണ ചെയ്തുകൊണ്ടല്ല. പാര്‍ട്ടി വേദികളിലാണ് ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കേണ്ടത്. ലാവ്‌ലിന്‍ കേസ്, ടി പി ചന്ദ്രശേഖരന്‍ വധം തുടങ്ങി പല വിഷയങ്ങളിലും വി എസ് പക്ഷം സ്വീകരിച്ചത് പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടായിരുന്നു. അത് തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വിവേകം അദ്ദേഹം കാണിക്കേണ്ടതുണ്ട്. ഇതോടൊപ്പം പാര്‍ട്ടിയുടെ ഏറ്റവും തഴക്കവും പഴക്കവുമുള്ള നേതാവെന്ന നിലയില്‍ വി എസിന് അര്‍ഹമായ പരിഗണന നല്‍കാന്‍ ഔദ്യോഗിക വിഭാഗവും സന്മനസ്സ് കാണിക്കണം. സംസ്ഥാന നേതൃത്വം തന്നെ ഒറ്റപ്പെടുത്തുന്നുവെന്നതാണല്ലോ വി എസിന്റെ പ്രധാന പരാതി.
ഈയിടെ ചേര്‍ന്ന സി പി എം സംസ്ഥാന കമ്മിറ്റി, പാര്‍ട്ടിയുടെ സമരവീര്യം നഷ്ടപ്പെടുന്നതായും അധ്യാപക സമരം ഉള്‍പ്പെടെ അടുത്ത കാലത്ത് നടത്തിയ സമരങ്ങളെല്ലാം പരാജയമായിരുന്നുവെന്നും വിലയിരുത്തുകയുണ്ടായി. പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഇതിനൊരു പ്രധാന കാരണം. കേഡര്‍ സ്വഭാവവും അച്ചടക്കവും നഷ്ടപ്പെട്ട് വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പെട്ടുഴലുകയാണ് നിലവില്‍ പാര്‍ട്ടി. വ്യക്തി, ഗ്രൂപ്പ് താത്പര്യങ്ങള്‍ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുളള നേതൃത്വത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന് മത്രമേ പാര്‍ട്ടിയുടെ പഴയ അവസ്ഥ വീണ്ടെടുക്കാനാകൂ.